Ludhiyana Blast : ലുധിയാന സ്ഫോടനം : നഗരത്തിൽ 144 പ്രഖ്യാപിച്ചു, സുരക്ഷാ പരിശോധന കൂട്ടാൻ പൊലീസിന് നിർദ്ദേശം

By Web TeamFirst Published Dec 23, 2021, 8:16 PM IST
Highlights

ജനുവരി 13 വരെയാണ് നിയന്ത്രണം. ലുധിയാന ന​ഗരത്തിൽ സുരക്ഷാ പരിശോധന കൂട്ടാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് പൊലീസ് ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. 

അമൃത്സർ: പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തിൽ നടന്ന സ്ഫോടനത്തിന്റെ (Ludhiyana Blast)  പശ്ചാത്തലത്തിൽ നഗരത്തിൽ 144 പ്രഖ്യാപിച്ചു. ജനുവരി 13 വരെയാണ് നിയന്ത്രണം. ലുധിയാന ന​ഗരത്തിൽ സുരക്ഷാ പരിശോധന കൂട്ടാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് പൊലീസ് ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. 

സ്ഫോടനത്തിൽ‌ ഒരാൾ കൊല്ലപ്പെട്ടിരുന്നു. അഞ്ച് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് തേടിയിട്ടുണ്ട്. 
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദേശവിരുദ്ധ ശക്തികൾ പഞ്ചാബിന്റെ സമാധാനം തകർക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ഛന്നി പ്രതികരിച്ചു.

ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ജില്ലാ കോടതി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിക്ക് സമീപമാണ് സ്ഫോടനമുണ്ടായത്.  സ്ഫോടനത്തിൽ ശുചിമുറി പൂർണ്ണമായി തകർന്നു. സ്ഫോടനത്തിന് പിന്നാലെ പൊലീസ് പ്രദേശം വളഞ്ഞു. കെട്ടിടം പൂർണ്ണമായി ഒഴിപ്പിച്ചു. എന്‍ഐഎ,  ഫോറൻസിക് സംഘങ്ങള്‍  പരിശോധന തുടുരുകയാണ്.   സംഭവത്തിന് പിന്നാലെ ഉന്നതതലയോഗം വിളിച്ച സംസ്ഥാന സർക്കാർ  പൊതുയിടങ്ങളിൽ അടക്കം സുരക്ഷ കർശനമാക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. മുഖ്യമന്ത്രി ചരൺജിത്ത് ഛന്നി , ഉപമുഖ്യമന്ത്രി എസ്.എസ് രൺധാവാ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.  സത്യം പുറത്ത് കൊണ്ടുവരുമെന്നും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബിന്റെ സമാധാനം തകർക്കാൻ ചിലർ ശ്രമിക്കുകയാണെന്നും  മുഖ്യമന്ത്രി ഛരൺജിത്ത് ഛന്നി ആരോപിച്ചു. സംഭവത്തിന് പിന്നിൽ ബാഹ്യശക്തികളുടെ ഇടപെടൽ തള്ളിക്കളയാനാകില്ലെന്ന് ഉപമുഖ്യമന്ത്രി എസ്.എസ് രൺധാവാ  പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ധ്രൂവീകരണത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പിസിസി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു പറഞ്ഞു. കോടതികെട്ടിടത്തിൽ നടന്ന സ്ഫോടനത്തിൽ പഞ്ചാബ് ഹരിയാന ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തി. മതനിന്ദ ആരോപിച്ച് രണ്ടു പേരെ കൊന്ന സംഭവത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുമ്പോഴാണ് നിരവധി ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്ന കോടതി സമുച്ചയത്തിലെ സ്ഫോടനം. 
 

click me!