
അമൃത്സർ: ദേശീയ അതിവേഗപാത പദ്ധതിക്കായി ഒന്നരക്കോടി രൂപ ചെലവിൽ നിർമ്മിച്ച തന്റെ സ്വപ്ന ഭവനം യന്ത്രസഹായത്തോടെ മാറ്റിത്തുടങ്ങി കർഷകൻ. സംഗ്രൂരിലെ റോഷൻവാല ഗ്രാമത്തിലെ തന്റെ വയലിലാണ് സുഖ്‌വീന്ദർ സിംഗ് സുഖി വീട് നിർമ്മിച്ചത്. ദില്ലി-അമൃത്സർ-കത്ര എക്‌സ്‌പ്രസ്‌വേ പാത വയലിലൂടെ പോകുന്നതിനാൽ സുഖിക്ക് തന്റെ ഇരുനില വീട് പൊളിച്ചുമാറ്റുകയോ നീക്കേണ്ടി വരുകയോ ചെയ്യണമെന്ന അവസ്ഥയിലായി.
വീട് പൊളിക്കുന്നതിന് പഞ്ചാബ് സർക്കാർ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല. വീട് പൊളിക്കുന്നതിന് പകരം, വീടിന്റെ സ്ഥലം മാറ്റാനാണ് സുഖി തീരുമാനിച്ചത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ സുഖി ഇതിനകം വീട് 250 അടി പിന്നിലേക്ക് നീക്കി. 500 അടി പിന്നിലേക്കാണ് വീട് മാറ്റേണ്ടത്. വീട് നിർമ്മിക്കാൻ എനിക്ക് രണ്ട് വർഷവും 1.5 കോടി രൂപയും വേണ്ടി വന്നു. ഇത് എന്റെ സ്വപ്ന ഭവനമാണ്. മറ്റൊരു വീട് നിർമ്മിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും കർഷകൻ പറഞ്ഞു.
കേന്ദ്ര സർക്കാറിന്റെ ഭാരത് മാല പദ്ധതി പ്രകാരമാണ് അതിവേഗ പാത നിർമിക്കുന്നത്. യാത്രാ സമയം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി ഹരിയാന, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലൂടെ കടന്നുപോകും. ദില്ലി-അമൃത്സർ-കത്ര ദേശീയപാത ഒരു മോഹ പദ്ധതിയാണ്. ഇത് പൂർത്തിയായാൽ, ദില്ലിയിൽ നിന്ന് പഞ്ചാബ് വഴി ജമ്മു കശ്മീരിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാരുടെ സമയവും പണവും ഊർജവും ലാഭിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ജൂലൈയിൽ പറഞ്ഞിരുന്നു.