
ദില്ലി : കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സാധ്യതയേറെ കൽപ്പിക്കപ്പെടുന്ന മുതിര്‍ന്ന നേതാവ് അശോക് ഗെലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കില്ലെന്ന് കടുംപിടുത്തത്തിൽ തന്നെ. ഇരട്ട പദവി പ്രശ്നമല്ലെന്നും താൻ നിരവധി തവണ രണ്ട് പദവികൾ വഹിച്ചിട്ടുണ്ടെന്നുമുള്ള നിലപാടാണ് ദില്ലിയിലെത്തിയ ഗേലോട്ട് സോണിയാ ഗാന്ധിക്ക് മുന്നിലും സ്വീകരിച്ചത്. എന്നാൽ ഒരാൾ സുപ്രധാനമായ രണ്ട് പദവികൾ വഹിക്കുന്നത് അനുവദിക്കാനാകില്ലെന്ന് അശോക് ഗലോട്ടിനോട് സോണിയ ഗാന്ധി അസന്നിഗ്ധമായി അറിയിച്ചതായാണ് വിവരം.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞടുപ്പിനുള്ള വിജ്ഞാപനം പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഗേലോട്ട് സോണിയയെ കാണാൻ ദില്ലിയിൽ എത്തിയത്. രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ് പാർട്ടി അധ്യക്ഷനാകണമെന്നാണ് രാജസ്ഥാൻ പിസിസിയുടെ ആവശ്യം. ഇക്കാര്യം നേരിട്ട് അറിയിക്കാനാണ് രാജസ്ഥാൻ പി സി സി അധ്യക്ഷനും തനിക്കൊപ്പം വന്നതെന്നാണ് ഗേലോട്ട് വിശദീകരിക്കുന്നത്. പാർട്ടിയുടെ സേവകനാണ് താൻ. കോൺഗ്രസാണ് തനിക്ക് എല്ലാം തന്നത്. എന്നാഷ പാർട്ടിയുടെ തീരുമാനം എന്തായാലും അനുസരിക്കുമെന്നും അദ്ദേഹം വിശദീകരിക്കുന്നു.
അധ്യക്ഷനായാൽ ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനം ഒഴിയണം,രണ്ട് പദവികൾ വഹിക്കേണ്ടെന്നും ദ്വിഗ് വിജയ് സിങ്
ഹൈക്കമാൻഡ് പിന്തുണ ഗേലോട്ടിനുണ്ടെങ്കിലും ഇരട്ട പദവിയെന്ന കടുംപിടിത്തം അംഗീകരിക്കാനാകില്ലെന്നതിൽ ഉറച്ച് നിൽക്കുകയാണ് സോണിയ ഗാന്ധി. അധ്യക്ഷനായാൽ മുഖ്യമന്ത്രി പദം ഒഴിയണമെന്ന് നിര്‍ദ്ദേശിച്ച സോണിയ, അധ്യക്ഷ പദവിയെ ചെറുതായി കാണരുതെന്നും നിർദ്ദേശിച്ചു. ഇരട്ട പദവിയില്‍ ഗ്രൂപ്പ് 23 അടക്കം അതൃപ്തി അറിയിച്ചതോടെ അശോക് ഗലോട്ട് സോണിയയെ സന്ദര്‍ശിച്ച ശേഷം കേരളത്തിലെത്തി രാഹുല്‍ ഗാന്ധിയെയും കാണും.
സച്ചിന്‍ പൈലറ്റ് ഒരിക്കലും മുഖ്യമന്ത്രി സ്ഥാനത്ത് വരരുതെന്ന ഗൂഢോദ്ദേശ്യത്തോടെയുള്ള നീക്കത്തില്‍ കോണ്‍ഗ്രസിലാകെ അതൃപ്തിയുണ്ട്. ഗെലോട്ടിന്‍റെ നിലപാട് ഇരട്ടപദവിക്കെതിരെ നിലപാടെടുത്ത ഉദയ് പൂര്‍ ചിന്തന്‍ ശിബിരത്തിനെതിരാണെന്ന് ഗ്രൂപ്പ് 23 നേതാക്കള്‍ വാദിക്കുന്നു. പാര്‍ട്ടിക്ക് മുഴുവന്‍ സമയ അധ്യക്ഷനെയാണ് വേണ്ടതെന്നും നേതാക്കള്‍ പറയുന്നു. ഇതിനിടെ ഗാന്ധി കുടുംബത്തിനായി വീണ്ടും ഉയരുന്ന മുറവിളിയെ പിജെ കുര്യന്‍ തള്ളി. ആര്‍ക്ക് വേണ്ടി ക്യാമ്പയിന്‍ ചെയ്യുമെന്ന് 30 ന് ശേഷം പറയാമെന്നും ഗ്രൂപ്പ് 23നൊപ്പമുള്ള കുര്യന്‍ വ്യക്തമാക്കി.
സൂചന നല്‍കി മുന്‍മുഖ്യമന്ത്രി; കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ത്രികോണ മത്സര സാധ്യത
നാമനിര്‍ദ്ദേശ പത്രിക നല്‍കിയേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെ ദിഗ് വിജയ് സിംഗും സോണിയ ഗാന്ധിയെ കാണും. ഇരട്ടപദവിയിലുറച്ച് നില്‍ക്കുന്ന ഗലോട്ടിന്‍റെ നിലപാടിനെതിരാണ് ദിഗ് വിജയ് സിംഗ്. മുപ്പത് വരെയാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കാവുന്നത്. മത്സരമുണ്ടെങ്കില്‍ 17ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 19 നാണ്. സമവായമെന്നത് തന്‍റെ വിഷയമല്ലെന്നും, ഒന്നിലധികം പേര്‍ പത്രിക നല്‍കിയാല്‍ സുതാര്യമായി തെരഞ്ഞെടുപ്പ് നടക്കുമെന്നും വരാണാധികാരിയായ മധുസൂദനനന്‍ മിസ്ത്രി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam