ദിവസങ്ങൾക്ക് മുൻപ് ഓൺലൈനിൽ ബൈക്ക് ടാക്സി ബുക്ക് ചെയ്ത യുവാവാണ് പൊലീസ് സേനയുടെ അടയാളങ്ങളുള്ള ബൈക്ക് ടാക്സി സർവീസിന് ഉപയോ​ഗിക്കുന്നതായി വെളിപ്പെടുത്തിയത്. ഇതിന്റെ വീഡിയോ​​ദൃശ്യങ്ങളും യുവാവ് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.

ഹൈദരാബാദ്: പൊലീസ് സേനയുടെ ഔദ്യോ​ഗിക ബൈക്ക് ഓൺലൈൻ ടാക്സി സർവീസിനായി ഉപയോ​ഗിച്ച് എസ്ഐയുടെ മകൻ. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം. എനുമാമുല പൊലീസ് സ്റ്റേഷനിലെ എസ്ഐയായ ശങ്കറിന് ഔദ്യോ​ഗിക ആവശ്യത്തിന് ഉപയോ​ഗിക്കാൻ നൽകിയ ബൈക്കാണ് അദ്ദേഹത്തിന്റെ മകൻ ബൈക്ക് ടാക്സിയായി ഉപയോ​ഗിച്ചത്. സംഭവത്തിൽ എസ്ഐക്കെതിരേ അച്ചടക്ക നടപടി ആവശ്യപ്പെട്ട് മേലുദ്യോ​ഗസ്ഥർക്ക് റിപ്പോർട്ട് നൽകിയതായി എനുമാമുല സിഐ ജെ. സുരേഷ് പറഞ്ഞു.

ദിവസങ്ങൾക്ക് മുൻപ് ഓൺലൈനിൽ ബൈക്ക് ടാക്സി ബുക്ക് ചെയ്ത യുവാവാണ് പൊലീസ് സേനയുടെ അടയാളങ്ങളുള്ള ബൈക്ക് ടാക്സി സർവീസിന് ഉപയോ​ഗിക്കുന്നതായി വെളിപ്പെടുത്തിയത്. ഇതിന്റെ വീഡിയോ​​ദൃശ്യങ്ങളും യുവാവ് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.

അംബേദ്കർ ജങ്ഷനിൽനിന്ന് സുബേദാരിയിലേക്കാണ് യുവാവ് ഓൺലൈനിൽ ബൈക്ക് ടാക്സി ബുക്ക് ചെയ്തത്. യാത്രയ്ക്കായി ബൈക്ക് ടാക്സി എത്തിയതോടെയാണ് വാഹനത്തിലെ പൊലീസിന്റെ ചില അടയാളങ്ങളും യുവാവ് ശ്രദ്ധിച്ചത്. ഇതേക്കുറിച്ച് വാഹനം ഓടിച്ചയാളോട് ചോദിച്ചപ്പോൾ ഇത് പൊലീസ് ബൈക്കാണെന്ന് ഇയാൾ സമ്മതിച്ചു. ഒരു പൊലീസ് ഉദ്യോ​ഗസ്ഥന്റെ ബൈക്കാണിതെന്നും താൻ ബൈക്ക് ടാക്സിയായി ഉപയോ​ഗിക്കുകയാണെന്നും ഡ്രൈവർ പറഞ്ഞു. ഇതെല്ലാം യുവാവ് ചിത്രീകരിച്ച് പിന്നീട് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ വിവാദമായി. തുടർന്നാണ് സംഭവത്തിൽ സിഐ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.

സ്റ്റേഷനിലെ എസ്ഐയായ ശങ്കറിന് ഔദ്യോ​ഗിക ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കാനായാണ് ഈ ബൈക്ക് നൽകിയതെന്ന് സിഐ മാധ്യമങ്ങളോട് പറഞ്ഞു. എസ്ഐയുടെ മകനാണ് ബൈക്ക് ടാക്സി സർവീസിനായി ഉപയോ​ഗിച്ചത്. വിഷയത്തിൽ എസ്ഐയ്ക്ക് താക്കീത് നൽകിയതായും അച്ചടക്ക നടപടി ശുപാർശചെയ്ത് മേലുദ്യോ​ഗസ്ഥന് റിപ്പോർട്ട് സമർപ്പിച്ചതായും സിഐ വ്യക്തമാക്കി.