
ടിൻസുകിയ: റോഡിൽ മാലിന്യം തള്ളിയ കടയുടമയ്ക്ക് മുനസിപ്പാലിറ്റി അധികൃതര്‍ നൽകിയത് 'എട്ടിന്‍റെ പണി'. റോഡിൽ തള്ളിയ മാലിന്യം കടയ്ക്ക് മുന്നിൽ കൊണ്ട് തിരികെയിട്ടിരിക്കുകയാണ് അധികൃതര്‍. തിങ്കളാഴ്ച രാത്രി 9:30-ഓടെ അസമിലെ ഡെയ്‌ലി ബസാർ ഏരിയയിലാണ് സംഭവം. ഒരു പലചരക്ക്, സമ്മാന വസ്തുക്കളുടെ കടയിലെ ജീവനക്കാരൻ മാലിന്യം റോഡിലേക്ക് തള്ളുന്നത് ടിൻസുകിയ മുനിസിപ്പൽ ബോർഡ് ജീവനക്കാർ പട്രോളിംഗിനിടെ കണ്ടു.
തുടർന്ന് അവർ ജീവനക്കാരനെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ജീവനക്കാരൻ തന്‍റെ കടയിൽ നിന്നാണ് മാലിന്യം വന്നതെന്ന് സമ്മതിച്ചു. തുടര്‍ന്ന് പിഴ ചുമത്താതെ ജീവനക്കാർ അവിടെ നിന്ന് പോവുകയായിരുന്നു. എന്നാൽ അടുത്ത ദിവസം രാവിലെ ഒരു ബുൾഡോസറുമായി തിരിച്ചെത്തിയ ജീവനക്കാർ അടച്ചിട്ടിരുന്ന കടയുടെ മുന്നിൽ മാലിന്യം ഇറക്കി. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കടയുടെ പ്രവേശന കവാടം മാലിന്യം കൊണ്ട് മൂടിയ ശേഷം ഒരു ഷവൽ ഉപയോഗിച്ച് അത് വൃത്തിയായി നിരത്തി, കടയുടമയ്ക്ക് ഒരു സന്ദേശം നൽകി. "ഈ കട വീണ്ടും നിയമലംഘനം നടത്തിയിട്ടുണ്ട്. ടിൻസുകിയ പട്ടണം വൃത്തിയായി സൂക്ഷിക്കാൻ ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. പട്ടണത്തിന്‍റെ വൃത്തി നിലനിർത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്," ടിൻസുകിയ മുനിസിപ്പൽ ബോർഡ് ചെയർമാൻ പുലക് ചേതായ് പറഞ്ഞു. കടയുടമ സ്ഥിരം നിയമലംഘകനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam