എലിസബത്ത് രാജ്‍ഞിക്ക് വിട; ഇന്ത്യയിലും ഒരു ദിവസത്തെ ദുഃഖാചരണം

By Web TeamFirst Published Sep 9, 2022, 2:26 PM IST
Highlights

ഞായറാഴ്ച ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക പരിപാടികൾ ഉണ്ടാകില്ല

ദില്ലി: എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ ഇന്ത്യയിലും ദുഃഖാചരണം. ഞായറാഴ്ചയാണ് (സെപ്റ്റംബർ 11) ഒരു ദിവസത്തെ ദുഃഖാചരണം നടത്തുക. അന്ന് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക പരിപാടികൾ ഉണ്ടാകില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

രാജ്ഞിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം അനുശോചിച്ചിരുന്നു. രാജ്ഞിയുടെ ഊഷ്മളതയും ദയയും മറക്കാനാവാത്തതാണെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. 2015-ലും 2018-ലും നടത്തിയ യുകെ സന്ദർശന വേളയിൽ എലിസബത്ത് രാജ്ഞിയുമായി നടത്തിയ കൂടിക്കാഴ്ചകള്‍ അവിസ്മരണീയമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

'എലിസബത്ത് രാജ്ഞിയുടെ ഊഷ്മളതയും ദയയും  ഒരിക്കലും മറക്കില്ല. ഒരു മീറ്റിംഗിനിടെ, മഹാത്മാഗാന്ധി അവരുടെ വിവാഹത്തിന് സമ്മാനിച്ച തൂവാല  എന്നെ കാണിച്ചു. ആ നിമിഷം ഞാൻ എന്നും വിലമതിക്കുന്നു'- പ്രധാനമന്ത്രി ട്വറ്ററില്‍ കുറിച്ചു. വ്യാഴാഴ്ച രാത്രിയോടെയാണ് എലിസബത്ത് രാജ്ഞിയുടെ മരണ വാര്‍ത്ത ബക്കിങ്ഹാം പാലസ് സ്ഥിരീകരിച്ചത്.  96-ാം വയസിലായിരുന്നു അന്ത്യം. 

എലിസബത്ത് രാജ്ഞി അന്തരിച്ചു, ആ പ്രശസ്തമായ കോഹിനൂർ കിരീടം ഇനി ആര് ധരിക്കും?

സ്കോട്ട്ലൻഡിലെ ബാൽമോറൽ കാസിലിലായിരുന്നു രാജ്ഞിയുടെ അന്ത്യം. കിരീടധാരണത്തിന്‍റെ എഴുപതാം വര്‍ഷത്തിലാണ് രാജ്ഞി വിടവാങ്ങിയത്. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ കഴിഞ്ഞ  വർഷം ഒക്ടോബർ മുതൽ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി. ബുധനാഴ്ചയോടെ രാജ്ഞിയുടെ ആരോഗ്യനിലയില്‍ ഡോക്ടര്‍മാര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അവസാന സമയത്ത് കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ പ്രിൻസസ് ആനിയും  ബാൽമോറൽ കാസിലില്‍ രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു. 

സൗഹൃദവും ദയയും മറക്കാൻ കഴിയില്ല, ദയ നിറഞ്ഞ ഹൃദയത്തിന്റെ ഉടമ; അനുശോചനമറിയിച്ച് ലോകനേതാക്കൾ

ഒരു കാലഘട്ടത്തെ നിർവചിച്ച വ്യക്തിയാണ് എലിസബത്ത് രാജ്ഞിയെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു. യുഎസിന്റെ ചിന്തകളും പ്രാർഥനകളും ബ്രിട്ടനിലെ ജനങ്ങൾക്കൊപ്പമായിരിക്കും. ആദര സൂചകമായി പതാക താഴ്ത്തി കെട്ടാനും അദ്ദേഹം നിർദ്ദേശിച്ചു. തന്റെ പദവിയോട് നീതി പുലർത്തിയ വ്യക്തിയാണ് എലിസബത്ത് രാജ്ഞിയെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുട്ടിൻ പറഞ്ഞു. ദയ നിറഞ്ഞ ഹൃദയത്തിന്റെ ഉടമയെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ അനുശോചന സന്ദേശത്തിൽ എലിസബത്ത് രാജ്ഞിയെ അനുസ്മരിച്ചത്.  

click me!