
കേന്ദ്ര ഭരണം നിലനിൽക്കുന്ന പുതുച്ചേരിയിൽ ഇത്തവണ ഭരണം നിലനിർത്താൻ ഭൂരിപക്ഷ ഘടകമായ എൻ.ആർ കോൺഗ്രസിനെ മുൻ നിർത്തിയാണ് ബിജെപിയുടെ നീക്കങ്ങൾ ഒരുങ്ങുന്നത്. കഴിഞ്ഞ 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ 10 സീറ്റിൽ ഭൂരിപക്ഷം കിട്ടിയ എൻ.ആർ കോൺഗ്രസും ആറു സീറ്റ് നേടിയ ബിജെപിയും പൊടുന്നനെ ഉരുത്തിരിഞ്ഞ ധാരണയിലാണ് അന്ന് ഭരണം പടിച്ചെടുക്കുന്നത്. പുതുച്ചേരിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി സ്ഥാനം അടക്കിവാണ എൻ. രംഗസ്വാമി വീണ്ടും മത്സരത്തിനായി ഇറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞൊന്നും എൻഡിഎ പ്രതീക്ഷിക്കുന്നില്ല. അതേസമയം, 33 നിയമസഭാ സീറ്റുകളിൽ മൂന്ന് സീറ്റുകളിൽ കേന്ദ്ര നോമിനിയും അടങ്ങുന്ന പുതുച്ചേരിയിൽ ഡിഎംകെ കോൺഗ്രസ് സഖ്യത്തിന് ഇത് അഭിമാന പോരാട്ടം കൂടിയാണ്.
തമിഴും, ഇഗ്ലീഷും, പൊതുവെ സംസാരത്തിൽ പ്രകടമാകുന്നുണ്ടെങ്കിലും ചരിത്രത്തെ അടയാളപ്പെടുത്തുന്ന ഫ്രഞ്ച് പ്രയോഗവും ഭാഷാ വൈവിധ്യങ്ങളും പുതുച്ചേരിയുടെ പ്രത്യേകതകളാണ്. 1962ലാണ് ഫ്രഞ്ച് കോളനികളിൽ ഒന്നായിരുന്ന പുതുച്ചേരി നിയമപ്രകാരം കേന്ദ്രഭരണ പ്രദേശമായി മാറ്റുന്നത്. 1947ൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ഇന്ത്യ മോചനം നേടിയിരുന്നെങ്കിലും ഫ്രഞ്ച് അധികാരത്തിൽ നിന്നും പുതുച്ചേരി വിഘടിക്കാൻ കാലങ്ങൾ എടുത്തതും ചരിത്രമാണ്. പന്നീട് നടന്ന 1964 ലെ പൊതു തെരഞ്ഞെടുപ്പിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആദ്യ സർക്കാർ രൂപീകരിക്കുന്നത്. 30 സീറ്റിൽ 22 സീറ്റ് ഭൂരിപക്ഷത്തിലെ വിജയം പുതച്ചേരിയിൽ കോൺഗ്രസിന് രാഷ്ട്രീയ അപ്രമാധിപത്യമാണ് നൽകിയിരുന്നത്.
കോൺഗ്രസിന്റെ ഭാഗമായിരുന്ന എൻ രംഗസ്വാമി പാർട്ടിയിലെ കലഹങ്ങളുടെ ഭാഗമായാണ് കോൺഗ്രസ് വിടുന്നത്. 2006ലെ തെരഞ്ഞെടുപ്പിനു ശേഷമാണ് മുഖ്യമന്ത്രിയായിരുന്ന എൻ. രംഗസ്വാമി രാജിവെക്കുന്നതും പിന്നീട് എൻ.ആർ കോൺഗ്രസ് എന്ന പാർട്ടി രൂപീകരിച്ച് 2011ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിക്കുന്നതും. അന്ന് എഐഡിഎംകെയുമായി സഖ്യത്തിൽ എഐഎൻആർസി അധികാരത്തിൽ വന്നു. അതേസമയം പാർട്ടിയിലെ പടലപിണക്കങ്ങൾ കോൺഗ്രസിന് പുതുച്ചേരിയുടെ ഭരണം നഷ്ടമാകുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിച്ചു. കൂറുമാറിയ രംഗസ്വാമിയുടെ വിജയം അന്ന് തിരിച്ചടിയായി മാറിയിരുന്നു. കോൺഗ്രസിൽ നിന്നും പൊരുതിയിറങ്ങിയ എൻ രംഗസ്വാമിക്ക് സഖ്യ സർക്കാരിലൂടെ മുഖ്യമന്ത്രി സ്ഥാനവും ലഭിച്ചു. കോൺഗ്രസിനെ കൂടാതെ പുതുച്ചേരിയിൽ വേരുറപ്പിച്ച കമ്മ്യൂണിറ്റ് പാർട്ടിക്കും, ഡിഎംകെക്കും പുതിയ വെല്ലുവിളിയായി എൻആർ കോൺഗ്രസ് അപ്പോഴേക്കും പുതുച്ചേരിയിൽ മാറിയിരുന്നു.
സംഘടനാ ശേഷിയിൽ പോരായ്മ ബിജെപിയെ എക്കാലവും പുതുച്ചേരിയുടെ രാഷ്ട്രീയത്തിൽ നിന്നും അകറ്റിയിരുന്നു. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 6 സീറ്റിന്റെ നേട്ടം ബിജെപിയെ സഖ്യ സർക്കാരുണ്ടാക്കാനും ഭരണം കൈപ്പിടിയിലാക്കാനും സാധ്യമാക്കി. അതിന്റെ ആദ്യ ഘട്ടമെന്നോണം കേന്ദ്ര സർക്കാർ നോമിനിയിൽ ബിജെപി അംഗത്തെ നിയമസഭയിലെത്തിച്ച് പ്രാധിനിത്യം ഉറപ്പുവരുത്തി. പിന്നീട് മറ്റു പാർട്ടികളിൽ നിന്നും കൂറുമാറിയ എംഎൽഎമാരെ അടർത്തിയെടുത്ത് നിയമസഭയിൽ വേരോട്ടം ഉറപ്പിച്ചിരുന്നു. 2016ലും 2018ലും ഒരോ മണ്ഡലത്തിലും വോട്ട് ഷെയർ വർധിപ്പിച്ചുകൊണ്ടായിരുന്നു പടിപടിയായിട്ടുള്ള ബിജെപിയുടെ വളർച്ച. ഈ വരുന്ന തെരഞ്ഞെടുപ്പിൽ എഐഡിഎംകെ, എൻ.ആർ കോൺഗ്രസ്, സംഖ്യത്തിൽ എൻഡിഎ കളത്തിലിറങ്ങുമ്പോൾ ഒരു സർവ്വാധിപത്യത്തിലേക്കാണ് എൻ.ആർ കോൺഗ്രസിലൂടെ ബിജെപി എത്താൻ ശ്രമിക്കുന്നതും.
പുതുച്ചേരിയിൽ അട്ടിമറി വിജയം പ്രതീക്ഷിച്ചാണ് ഇത്തവണ കോൺഗ്രസ്-ഡിഎംകെ സഖ്യം മത്സരിക്കുന്നത്. അതേസമയം, സീറ്റ് വിഭജനത്തിൽ വന്ന കല്ലുകടി ഇത്തവണ വിനയായേക്കാം. ഡിഎംകെ മത്സരിക്കാൻ ആവശ്യപ്പെട്ട സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി നാമനിർദ്ദേശം നൽകിയതോടെ ഉടലെടുത്ത പ്രശ്നങ്ങൾ കോൺഗ്രിസിന് തിരിച്ചടിയാകാനിടയുണ്ട്. അതേസമയം ലോട്ടറിരാജാവ് സാന്റിയാഗോ മാർട്ടിന്റെ മകൻ ജോസ് ചാൾസ് മാർട്ടിൻ നേതൃത്വം നൽകുന്ന ലക്ഷ്യ ജനനായക കക്ഷിയെ (എൽ.ജെ.കെ) മുന്നണിയിലെടുക്കാനുള്ള ബി.ജെ.പി. നീക്കത്തിൽ രംഗസ്വാമിക്കുള്ള പ്രതിഷേധം സീറ്റ് വിഭജന ചർച്ചയിൽ ബിജെപിയെ ഉലച്ചിരുന്നു.
1964ലെ ആദ്യ തെരഞ്ഞെടുപ്പുകളിലെ ഫലം കോൺഗ്രസിന് അനുകൂലമായതും തുടർന്ന് മാറി മാറി ഭരണം പിടിച്ചടക്കാൻ കഴിഞ്ഞിരുന്നെങ്കിലും പിന്നീട് അങ്ങോട്ട് അത് ആവർത്തിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. 2021ൽ കോൺഗ്രസിന് ആകെ കിട്ടിയത് രണ്ട് സീറ്റുകൾ മാത്രമായിരുന്നു. എന്നാൽ ഡിഎംകെ ആകട്ടെ ആറ് സീറ്റുകളും നേടി രണ്ടാം സ്ഥാനത്തുമായിരുന്നു. സഖ്യകക്ഷിയായിരുന്നെങ്കിലും ഭൂരിപക്ഷം ഉറപ്പിക്കാൻ കഴിയാതെ വന്നതോടെ മുന്നണിക്ക് പ്രതിപക്ഷത്തേക്ക് ഒതുങ്ങേണ്ടിവന്നു.
എഎൻആർസി - 10
ഡിഎംകെ - 6
ബിജെപി - 6
കോൺഗ്രസ് - 2
സ്വതന്ത്രർ - 6
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam