
ദില്ലി: ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസില്‍ യൂട്യൂബർ മനാഫിന് ആശ്വാസം. മനാഫിനെ ചോദ്യം ചെയ്യുന്നത് പൂർത്തിയായി. ആവശ്യമുണ്ടാകുന്ന പക്ഷം വീണ്ടും വിളിപ്പിക്കും എന്ന് പറഞ്ഞ് മനാഫിനെ എസ്ഐടി വിട്ടയച്ചിരിക്കുകയാണ്. മനാഫിന്റെ സ്റ്റേറ്റ്മെന്റ് വീഡിയോയിൽ പകർത്തിയിട്ടുണ്ട്. കൂടാതെ മറ്റൊരു യൂട്യൂബറായ അഭിഷേകിന്‍റെ ചോദ്യം ചെയ്യലും പൂർത്തിയായിട്ടുണ്ട്. അഭിഷേകിൽ നിന്ന് എസ്ഐടി ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ധര്‍മ്മസ്ഥല കേസ് സത്യസന്ധമായതാണെന്നും പലരേയും അവിടെ ബലാത്സംഗം ഉൾപ്പെടെ ചെയ്ത് കൊലപ്പെടുത്തിയിട്ടുണ്ടെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആർക്കും നീതി ലഭിച്ചില്ല. കേരള സാരി ഉടുത്ത സ്ത്രീകളെയും അവിടെ കുഴിച്ച് മൂടിയിട്ടുണ്ട്. തലയോട്ടിയുടെ വിശ്വാസ്യത തീരുമാനിക്കേണ്ടത് എസ്ഐടിയാണ്. ശുചീകരണ തൊഴിലാളി മൊഴിമാറ്റിയതാണ് ഇപ്പോൾ പ്രശ്നമായതെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുമ്പായിരുന്നു മനാഫിന്‍റെ ഈ പ്രതികരണം.
ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സ്ത്രീകളുടെ ഉൾപ്പെടെ നൂറിലേറെ മൃതദേഹം ധർമ്മസ്ഥലയിൽ കുഴിച്ചിട്ടെന്ന സാക്ഷി ചിന്നയയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ മലയാളിയായ മനാഫ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരുന്നു. വ്യാജ വെളിപ്പെടുത്തൽ കേസിൽ സംശയനിഴലിലുള്ള യൂട്യൂബർ ജയന്തിന്റെ സഹായത്തോടെയായിരുന്നു ഇത്. അറസ്റ്റിലായ ചിന്നയ്യയിൽ നിന്നും, മകളെ കാണാനില്ലെന്ന അവകാശവാദവുമായി എത്തിയ സുജാതാ ഭട്ടിൽ നിന്നും കേസിലെ ഇവരുടെ ഇടപെടലുകളെ കുറിച്ച് സൂചന ലഭിച്ചതോടെയാണ് പ്രത്യേക അന്വേഷണസംഘം യൂട്യൂബർമാരെ കേന്ദ്രീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി മനാഫിന് നോട്ടീസ് നൽകിയത്. ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് സ്വദേശി അർജുൻ ഓടിച്ച ലോറിയുടെ ഡ്രൈവറാണ് മനാഫ്.