
മുംബൈ: മരുമകൾ തന്നെ പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്രി ദേവി. ഇരുവരുടെയും മകനായ തേജ്പ്രതാപ് യാദവിന്റെ ഭാര്യയാണ് ഐശ്വര്യ റായ്. അമ്മായിഅമ്മ റാബ്രി ദേവി തന്നെ ശാരീരികമായി ഉപദ്രവിച്ച് വീട്ടിൽ നിന്നും പുറത്താക്കിയെന്ന് വ്യക്തമാക്കി ഐശ്വര്യ പരാതി നൽകിയിരുന്നു. പട്നയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലാണ് ഇവർ പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
അമ്മായിഅമ്മ റാബ്രി ദേവി, ഭർത്താവ് തേജ്പ്രതാപ് യാദവ്, ഭർതൃസഹോദരി മിസാ ഭാരതി എന്നിവർക്കെതിരെയാണ് ഐശ്വര്യയുടെ പരാതി. സ്ത്രീധനത്തെച്ചൊല്ലി തന്നെ പീഡിപ്പിക്കാറുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥരെക്കൊണ്ട് തന്നെ വീട്ടിൽ നിന്ന് ബലമായി പുറത്താക്കിയെന്നും പരാതിയിൽ വ്യക്തമാക്കുന്നു. ഇവർക്കെതിരെ ഗാർഹിക പീഡനമാണ് ഉന്നയിച്ചിരിക്കുന്നത്.
എന്നാൽ ഐശ്വര്യ തന്നെ പീഡിപ്പിക്കുന്നുവെന്നാണ് റാബ്രിദേവിയുടെ പരാതി. റാബ്രിദേവിയോട് മരുമകൾ ഐശ്വര്യ അപമര്യാദയായി പെരുമാറുന്നത് കണ്ടിട്ടുണ്ടെന്ന് ആർജെഡി എംഎൽഎയായ ശക്തി യാദവ് സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ തന്റെ മകൾക്കെതിരെ റാബ്രി ദേവി നൽകിയ പരാതി അടിസ്ഥാനരഹിതമാണെന്ന് ഐശ്വര്യയുടെ പിതാവും മുൻ ബീഹാർ മന്ത്രിയുമായ ചന്ദ്രികാ റായ് പറഞ്ഞു. ''മുതിർന്നവരെ അപമാനിക്കാനല്ല, ബഹുമാനിക്കാനാണ് ഞാൻ എന്റെ മകളെ പഠിപ്പിച്ചിരിക്കുന്നത്.'' ചന്ദ്രികാ റായിയുടെ വാക്കുകൾ. സംസ്ഥാന വനിതാ കമ്മീഷന് പരാതി അയച്ചിട്ടുണ്ടെന്നും മകൾക്ക് നീതി ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ജൂൺ മാസം മുതൽ ഭർതൃവീട്ടുകാർ തനിക്ക് ഭക്ഷണം പോലും നൽകിയില്ലെന്നും സ്വന്തം വീട്ടിൽ നിന്നും കൊണ്ടുവന്ന ഭക്ഷണമാണ് കഴിച്ചുകൊണ്ടിരുന്നതെന്നും ഐശ്വര്യ പരാതിയിൽ പറയുന്നു. മുടിയിൽ പിടിച്ച് വലിച്ച്, മർദ്ദിച്ചാണ് വീട്ടിൽ നിന്നും തള്ളി പുറത്താക്കിയത്. കൈകാൽ മുട്ടുകളിലും തലയിലും പരിക്കേറ്റു. തന്റേതായ എല്ലാ വസ്തുക്കളും ഭർതൃവീട്ടിൽ തന്നെയാണ് ഉളളത്. ഒന്നും എടുക്കാൻ സാധിച്ചില്ല, ചെരിപ്പ് പോലും ധരിക്കാതെയാണ് അവിടം വിട്ടിറങ്ങിയതെന്ന് ഐശ്വര്യ പരാതിയിൽ പറയുന്നു. തേജ്പ്രതാപിൽ നിന്നും വിവാഹമോചനം നേടാനുള്ള കേസ് കൊടുത്തിരിക്കുകയാണ്. കേസ് കോടതിയിൽ തുടരുന്നതിനിടെയാണ് ഈ സംഭവം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam