
ദില്ലി: ഹത്രാസ് ബലാത്സംഗത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ഇന്ത്യയുടെ ഒരു മകൾ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. സംഭവത്തിന്‍റെ സത്യങ്ങൾ മറച്ച് വച്ചു. സംസ്കാരത്തിനുള്ള അവകാശം പോലും കുടുംബത്തിന് നൽകിയില്ലെന്നും അനീതിയാണ് കാട്ടിയതെന്നും രാഹുൽ വിമര്‍ശിച്ചു. മരിച്ച പെൺകുട്ടിയോടുള്ള മര്യാദ പോലും യുപി സർക്കാർ കാണിച്ചില്ലെന്ന് പ്രിയങ്ക ഗാന്ധിയും ആരോപിച്ചു. കുറ്റകൃത്യങ്ങൾ തടയാൻ കഴിയാത്തവർ കുറ്റവാളികളെ പോലെ പെരുമാറുന്നുവെന്ന് ആരോപിച്ച പ്രിയങ്ക ഗാന്ധി, യോഗി ആദിത്യനാഥ് രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.
ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. ഇരയായി മരിച്ച യുവതിയുടെ മൃതദേഹം സംസ്കരിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കവും തുടരുകയാണ്. പുലർച്ചെയോടെയാണ് സംസ്കാരം നടന്നത്. പൊലീസ് ബലം പ്രയോഗിച്ച് മൃതദേഹം സംസ്കാരത്തിനായി കൊണ്ട് പോകുകയായിരുന്നുവെന്ന് യുവതിയുടെ സഹോദരൻ ആരോപിച്ചു. എന്നാൽ കുടുംബത്തിന്റെ സമ്മതത്തോടെയാണ് സംസ്കാരം നടന്നതെന്നാണ് പൊലീസിന്റെ വിശദീകരണം.
ഇന്നലെ രാവിലെയോടെ ദില്ലിയിലെ സഫ്ദജംഗ് ആശുപത്രിയിൽ നിന്ന് കൊണ്ടുപോയ മൃതദേഹം കുടുംബത്തിന് കൈമാറിയിട്ടില്ലെന്ന് പെൺകുട്ടിയുടെ സഹോദരൻ ആരോപിച്ചിരുന്നു. തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്ന് സഹോദരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.
മൃതശരീരവുമായി ദില്ലി നഗരത്തിനുള്ളിൽ പ്രതിഷേധം നടത്താനുള്ള നീക്കം മുന്നിൽ കണ്ടാണ് ആശുപത്രിയിൽ വച്ച് കൈമാറാതെയിരുന്നതെന്നാണ് ദില്ലി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ നൽകുന്ന വിവരം. പെൺകുട്ടിയുടെ മരണത്തെ തുടർന്ന് ദില്ലിയടക്കം വിവിധ സ്ഥലങ്ങളിൽ യുപി സർക്കാരിനെതിരെ വലിയ പ്രതിഷേധമാണ് ഇന്നലെ നടന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam