
ദില്ലി: രാജ്യത്തെ പന്ത്രണ്ട് സംസ്ഥാനങ്ങളിലായി 200 പേർക്ക് കൊവിഡ് (Covid 19) വകഭേദമായ ഒമിക്രോൺ (Omicron)ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിതർ ദില്ലിയിലും മഹാരാഷ്ട്രയിലുമാണ്. ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ 77 പേർ രാജ്യം വിടുകയോ, രോഗം ഭേദമാവുകയോ ചെയ്തുവെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. മുംബൈയിലും ദില്ലിയിലുമാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിതരുള്ളത്. 54 പേർ. കേരളത്തിൽ ഇതുവരെ 15 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. വകഭേദത്തിൻറെ വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ ദില്ലിയിൽ അഞ്ച് ആശുപത്രികൾ ഒമിക്രോൺ ചികിത്സയ്ക്ക് മാത്രമാക്കി മാറ്റി. ബിഎംസി ഉൾപ്പടെ മഹാരാഷ്ട്രയിലെ മുൻസിപ്പൽ കോർപ്പറേഷനുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെയുള്ള നടപടികളും ശക്തമാക്കി.
അതേസമയം രാജ്യത്ത് ഒമിക്രോൺ വ്യാപനം തീവ്രമാകുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് കേന്ദ്രത്തിൻറെ കൊവിഡ് ഗവേഷക സംഘം വ്യക്തമാക്കുന്നത്. വാക്സീനുണ്ടാക്കുന്ന പ്രതിരോധ ശേഷി മറികടക്കാൻ വൈറസിന് ശേഷിയുണ്ടെന്നതിനും നിലവിൽ തെളിവില്ല. വകഭേദത്തെ കുറിച്ചുള്ള സൂക്ഷ്മമായ പഠനം പുരോഗമിക്കുകയാണെന്നും ഇവർ വാർത്താ കുറിപ്പിൽ അറിയിച്ചു. കൊവിഡ് പ്രതിരോധത്തിനായി അടിസ്ഥാന സൗകര്യം ഒരുക്കാൻ 23,000 കോടി രൂപ സംസ്ഥാനങ്ങൾക്കായി അനുവദിച്ചതായി കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രി പാർലമെൻറിൽ അറിയിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam