
ദില്ലി: പഞ്ചാബിൽ (Punjab) അട്ടിമറി. ആദ്യ ഫല സൂചനകൾ ( Punjab election result 2022 ) ആംആദ്മിക്ക് അനുകൂലം. എക്സിറ്റ് പോൾ ഫലങ്ങളെ ശരിവെച്ച് ആദ്യഘട്ടത്തിൽ തന്നെ 'ആപ്പ് ' മുന്നിലേക്കെത്തി. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ അരമണിക്കൂറിൽ കോൺഗ്രസുമായി ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വെച്ച ആംആദ്മി പാർട്ടി ഒരു മണിക്കൂർ പിന്നിട്ടപ്പോൾ ലീഡ് പിടിച്ചു. കോൺഗ്രസ് പിന്നിൽ പോയപ്പോൾ മൂന്നാം സ്ഥാനത്ത് ശിരോമണി അകാലിദൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ഒരു തൂക്കു സഭയിലേക്കോ എന്ന സാധ്യതയും പഞ്ചാബിൽ തള്ളാൻ സാധിക്കില്ല.
അവസാന വിവരം ലഭിക്കുമ്പോൾ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥി ചരൺജിത് സിങ് ഛന്നി മത്സരിക്കുന്ന കോർ സാഹിബിലും ഭദോറിലും പിന്നിലാണ്. പിസിസി അധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദു അമ്യത്സർ ഈസ്റ്റിൽ മൂന്നാം സ്ഥാനത്താണ്. ശിരോമണി അകാലിദൾ അധ്യക്ഷൻ പ്രകാശ് സിങ് ബാദൽ ലംബിയിൽ ലീഡ് ചെയ്യുന്നു. സുഖ്ബീർ സിങ് ബാദലും മുന്നിലാണ്.
പഞ്ചാബിൽ ചതുഷ്കോണ മത്സരം
ആകെ 117 സീറ്റുകളിലേക്കാണ് പഞ്ചാബ് വിധിയെഴുതിയത്. ചതുഷ്കോണ പോരാട്ടമാണ് ഇത്തവണ സംസ്ഥാനത്ത് നടന്നത്. കോൺഗ്രസും ആം ആദ്മി പാർട്ടിയും (എഎപി) തമ്മിലായിരുന്നു പ്രധാന മത്സരമെങ്കിലും ശിരോമണി അകാലി ദളും എൻഡിഎ- അമരീന്ദർ സിംഗ് സഖ്യവും മത്സരരംഗത്തുണ്ടായിരുന്നു. കോൺഗ്രസ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് നവ്ജ്യോത് സിംഗ് സിദ്ദുവുമായുള്ള അധികാരപോരാട്ടത്തിനൊടുവിൽ കോൺഗ്രസ് വിട്ട് പുതിയ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസ് രൂപീകരിച്ചു. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒപ്പം ചേർന്ന് മത്സരിച്ചു.
പ്രതീക്ഷയോടെ പാർട്ടികൾ
വലിയ പ്രതീക്ഷയിലാണ് ആംആദ്മി പാർട്ടി. എക്സിറ്റ് പോളുകൾ നൽകുന്ന ആത്മ വിശ്വാസമുണ്ട്. എങ്കിലും കഴിഞ്ഞ തവണ എക്സിറ്റ് പോളുകളിൽ വിജയിച്ചെങ്കിലും ഫലം വന്നപ്പോൾ കോൺഗ്രസ് ഭരണം നേടിയത് ഓർമ്മയിൽ വെച്ചാണ് നേതാക്കൾ അടക്കം പ്രതികരിച്ചത്. ഇത്തവണയും അത് ആവർത്തിക്കപ്പെടുമോ അവസാനം കോൺഗ്രസ് തന്നെ നേടുമോ എന്ന ആശങ്കയും എഎപി പങ്കുവെക്കുന്നു. അതിനാൽ കരുതലോടെയാണ് എഎപി എക്സിറ്റ് പോളുകളോടും പ്രതികരിച്ചത്. വിവാദങ്ങളുടെ തോഴനായ ഭഗ്വന്ദ് മാനാണ് എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. ദില്ലിക്ക് പുറത്ത് എഎപി ഭരണം പിടിച്ചാൽ ദേശീയ രാഷ്ട്രീയത്തിൽ അരവിന്ദ് കെജ്‌രിവാൾ കൂടുതൽ കരുത്തനാകും. കോൺഗ്രസിനും ബിജെപിയും മാറ്റി നിർത്തി ഒരു മുന്നണി രൂപീകരണമെന്നതിൽ കെജ്രിവാളിന് കൂടുതൽ സ്വാധീനവും നേടാമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
തെരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഭരണത്തിലുളളത് പഞ്ചാബിൽ മാത്രമാണ്. സംസ്ഥാനത്തിന്റെ ആദ്യ ദളിത് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി തന്നെയാണ് കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. പിസിസി അധ്യക്ഷൻ നവ്ജ്യോത് സിംഗ് സിന്ധുവുമായുള്ള പടല പിണക്കങ്ങളിലും മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാനുള്ള മത്സരങ്ങളിലും ഹൈക്കമാൻഡ് പിന്തുണ ലഭിച്ചത് ഛന്നിക്ക് ആയിരുന്നു. രാഹുൽ ഗാന്ധി നേരിട്ടെത്തിയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ഛന്നിയിലൂടെ ദളിത് വോട്ടുകൾ നേടാമെന്ന പ്രതീക്ഷയാണ് കോൺഗ്രസിനുള്ളത്. ജനങ്ങളുടെ മുഖ്യമന്ത്രിയാണ് താൻ എന്ന അവകാശവാദവും ഛന്നി ഉയർത്തുന്നു.
കാര്‍ഷക സമരത്തെ തുടര്‍ന്ന് സിഖ് സമുദായത്തിലുണ്ടായ രോഷം ഇനിയും പരിഹരിക്കപ്പെട്ടതായി ബിജെപി കരുതുന്നില്ല. അകാലിദള്‍ സഖ്യമുപേക്ഷിച്ചതോടെ കൈവിട്ട വോട്ട് ബാങ്കുകളും തിരികെ വന്നിട്ടില്ല. കർഷക സമരം തിരിച്ചടിയായ സാഹചര്യത്തിൽ പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സിഖ് സമുദായത്തെ അനുനയിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം രംഗത്തിറങ്ങിയിരുന്നു. ഗുരുദ്വാരകൾ സന്ദർശിച്ചതും മറ്റും ഇതിന്റെ ഭാഗമായിരുന്നു. അതിനിടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്ക് എത്തിയ പ്രധാനമന്ത്രിക്ക് സംസ്ഥാനത്ത് വെച്ച് സുരക്ഷാ വീഴ്ചയുണ്ടായത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. സുരക്ഷ വീഴ്ചയെ തുടര്‍ന്ന് പഞ്ചാബിനെതിരെ ബിജെപിയിലെ ചില നേതാക്കൾ നടത്തിയ വിമര്‍ശനങ്ങൾ തിരിച്ചടിയാകുമെന്ന ആശങ്കയും ബിജെപിക്കുണ്ട്. എങ്കിലും ക്യാപ്റ്റൻ അമരീന്ദർ സിംഗ് തങ്ങൾക്ക് ഒപ്പമാണെന്നതാണ് ബിജെപിക്ക് അൽപ്പം പ്രതീക്ഷ നൽകിയത്.
അതേ സമയം നിലനിൽപ്പിന്റെ പോരാട്ടമായിരുന്നു ശിരോമണി അകാലിദളിന് ഇത്തവണത്തേത്. ചെറിയ സഖ്യകളിലേക്ക് ചുരുങ്ങിയ ശിരോമണി അകാലിദളിന് ഇത്തവണ ചിത്രത്തിൽ ഇടം നേടിയേ മതിയാകൂ. അതിന് അനുസരിച്ചുള്ള പ്രവർത്തനങ്ങൾ പാർട്ടി കാഴ്ചവെച്ചിട്ടുണ്ട്. മറ്റ് പാർട്ടികൾ ഡിജിറ്റൽ ക്യാമ്പെയിന് പ്രാധാന്യം നൽകിയപ്പോൾ പരമാവധി ജനങ്ങളിലേക്ക് നേരിട്ടിറങ്ങിയുള്ള പ്രവർത്തനങ്ങളാണ് അകാലിദൾ കാഴ്ചവെച്ചത്.