യുപി സര്‍ക്കാരിന്‍റെ ആവശ്യങ്ങള്‍ തള്ളി ജാമ്യം; സിദ്ദിഖ് കാപ്പന്‍റെ ഭാര്യയുടെ ആദ്യ പ്രതികരണം

By Web TeamFirst Published Sep 9, 2022, 2:22 PM IST
Highlights

അന്വേഷണം പൂര്‍ത്തിയായ ശേഷം ജാമ്യം അനുവദിച്ചാല്‍ മതിയെന്ന യുപി സര്‍ക്കാരിന്‍റെ ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീം കോടതി സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചത്.

ദില്ലി: യുപി സര്‍ക്കാര്‍ ചുമത്തിയ യുഎപിഎ കേസില്‍ ജാമ്യം ലഭിച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍റെ ഭാര്യ റെയ്ഹാനത്ത്. നിരപരാധിത്വം കോടതിക്ക് ബോധ്യമായി. സുപ്രീംകോടതിക്ക് നന്ദിയെന്നും അവര്‍ പ്രതികരിച്ചു. രണ്ട് വർഷമായി നടത്തുന്ന പോരാട്ടത്തിനൊടുവിലാണ് ആശ്വാസം ലഭിക്കുന്നത്. കഴിഞ്ഞത് മാനസികമായും സാമ്പത്തികമായും ഏറെ സമ്മർദ്ദങ്ങൾ സഹിച്ച കാലമാണെന്നും കുറ്റപ്പെടുത്തലുകൾ ഒക്കെ അവഗണിച്ചുവെന്നും റെയ്ഹാനത്ത് കൂട്ടിച്ചേര്‍ത്തു. 

അന്വേഷണം പൂര്‍ത്തിയായ ശേഷം ജാമ്യം അനുവദിച്ചാല്‍ മതിയെന്ന യുപി സര്‍ക്കാരിന്‍റെ ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീം കോടതി സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചത്. ആറാഴ്ച സിദ്ദിഖ് കാപ്പന്‍ ദില്ലി വിട്ടുപോകരുതെന്നാണ് നിര്‍ദ്ദേശം. കേരളത്തില്‍ എത്തിയാല്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. എന്ത് തെളിവാണ് കാപ്പനെതിരെ കൂടുതലായി കണ്ടെത്തിയതെന്ന് ഹര്‍ജി പരിഗണിക്കവേ കോടതി ചോദിച്ചു. കണ്ടെത്തിയ ലഘുലേഖകള്‍ എങ്ങനെയാണ് അപകടകരമാകുന്നത്. ലഘുലേഖകള്‍ അഭിപ്രായ പ്രകടനങ്ങള്‍ മാത്രമെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍, ജയില്‍മോചിതനാകാന്‍ സിദ്ദിഖ് കാപ്പന് ഇഡിയുടെ കേസിലും ജാമ്യം ലഭിക്കണം.

മഥുര കോടതിയും അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബഞ്ചും സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കാത്ത സാഹചര്യത്തിലാണ് കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്. മാധ്യമ പ്രവർത്തകൻ എന്ന നിലയിലാണ് ഹാഥ്‍റാസിൽ പോയതെന്ന സിദ്ദിഖ് കാപ്പന്‍റെ വാദം നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയായിരുന്നു അലഹാബാദ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. പിടിയിലായ മറ്റ് പ്രതികൾക്കൊപ്പം സിദ്ദിഖ് കാപ്പൻ പോയത് എന്തിനാണെന്ന് തെളിയിക്കേണ്ടതുണ്ടെന്നും അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‍നൗ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

സിദ്ദിഖ് കാപ്പന് പോപ്പുലർ ഫ്രണ്ടുമായി അടുത്ത ബന്ധമെന്ന് ചൂണ്ടിക്കാട്ടി യുപി സർക്കാർ സുപ്രീംകോടതിയിൽ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നല്‍കിയിരുന്നു. ഹാഥ്റാസിൽ സമാധാനം തകര്‍ക്കാൻ എത്തി എന്നാരോപിച്ചാണ് 2022 ഒക്ടോബര്‍ 5 ന് സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയെുള്ളവരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യുഎപിഎ അടക്കമുള്ള വകുപ്പുകൾ  ചുമത്തി അറസ്റ്റ് ചെയ്ത കാപ്പൻ 22 മാസമാണ് ജയിലില്‍ കഴിഞ്ഞത്. 

യുഎപിഎ കേസില്‍ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം

click me!