ദില്ലി: അതിർത്തിയിലെ പിൻമാറ്റത്തിനുള്ള ഇന്ത്യ ചൈന ധാരണ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി. നരേന്ദ്രമോദി ഏറ്റവും വലിയ ഭീരുവാണെന്നും ഇന്ത്യയുടെ മണ്ണ് അടിയറ വച്ചെന്നും രാഹുൽ ആരോപിച്ചു. അതേസമയം ചൈനയുടെ പിൻമാറ്റം നിരീക്ഷിച്ച ശേഷം മാത്രം ഉയർന്ന മലനിരകളിൽ നിന്നിറങ്ങിയാൽ മതിയെന്നാണ് കരസേനയുടെ തീരുമാനം.
ശക്തമായ സമ്മർദ്ദത്തിലൂടെ ചൈനയുടെ പിൻമാറ്റം ഉറപ്പാക്കിയെന്ന് സർക്കാർ അവകാശപ്പെടുമ്പോഴാണ് രാഹുൽ ഗാന്ധിയുടെ ഈ രാഷ്ട്രീയ നീക്കം. ഉയർന്ന മലനിരകൾ പിടിച്ചെടുത്ത് ഇന്ത്യൻ സേന കൈവരിച്ച നേട്ടം ഇല്ലാതാക്കുന്നതാണ് ഇപ്പോഴത്തെ ധാരണയെന്നും രാഹുൽ ഗാന്ധി പറയുന്നു. ഫിംഗർ നാലു നമ്മുടെ പ്രദേശമാണ്. ഇപ്പോൾ നമ്മൾ ഫിംഗർ മൂന്നിലേക്ക് മാറുകയാണ്. എന്തു കൊണ്ടാണ് പ്രധാനമന്ത്രി ഇന്ത്യയുടെ മണ്ണ് ചൈനയ്ക്ക് കൈമാറിയത്. രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി ചൈനയെ നേരിടാൻ കഴിയാത്ത വലിയ ഭീരുവാണ്. ഇതാണ് സത്യമെന്നും രാഹുൽ പറഞ്ഞു. ഇന്നലെ പാർലമെന്റിന്റെ ഇരുസഭകളിലും വിഷയം ഉന്നയിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കൂടിയാണ് പുറത്ത് രാഹുൽ ഗാന്ധിയുടെ പ്രചാരണം.
സേനയുടെ മനോബലം തർക്കാനാണ് രാഹുലിൻറെ ശ്രമം എന്ന് ബിജെപി തിരിച്ചടിച്ചു. ഫിംഗർ മൂന്നിലേക്ക് സേന പിൻമാറിയ ശേഷം തല്ക്കാലം പട്രോളിംഗ് നിറുത്തി വയ്ക്കുമെന്നാണ് പ്രതിരോധമന്ത്രി പ്രഖ്യാപിച്ചത്. പാങ്കോംഗ് തീരത്തു നിന്ന് ടാങ്കുകൾ ബേസിലേക്ക് മടങ്ങി. എന്നാൽ റെച്ചിൻ ലാ, റെസാങ് ലാ മേഖലയിലെ മലനിരകളിൽ നിന്ന് ഇന്ത്യൻ സേന തല്ക്കാലം പിൻമാറില്ലെന്നാണ് ഉന്നതവൃത്തങ്ങൾ നല്കുന്ന സൂചന. അതിനാൽ സേന നേടിയ മേൽക്കൈ കളഞ്ഞു കുളിച്ചു എന്ന വാദത്തിനു അടിസ്ഥാനമില്ലെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. സേന പിൻമാറ്റത്തെക്കുറിച്ച് അടുത്ത മാസമേ പാർലമെൻറിൽ ചർച്ച നടക്കാനിടയുള്ളു.തെരഞ്ഞെടുപ്പുകൾ നടക്കുന്ന സാഹചര്യത്തിൽ പുറത്ത് സമ്മർദ്ദം ശക്തമാക്കാനാണ് അതിനാൽ കോൺഗ്രസിന്റെ നീക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam