ഭാര്യക്കും മകനും പ്രതിമാസം 75000 രൂപ ജീവനാംശം നൽകണമെന്ന കുടുംബ കോടതി ഉത്തരവിനെതിരായ ഭർത്താവിൻ്റെ ഹർജി ദില്ലി ഹൈക്കോടതി തള്ളി. ഭർത്താവിൻ്റെ ഉയർന്ന വരുമാനം കണക്കിലെടുത്ത കോടതി, പിരിഞ്ഞു ജീവിക്കുമ്പോഴും ഭാര്യക്കും മകനും മുൻപുണ്ടായിരുന്ന അതേ ജീവിതനിലവാരം ഉറപ്പാക്കാൻ ഭർത്താവിന് ബാധ്യതയുണ്ടെന്ന് വ്യക്തമാക്കി.
ദില്ലി: ഭാര്യക്കും മകനും പ്രതിമാസം 75,000 രൂപ ജീവനാംശം നൽകണമെന്ന കുടുംബ കോടതി ഉത്തരവിനെതിരെ ഭർത്താവ് നൽകിയ ഹർജി ദില്ലി ഹൈക്കോടതി തള്ളി. ജീവനാംശമായി നിശ്ചയിച്ചത് ഉയർന്ന തുകയല്ലെന്ന് വ്യക്തമാക്കിയ കോടതി, ഭാര്യക്കും കുട്ടിക്കും മാന്യമായി ജീവിക്കാനുള്ള അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി.
തന്റെ സാമ്പത്തിക ശേഷിയേക്കാൾ ഉയർന്ന തുകയാണ് കുടുംബ കോടതി ജീവനാംശമായി വിധിച്ചതെന്നും ഇത് താങ്ങാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹൈക്കോടതിയുടെ പരിശോധനയിൽ ഭർത്താവ് 32-35 ലക്ഷം രൂപ വാർഷിക വരുമാനമുള്ളയാളാണെന്ന് കണ്ടെത്തി. 2019 ഏപ്രിൽ മാസത്തിലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. 2023 ലാണ് ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നത്. 2025 ജൂൺ പത്ത് മുതൽ ഭാര്യയും ഭർത്താവും പിരിഞ്ഞുതാമസിക്കുകയായിരുന്നു. ഒരുമിച്ച് താമസിച്ച കാലത്ത് തങ്ങളുടെ ജീവിതച്ചെലവ് പ്രതിമാസം ഒന്നര ലക്ഷം രൂപയായിരുന്നുവെന്ന് കോടതിയിൽ ഭാര്യ വ്യക്തമാക്കിയിരുന്നു. കണക്കുകൾ പരിശോധിച്ച കോടതി ഭർത്താവിന്റെ വരുമാനത്തിന് ആനുപാതികമായ തുക തന്നെയാണ് വിധിയിൽ ജീവനാംശമായി നൽകാൻ വിധിച്ചിരിക്കുന്നതെന്നും നിരീക്ഷിച്ചു.
ദാമ്പത്യ ബന്ധത്തിൽ തുടരുമ്പോൾ ഭാര്യയും മകനും അനുഭവിച്ചിരുന്ന അതേ ജീവിതനിലവാരം പിരിഞ്ഞു ജീവിക്കുമ്പോഴും ഉറപ്പാക്കാൻ ഭർത്താവിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിലവിലെ ജീവിതച്ചെലവുകളും കുട്ടിയുടെ വിദ്യാഭ്യാസ ആവശ്യങ്ങളും കണക്കിലെടുക്കുമ്പോൾ പ്രതിമാസം 75,000 രൂപ എന്നത് വർഷം 32 ലക്ഷം രൂപ ശമ്പളം കൈപ്പറ്റുന്ന വ്യക്തിക്ക് വലിയ തുകയല്ലെന്നും വിധിയിൽ വ്യക്തമാക്കുന്നു.


