സംവരണം ഇല്ലാതാക്കുക എന്നത് അവരുടെ ഡിഎന്‍എയിലുണ്ട്- ആര്‍എസ്എസിനെയും ബിജെപിയെയും വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

By Web TeamFirst Published Feb 10, 2020, 8:33 PM IST
Highlights

 മോദിയുടെയും മോഹന്‍ ഭാഗവതിന്‍റെയും സ്വപ്നം നടപ്പാക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നാണ് എനിക്ക് പിന്നാക്ക വിഭാഗക്കാരോട് പറയാനുള്ളതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ദില്ലി: സംവരണ വിരുദ്ധത ആര്‍എസ്എസിന്‍റെ പ്രത്യയശാസ്ത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവരണം ഇല്ലാതാക്കുക എന്നത് ബിജെപിയുടെ നയമാണ്. സംവരണ വിരുദ്ധത ആര്‍എസ്എസിന്‍റെയും ബിജെപിയുടെയും ഡിഎന്‍എയിലുണ്ട്. സംവരണം അവരെ അസ്വസ്ഥപ്പെടുത്തുന്നു. സംവരണം ഇല്ലാതാക്കാനുള്ള മോദിയുടെയും മോഹന്‍ ഭാഗവതിന്‍റെയും സ്വപ്നം നടപ്പാക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നാണ് എനിക്ക് പിന്നാക്ക വിഭാഗക്കാരോട് പറയാനുള്ളതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ജോലിക്കും ഉദ്യോഗക്കയറ്റത്തിനുമുള്ള സംവരണം മൗലികാവകാശമല്ലെന്നും സംസ്ഥാനങ്ങളുടെ ബാധ്യതയല്ലെന്നും സുപ്രീം കോടതി വിധി വന്നതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കിയത്. സുപ്രീം കോടതി വിധിക്കെതിരെ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച നടത്തണമെന്ന് കോണ്‍ഗ്രസ് രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഇടത് പാര്‍ട്ടികളുടെ പിന്തുണയോടെ ലോക്സഭയില്‍ കോണ്‍ഗ്രസ് അടിയന്തരപ്രമേയം അവതരിപ്പിച്ചു.  

സംവരണ തത്വം പാലിക്കാതെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നടപ്പാക്കിയ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് സർക്കാർ ജോലികൾക്കും സ്ഥാനകയറ്റത്തിനും സംവരണം മൗലിക അവകാശമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. സംവരണം നൽകണോ വേണ്ടയോ എന്ന് സർക്കാരാണ് തീരുമാനിക്കേണ്ടത്. അതിനായി നിർബന്ധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി . പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണം നൽകാതെ സർക്കാർ ഒഴിവുകൾ നികത്താൻ 2012 ൽ ഉത്തരാഖണ്ഡ് സർക്കാർ തീരുമാനിച്ചിരുന്നു . 

ആ തീരുമാനത്തിനെതിരെയുള്ള ഉത്തരാഖണ്ഡ് കോടതി  വിധി സുപ്രീംകോടതി റദ്ദാക്കി. ഉത്തരാഖണ്ഡ് സർക്കാരിന്‍റെ ഹർജിയിലാണ് തീരുമാനം.  ഭരണഘടനയുടെ 16 (4), 16 (4 എ) അനുഛേദങ്ങൾ പ്രകാരം സംവരണം നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം സർക്കാരിൽ നിക്ഷിപ്തമാണെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എൽ നാഗേശ്വർ റാവു, ഹേമന്ത് ഗുപ്ത എന്നിവരുടേതാണ് വിധി.
 

click me!