
ചണ്ഡിഗഡ്: കൂടിക്കാഴ്ച്ചയ്ക്ക് രാഷ്ട്രപതി ദ്രൗപതി മുർമ്മു സമയം അനുവദിച്ചെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. എഎപി വിട്ട് ബിജെപിയിൽ എത്തിയ 7 എംപിമാരെ തിരിച്ചുവിളിക്കണമെന്ന് (Recall) രാഷ്ട്രപതിയോട് അഭ്യർത്ഥിക്കും. മെയ് അഞ്ചാം തിയതി ഉച്ചയ്ക്ക് 12 മണിക്കാണ് കൂടിക്കാഴ്ച. കൂടിക്കാഴ്ച്ചയിൽ എംഎൽഎമാർ ഒപ്പം ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല.
രാജ്യസഭയിലെ 10 എഎപി എംപിമാരിൽ ഏഴ് പേർ കഴിഞ്ഞ ഏപ്രിൽ 24-നാണ് എഎപി വിട്ടത്. രാഘവ് ഛദ്ദ, സന്ദീപ് പഥക്, അശോക് കുമാർ മിത്തൽ, ഹർഭജൻ സിംഗ്, രാജീന്ദർ ഗുപ്ത, വിക്രംജിത് സിംഗ് സാഹ്നി, സ്വാതി മലിവാൾ എന്നിവരാണ് പാർട്ടി വിട്ടത്. ഇതിൽ ആറു പേർ പഞ്ചാബിൽ നിന്നുള്ളവരും ഒരാൾ ദില്ലിയിൽ നിന്നുള്ളയാളുമാണ്. ഈ എംപിമാരുടെ അംഗത്വം റദ്ദാക്കണമെന്നും അവരെ തിരികെ വിളിക്കാൻ അനുവദിക്കണമെന്നുമാണ് ഭഗവന്ത് മന്നിന്റെ പ്രധാന ആവശ്യം.
കൂറുമാറിയ എംപിമാരെ ഔദ്യോഗികമായി പുറത്താക്കണമെന്ന് ആവശ്യപ്പെടാൻ പഞ്ചാബിലെ എഎപി എംഎൽഎമാരുടെ ഒരു പ്രതിനിധി സംഘത്തോടൊപ്പം രാഷ്ട്രപതിയെ കാണാനാണ് മുഖ്യമന്ത്രി ആദ്യം പദ്ധതിയിട്ടിരുന്നത്. ബുധനാഴ്ച ചണ്ഡിഗഡിൽ നടന്ന വാർത്താ സമ്മേളനത്തിൽ രാഷ്ട്രപതി കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ച വിവരം അദ്ദേഹം പങ്കുവെച്ചെങ്കിലും, എംഎൽഎമാർ ഒപ്പമുണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.
അതേസമയം, തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയെ കാലാവധിക്ക് മുൻപ് തിരിച്ചുവിളിക്കാൻ ഇന്ത്യൻ ഭരണഘടനയിൽ നിലവിൽ വ്യവസ്ഥകളില്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയുടെ ഒരു ഷെഡ്യൂളിലും ഇത്തരമൊരു നിയമമില്ലെന്നും, അതിനാൽ തന്നെ ഈ ആവശ്യത്തിന് നിയമസാധുത കുറവാണെന്നും മുൻ പഞ്ചാബ് അഡ്വക്കേറ്റ് ജനറൽ അശോക് അഗർവാൾ വ്യക്തമാക്കി. രാഷ്ട്രീയമായ നീക്കമെന്നതിനപ്പുറം ഇതിന് നിയമപരമായ നിലനിൽപ്പില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
മുഖ്യമന്ത്രിയുടെ ഈ നീക്കത്തെ രാഷ്ട്രീയ നാടകം എന്നാണ് പ്രതിപക്ഷമായ ശിരോമണി അകാലിദൾ വിശേഷിപ്പിച്ചത്. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം എംപിമാർക്കെതിരെ നടപടിയെടുക്കുന്നത് പാർലമെന്റിന്റെ അധികാര പരിധിയിൽ വരുന്ന കാര്യമാണെന്നും ഇതിൽ രാഷ്ട്രപതിക്ക് പ്രത്യേക അധികാരങ്ങളില്ലെന്നും അകാലിദൾ നേതാവ് ദൽജിത് സിംഗ് ചീമ പറഞ്ഞു. ഭഗവന്ത് മൻ നടത്തുന്നത് രാഷ്ട്രീയ നീക്കമാണെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam