പുതിയ അധ്യക്ഷനെ തേടി കോണ്‍ഗ്രസ്; വര്‍ക്കിങ് കമ്മിറ്റി ഈ ആഴ്ച്ച

By Web TeamFirst Published May 28, 2019, 11:15 AM IST
Highlights

രാഹുല്‍ ഗാന്ധിയുടെ രാജി തീരുമാനത്തെ തുടര്‍ന്ന് അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ സോണിയ ഗാന്ധിയില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. 

ദില്ലി: രാഹുല്‍ ഗാന്ധി രാജി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യക്കില്‍ പുതിയ അധ്യക്ഷനെ തേടി കോണ്‍ഗ്രസ്. സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പുതിയ അധ്യക്ഷനുവേണ്ടിയുള്ള ചര്‍ച്ചകള്‍ക്കമായി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി ഈ ആഴ്ച ചേരുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥാനമൊഴിയാനുള്ള തന്‍റെ തീരുമാനത്തില്‍നിന്ന് രാഹുല്‍ ഗാന്ധി പിന്നോട്ട് പോയിട്ടില്ല. എങ്കിലും തീരുമാനം പുന:പരിശോധിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ഗാന്ധിയില്‍ ശ്രമം സമ്മര്‍ദം തുടരുകയാണ്.

സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്നും രാഹുല്‍ ഗാന്ധി നിര്‍ബന്ധം പിടിക്കുന്നുണ്ട്. ഗാന്ധി കുടുംബത്തില്‍നിന്നല്ലാതെ പാര്‍ട്ടിയെ നയിക്കാന്‍ പുതിയ ആള്‍ വരണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. അധ്യക്ഷ പദവി ഒഴിഞ്ഞാലും പാര്‍ട്ടിയുടെ മുന്‍നിരയില്‍ താന്‍ സജീവമായി ഉണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ രാജി തീരുമാനത്തെ തുടര്‍ന്ന് അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ സോണിയ ഗാന്ധിയില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. 

തെരഞ്ഞെടുപ്പ് തോല്‍വി വ്യക്തിപരമായി വലിയ ആഘാതമായാണ് രാഹുല്‍ ഗാന്ധി കാണുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പറഞ്ഞു. വ്യക്തിപരമായി ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിന് പകരം വിഷയത്തെ പാര്‍ട്ടി നേരിടുന്നതാണ് പ്രധാനം. തോല്‍വിയുടെ ഉത്തരവാദിത്തം ഒരാളില്‍ ചാര്‍ത്തുന്നത് രാഹുല്‍ ഗാന്ധിയോടും കോണ്‍ഗ്രസ് പാര്‍ട്ടിയോടും ചെയ്യുന്ന അനീതിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  
ശനിയാഴ്ച മുതല്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട യോഗങ്ങളില്‍നിന്ന് രാഹുല്‍ ഗാന്ധി വിട്ടുനില്‍ക്കുകയാണ്. തിങ്കളാഴ്ച കെസി വേണുഗോപാല്‍, അഹമ്മദ് പട്ടേല്‍ എന്നിവര്‍ രാഹുലിനെ കണ്ടിരുന്നു.

രാഹുല്‍ ഗാന്ധി രാജിയില്‍ ഉറച്ചുനില്‍ക്കുകയാണെന്ന വാര്‍ത്തകളെ ഇരുവരും തള്ളി. പഞ്ചാബ്, കേരളം, തമിഴ്നാട് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. 52 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്. കോണ്‍ഗ്രസിന്‍റെ അഭിമാനമായ അമേത്തിയില്‍ രാഹുല്‍ ഗാന്ധിയും പരാജയമറിഞ്ഞു.

click me!