ദില്ലി: സ്ത്രീകളുടെ വിവാഹപ്രായം പതിനെട്ടിൽ നിന്നും 21 ആക്കി ഉയർത്താനുളള ബിൽ (Women Marriage Age 21 ) കേന്ദ്ര സർക്കാർ നാളെ പാർലമെന്റിൽ അവതരിപ്പിക്കും. പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ എതിർപ്പിനെ വകവെക്കാതെയാണ് കേന്ദ്രം ബില്ലുമായി മുന്നോട്ട് പോകുന്നത്. ബിൽ സഭയിൽ എംപിമാർക്ക് വിതരണം ചെയ്തു. വിവാഹപ്രായം ഇരുപത്തിയൊന്നിലേക്ക് ഉയർത്തുന്ന നിയമം എല്ലാ സമുദായങ്ങൾക്കും ബാധകമായിരിക്കും. വിവാഹ പ്രായം ഉയർത്തുമ്പോൾ രാജ്യത്തെ ഏഴ് വിവാഹ നിയമങ്ങളിൽ ഭേദഗതി വരുത്തേണ്ടി വരും.
ഹിന്ദു, ക്രിസ്ത്യൻ, പാഴ്സി വിവാഹനിയമങ്ങൾ മാറും. മുസ്ലിം ശരിഅത്ത് വ്യവസ്ഥയ്ക്കും മുകളിലാകും നിയമം. ബാലവിവാഹ നിരോധന നിയമത്തിൽ ഇത് എഴുതിച്ചേർക്കും. ക്രിസ്ത്യൻ വിവാഹ നിയമം, പാഴ്സി വിവാഹ നിയമം, ഹിന്ദു വിവാഹ നിയമം, സ്പെഷ്യൽ മാരേജ് ആക്ട്, ഹിന്ദു മൈനോരിറ്റി ആൻഡ് ഗാർഡിയൻ ഷിപ്പ് ആക്ട് - 1956, ഫോറിൻ മാരേജ് ആക്ട്, ബാല വിവാഹ നിരോധന നിയമം അടക്കം 7 നിയമങ്ങളാണ് മാറ്റേണ്ടിവരിക.
കഴിഞ്ഞ ബുധനാഴ്ചയാണ് സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കി ഉയർത്താനുള്ള കരട് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. ഇതിനു പിന്നാലെ വിവിധ രാഷ്ട്രീയകക്ഷികളും വനിതാസംഘടനകളും ആക്ടിവിസ്റ്റുകളും ബില്ലിനെതിരെ രംഗത്ത് എത്തി. പ്രതിപക്ഷത്ത് നിന്നും എതിർപ്പ് ഉയർന്നിട്ടുണ്ട്. വിവാഹപ്രായം ഉയർത്തുന്ന ബിജെപി സർക്കാരിന് ഗൂഢ ഉദ്ദേശമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം നിലപാടെടുക്കുമ്പോൾ മറ്റൊരു വിഭാഗം അനുകൂല നിലപാടിലാണ്. ഇത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അതേ സമയം സിപിഎമ്മും സിപിഐയും മുസ്ലിം ലീഗുമടക്കം ബില്ലിനെതിരെ രംഗത്തെത്തി. പാർലമെന്റിൽ ബില്ലിനെ എതിർത്ത് വോട്ടു ചെയ്യുമെന്ന് സമാജ് വാദി പാർട്ടിയും എംഐഎമ്മും അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam