'ഒരാൾക്ക് ഒരു പദവി, മാറ്റമില്ല'; ​ഗെലോട്ടിന് തിരിച്ചടിയായി തീരുമാനം പ്രഖ്യാപിച്ച് രാഹുലും, ഇനി‌യെന്ത്?

By Web TeamFirst Published Sep 22, 2022, 4:22 PM IST
Highlights

കോൺ​ഗ്രസിന്റെ 'ഒരാൾക്ക് ഒരു പദവി' നിലപാടിനെ പിന്തുണയ്ക്കുന്നതായി രാഹുൽ ഇന്ന് പ്രഖ്യാപിച്ചു. ഉദയ്പൂർ ചിന്തൻ ശിബിരത്തിലെടുത്ത തീരുമാനമാണത്, അതിൽ വിട്ടുവീഴ്ച വേണ്ടിവരില്ലെന്ന് പ്രതീക്ഷിക്കുന്നു എന്നും രാഹുൽ വ്യക്തമാക്കി. 

തിരുവനന്തപുരം: രാജസ്ഥാൻ മുഖ്യമന്ത്രിസ്ഥാനം വിട്ടുകൊടുക്കാതെ തന്നെ കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്താമെന്ന അശോക് ഗെലോട്ടിന്റെ ആ​ഗ്രഹത്തിന് തിരിച്ചടിയായി, നിലപാട് പ്രഖ്യാപിച്ച് രാഹുൽ ​ഗാന്ധിയും. കോൺ​ഗ്രസിന്റെ 'ഒരാൾക്ക് ഒരു പദവി' നിലപാടിനെ പിന്തുണയ്ക്കുന്നതായി രാഹുൽ ഇന്ന് പ്രഖ്യാപിച്ചു. ഉദയ്പൂർ ചിന്തൻ ശിബിരത്തിലെടുത്ത തീരുമാനമാണത്, അതിൽ വിട്ടുവീഴ്ച വേണ്ടിവരില്ലെന്ന് പ്രതീക്ഷിക്കുന്നു എന്നും രാഹുൽ വ്യക്തമാക്കി. ഇരട്ട പദവി തനിക്കൊരു പ്രശ്നമല്ലെന്നും  നിരവധി തവണ രണ്ട് പദവികൾ വഹിച്ചിട്ടുണ്ടെന്നുമുള്ള നിലപാടാണ് ഇന്ന് ദില്ലിയിലെത്തിയ അശോക് ഗേലോട്ട് സോണിയാ ഗാന്ധിക്ക് മുന്നിൽ സ്വീകരിച്ചത്. അത് അം​ഗീകരിക്കാനാവില്ലെന്ന് സോണിയ പറഞ്ഞതായാണ് റിപ്പോർട്ടുകൾ. ഇതിനു പിന്നാലെയാണ് രാഹുലും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 

അധ്യക്ഷസ്ഥാനത്തേക്ക് ​ഗാന്ധികുടുംബം ഏറ്റവുമധികം പിന്തുണയ്ക്കുന്നത് 71കാരനാ‌യ അശോക് ​ഗെലോട്ടിനെയാണ്. എന്നാൽ, രാജസ്ഥാൻ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞുകൊണ്ടുള്ള നീക്കത്തിന് ​ഗെലോട്ട് തയ്യാറല്ലെന്നതാണ് പുതിയ പ്രതിസന്ധി. താൻ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞാൽ സച്ചിൻ പൈലറ്റ് ആ സ്ഥാനത്തേക്കെത്തുമെന്ന ചിന്തയാണ് ​ഗെലോട്ടിനെ കുഴപ്പത്തിലാക്കുന്നത്. സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിലുള്ള നീക്കം 2020ൽ ഭരണത്തെ പിടിച്ചുലച്ചേക്കുമെന്ന ഘട്ടത്തിൽ വരെയെത്തിയിരുന്നു. ഒരു വിശ്വസ്തനെ കണ്ടെത്തി മുഖ്യമന്ത്രി പദം കൈമാറാനും ​ഗെലോട്ടിന് കഴിയുന്നില്ല. ഇതോടെയാണ് ഇരട്ടപ്പദവി വഹിക്കാമെന്ന തീരുമാനത്തിൽ ​ഗെലോട്ട് എത്തിയത്. എന്നാൽ, അതിന് കോൺ​ഗ്രസ് നേതൃത്വം തയ്യാറല്ല.

Read Also: അധ്യക്ഷനായാൽ ​ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനം ഒഴിയണം,രണ്ട് പദവികൾ വഹിക്കേണ്ടെന്നും ദ്വി​ഗ് വിജയ് സിങ് 

രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന ത്രിദിന ചിന്തൻ ശിബിരത്തിലാണ് ഒരാൾക്ക് ഒരു പദവി മതി എന്ന തീരുമാനം പാർട്ടി കൈക്കൊണ്ടത്. അതിനു വിരുദ്ധമായി അശോക് ​ഗെലോട്ട് നിലപാടെടുക്കുന്നതിൽ പാർട്ടിക്ക് അസംതൃപ്തിയുണ്ട്. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാതിരിക്കാനാണ് ​ഗെലോട്ടിന്റെ നീക്കമെന്നത് ആ അതൃപ്തി വർധിപ്പിക്കുകയും ചെയ്യുന്നു. കോൺ​ഗ്രസ് അധ്യക്ഷസ്ഥാനത്തെ ആശയപരമായ ചുമതലയായാണ് രാഹുൽ ​ഗാന്ധി കാണുന്നത്. ആര് അധ്യക്ഷസ്ഥാനത്തേക്കെത്തിയാലും എനിക്കവരോട് പറയാനുള്ളത്,  ഇന്ത്യയുടെ ദർശനം സംബന്ധിച്ച് ഒരു കൂട്ടം ആശയങ്ങളെയും ഒരു വിശ്വാസസംഹിത‌യെയുമാണ് നിങ്ങൾ പ്രതിനിധീകരിക്കുന്നത് എന്ന് മറന്നുപോകരുതെന്നാണ് രാഹുൽ പറഞ്ഞു. 

ഒരാൾ സുപ്രധാനമായ രണ്ട് പദവികൾ ഒരേസമയം വഹിക്കുന്നത് അനുവദിക്കാനാകില്ലെന്ന് അശോക് ​ഗെലോട്ടിനോട് സോണിയ ഗാന്ധി  അറിയിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞടുപ്പിനുള്ള വിജ്ഞാപനം പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഗെലോട്ട് സോണിയയെ കാണാൻ ദില്ലിയിലെത്തിയത്. എന്നാൽ, രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ് പാർട്ടി അധ്യക്ഷനാകണമെന്നാണ് രാജസ്ഥാൻ പിസിസിയുടെ ആവശ്യമെന്നും ഇക്കാര്യം നേരിട്ട് അറിയിക്കാനാണ് രാജസ്ഥാൻ പി സി സി അധ്യക്ഷനും തനിക്കൊപ്പം വന്നതെന്നുമാണ് ​ഗെലോട്ടിന്റെ വിശദീകരണം. പാർട്ടിയുടെ സേവകനാണ് താൻ. കോൺഗ്രസാണ് തനിക്ക് എല്ലാം തന്നത്.  പാർട്ടിയുടെ തീരുമാനം എന്തുതന്നെയായാലും അത് അനുസരിക്കുമെന്നും ​ഗെലോട്ട് വിശദീകരിക്കുന്നു. ഹൈക്കമാൻഡ് പിന്തുണ ഗേലോട്ടിനുണ്ടെങ്കിലും ഇരട്ട പദവിയെന്ന കടുംപിടിത്തം അംഗീകരിക്കാനാകില്ലെന്നതിൽ നേതൃത്വം ഉറച്ചുനിൽക്കുന്നത് ​ഗെലോട്ടിന് തിരിച്ചടിയായേക്കും.  

Read Also: മുഖ്യമന്ത്രി പദവും അധ്യക്ഷ സ്ഥാനവും ഏറ്റെടുക്കാമെന്ന് ഗെലോട്ട്, അതുപറ്റില്ലെന്ന് സോണിയ

click me!