രാഹുലും പ്രിയങ്കയുമടക്കമുള്ളവരെയെല്ലാം വിട്ടയച്ചു, വസ്ത്രം വലിച്ചുകീറിയെന്ന് പ്രിയങ്ക; 'നാളെമുതൽ പാർലമെന്‍റിലും പുറത്തും അതിശക്ത പ്രതിഷേധം'

Published : Jul 21, 2026, 10:18 PM IST
priyanka rahul

Synopsis

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു. ബലപ്രയോഗത്തിനിടെ പൊലീസ് തന്റെ വസ്ത്രം വലിച്ചുകീറിയെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു

ദില്ലി: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടന്ന പ്രക്ഷോഭത്തിൽ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള എല്ലാ എം പിമാരെയും വിട്ടയച്ചു. ഛത്രസാൽ പൊലീസ് സ്റ്റേഷനിൽ നിന്നാണ് രാഹുൽ ഗാന്ധിയെയും കെ സി വേണുഗോപാലിനെയും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെയും വിട്ടയച്ചത്. പ്രിയങ്ക ഗാന്ധിയെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ നിന്നുമാണ് പുറത്തുവിട്ടത്. നേതാക്കളെ കാണാൻ മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. രാത്രി ഒമ്പതരയോടെയാണ് നേതാക്കളെയെല്ലാം പൊലീസ് വിട്ടയച്ചത്. നേതാക്കളെ കൊണ്ടുവന്നതിന് പിന്നാലെ ഛത്രസാലിലും മന്ദിർ മാർഗിലും വലിയ തോതിൽ പ്രവർത്തകർ ഒഴുകിയെത്തിയിരുന്നു. വീണ്ടും സംഘർഷ സാധ്യതയിലേക്ക് നീങ്ങിയതോടെയാണ് നേതാക്കളെയെല്ലാം പൊലീസ് വിട്ടയക്കാൻ തീരുമാനിച്ചത്.

വസ്ത്രം വലിച്ചുകീറിയെന്ന് പ്രിയങ്ക

പൊലീസ് സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയ പ്രിയങ്ക ഗാന്ധി കേന്ദ്ര സർക്കാരിനും ദില്ലി പൊലീസിനുമെതിരെ ആഞ്ഞടിച്ചു. ബലപ്രയോഗത്തിനിടെ തന്റെ വസ്ത്രമടക്കം പൊലീസ് വലിച്ചുകീറിയെന്ന് പ്രിയങ്ക ആരോപിച്ചു. ശാന്തമായി പ്രതിഷേധിക്കുക എന്നത് ഭരണഘടനാപരമായ അവകാശമാണെന്നും, കേന്ദ്ര സർക്കാരും പൊലീസും ചേർന്ന് വിദ്യാർത്ഥികളുടെയും ജനപ്രതിനിധികളുടെയും ശബ്ദത്തെ ക്രൂരമായി അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. പാർലമെന്റിലും പുറത്തും നാളെ മുതൽ അതിശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

രാഹുലിന്‍റെ മുഖത്ത് പരിക്ക്

അതേസമയം കോൺഗ്രസ് പ്രക്ഷോഭത്തിൽ പൊലീസ് നടത്തിയ വൻ ബലപ്രയോഗത്തിനിടെ രാഹുൽ ഗാന്ധിയുടെ മുഖത്ത് പരിക്കേറ്റു. സി ജെ പി സമരത്തിനിടെ വിദ്യാർഥികളക്കമുള്ളവർക്കെതിരായ ലാത്തിചാർജ്ജിൽ നടപടി ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രിയുടെ വസതി ഉപരോധിച്ച് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും മിന്നൽ പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാൽ ദില്ലി പൊലീസ് കയ്യൂക്ക് കാട്ടി ഇവരെയെല്ലാം നീക്കം ചെയ്യുകയായിരുന്നു. അറസ്റ്റിനെ ചെറുത്ത് റോഡിൽ കിടന്ന് പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെ പൊലീസ് ഉദ്യോഗസ്ഥർ തൂക്കിയെടുത്തും തെരുവിലൂടെ വലിച്ചിഴച്ചുമാണ് അറസ്റ്റ് ചെയ്തത്. പ്രിയങ്ക ഗാന്ധി, എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ള മുതിർന്ന എം പിമാരെയും നേതാക്കളെയും സമാനമായ രീതിയിലാണ് പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കോൺഗ്രസിൻ്റെ സമരം അപകടകരമായ കീഴ്‌വഴക്കം, വലിയ സുരക്ഷാ ഭീഷണി': കേന്ദ്രസർക്കാർ വൃത്തങ്ങൾ
'കസ്റ്റഡിയിൽ ഉള്ളവരെ കാണാൻ അഭിഭാഷകരെ അനുവദിക്കുന്നില്ല'; ദില്ലി പൊലീസിനെതിരെ ആരോപണവുമായി സിജെപി