'ഇന്ത്യന്‍ പ്രദേശം ചൈനക്ക് നല്‍കിയത് ആരെന്ന് നെഹ്‌റുവിനോട് ചോദിക്കൂ'; രാഹുലിനോട് ബിജെപി

By Web TeamFirst Published Feb 12, 2021, 3:19 PM IST
Highlights

രാഹുല്‍ ഗാന്ധിയുടെ പിതാമഹന്‍ ജവഹര്‍ലാല്‍ നെഹ്‌റുവാണ് ഇന്ത്യയുടെ പ്രദേശം ചൈനക്ക് കൈമാറിയതെന്ന് ബിജെപി ആരോപിച്ചു. 1962ലെ ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖനം ഉള്‍പ്പെടെ ട്വീറ്റ് ചെയ്താണ് ബിജെപി എംപി മീനാക്ഷി ലേഖി രാഹുലിന് മറുപടി നല്‍കിയത്.
 

ദില്ലി: ഇന്ത്യന്‍ പ്രദേശം ചൈനക്ക് വിട്ടുനല്‍കിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി ബിജെപി. ഇന്ത്യന്‍ പ്രദേശം ചൈനക്ക് മുന്നില്‍ പ്രധാനമന്ത്രി അടിയറവെച്ചെന്നാണ് രാഹുല്‍ ഗാന്ധി ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. ഇതിന് മറുപടിയുമായിട്ടാണ് ബിജെപി രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധിയുടെ പിതാമഹന്‍ ജവഹര്‍ലാല്‍ നെഹ്‌റുവാണ് ഇന്ത്യയുടെ പ്രദേശം ചൈനക്ക് കൈമാറിയതെന്ന് ബിജെപി ആരോപിച്ചു. 1962ലെ ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖനം ഉള്‍പ്പെടെ ട്വീറ്റ് ചെയ്താണ് ബിജെപി എംപി മീനാക്ഷി ലേഖി രാഹുലിന് മറുപടി നല്‍കിയത്.

ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡിയും രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി എത്തി. ഇന്ത്യയുടെ പ്രദേശം ആരാണ് ചൈനക്ക് നല്‍കിയതെന്ന് രാഹുലിന് നെഹ്‌റുവിനോട് ചോദിച്ചാല്‍ അറിയാം. ആരാണ് രാജ്യസ്‌നേഹികള്‍, ആരാണ് അല്ലാത്തവര്‍ എന്ന് പൊതുജനത്തിന് നന്നായി അറിയാമെന്നും കിഷന്‍ റെഡ്ഡി പറഞ്ഞു. മറ്റൊരു എംപിയായ മനോജ് കൊടാകും രാഹുലിനെതിരെ രംഗത്തെത്തി. 

ചൈനക്ക് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തലകുനിച്ചെന്നും മോദി ഭീരുവാണെന്നുമായിരുന്നു രാഹുലിന്റെ വിമര്‍ശനം. ഇന്ത്യന്‍ സൈന്യം ഫിംഗര്‍ മൂന്നിലേക്കാണ് പിന്മാറിയത്. എന്നാല്‍ ഫിംഗര്‍ നാല് ഇന്ത്യയുടെ പോസ്റ്റായിരിക്കെ ഫിംഗര്‍ മൂന്നിലേക്ക് എന്തിനാണ് മാറിയതെന്നും രാഹുല്‍ ചോദിച്ചു. പ്രശ്‌നത്തില്‍ പ്രതിരോധമന്ത്രി മറുപടി പറയണം. എന്തുകൊണ്ടാണ് പാര്‍ലമെന്റില്‍ മോദി ഈ വിഷയത്തില്‍ മറുപടി പറയാത്തതെന്നും രാഹുല്‍ ചോദിച്ചു.

പ്രധാനമന്ത്രി ഇന്ത്യന്‍ പ്രദേശം ചൈനക്ക് വിട്ടുനല്‍കിയെന്നും അദ്ദേഹം രാജ്യത്തിന് മറുപടി പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. ചൈനക്ക് മുന്നില്‍ നിവര്‍ന്നുനില്‍ക്കാന്‍ മോദിക്ക് ഭയമാണ്. തല്‍സ്ഥിതി എന്നത് പാലിക്കപ്പെട്ടില്ല. സൈന്യത്തിന്റെ ധീരതയും ത്യാഗവും മോദി പാഴാക്കുകയാണ്. ഇത് അനുവദിക്കരുത്. മാധ്യമങ്ങള്‍ സത്യം പുറത്തുകൊണ്ടുവരണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.
 

click me!