
ന്യൂഡൽഹി: തലസ്ഥാനത്തെ പ്രതിഷേധസമരങ്ങളുടെ റിപ്പോർട്ടിങ്ങിനെത്തുന്ന മാധ്യമപ്രവർത്തകർക്ക് മാർഗനിർദേശങ്ങളുമായി ഡൽഹി പൊലീസ്. കഴിഞ്ഞദിവസങ്ങളിൽ പൊലീസുകാർ വനിതാ മാധ്യമപ്രവർത്തകരെ അടക്കം ഉപദ്രവിച്ചെന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് പ്രതിഷേധവേദിയിലെ റിപ്പോർട്ടിങ്ങിന് ഡൽഹി പൊലീസ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.
പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവർത്തകർ ഐഡി കാർഡ് എല്ലായ്പ്പോഴും കരുതണമെന്നും ഇത് ശരിയായി കാണുന്നരീതിയിൽ ധരിക്കണമെന്നതുമാണ് പ്രധാന നിർദേശം. പൊലീസ് നടപടികളെ തടസ്സപ്പെടുത്തുന്ന രീതിയിൽ ഇടപെടരുത്. സംഘർഷസാഹചര്യങ്ങളിൽ സുരക്ഷിത അകലം പാലിക്കണം തുടങ്ങിയ നിർദേശങ്ങളുമുണ്ട്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾക്കിടെയാണ് വനിതാ മാധ്യമപ്രവർത്തകരെ പൊലീസുകാർ ഉപദ്രവിച്ചെന്ന ആരോപണവും ഉയർന്നത്. വനിതാ മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്തെന്നും ലൈംഗികമായി ഉപദ്രവിച്ചെന്നുമായിരുന്നു പരാതി. ഇതിനിടെ, ആരോപണം നേരിടുന്ന എസിപി വിവേക് ഭഗത്തിന്റെ പ്രൊമോഷൻ ഉത്തരവ് മരവിപ്പിക്കുകയുംചെയ്തിരുന്നു.
അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ചൊവ്വാഴ്ച വൻ സമരങ്ങളാണ് ഡൽഹിയിൽ നടക്കാനിരിക്കുന്നത്. ഇന്ത്യാസഖ്യവും പ്രതിപക്ഷ എംപിമാരും മുഖ്യമന്ത്രിമാരും അടക്കം ചൊവ്വാഴ്ച നടക്കുന്ന മാർച്ചിൽ പങ്കെടുക്കും. ഗാന്ധിജയന്തി ദിനത്തിലാണ് ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം ആരംഭിച്ചത്. വിവിധ വിദ്യാർഥി-യുവജന സംഘടനകളുടെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞദിവസം വരെ സമരം. ഇതാണ് കോൺഗ്രസും ഇന്ത്യാസഖ്യവും പ്രതിപക്ഷവും ഏറ്റെടുക്കുന്നത്. ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്കാണ് ഇന്ത്യാസഖ്യത്തിലെ നേതാക്കളും പ്രവർത്തകരും മാർച്ച് നടത്തുന്നത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കേരളം മുഖ്യമന്ത്രി വി ഡി സതീശൻ തുടങ്ങിയവർ മാർച്ചിൽ അണിനിരക്കും. അതേസമയം, ആംആദ്മി പാർട്ടി ഈ മാർച്ചിൽ പങ്കെടുക്കില്ല. വിഷയത്തിൽ സ്വന്തംനിലയിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് ആംആദ്മി പാർട്ടിയുടെ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam