
ബെംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് കർണാടക ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപി നടത്തുന്ന 'വിജയ സങ്കൽപ യാത്രയിൽ രാമനഗരയിൽ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് കട്ടീൽ രാഹുൽ ഗാന്ധിക്കെതിരെ സംസാരിച്ചത്. കൊവിഡ് വാക്‌സിനുകൾ എടുക്കരുതെന്ന് രാഹുൽ ഗാന്ധിയും സിദ്ധരാമയ്യയും പറഞ്ഞു.
വാക്സിനെടുത്തവർക്ക് കുട്ടികളുണ്ടാകില്ല എന്നാണ് അവർ പറഞ്ഞത്. എന്നാൽ രാത്രിയിൽ രാഹുൽ ഗാന്ധിയും സിദ്ധരാമയ്യയും രഹസ്യമായി വാക്‌സിനെടുത്തു. രാഹുൽ ഗാന്ധിക്ക് കുട്ടികളുണ്ടാകില്ലെന്ന് അറിയാവുന്നതിനാലാണ് വിവാഹം കഴിക്കാത്തതെന്ന് എംഎൽസിയായ മഞ്ജുനാഥ് അടുത്തിടെ പറഞ്ഞെന്നും കട്ടീൽ പറഞ്ഞു.
വാക്‌സിൻ എടുത്താൽ നികുട്ടികളുണ്ടാകില്ല എന്ന് പറഞ്ഞ് രാഹുലും സിദ്ധരാമയ്യയും ആളുകളെ നിരുത്സാഹപ്പെടുത്തിയെന്നും ആരോപിച്ചു. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 224 മണ്ഡലങ്ങളിലും ബിജെപി മാർച്ച് 1 മുതൽ യാത്ര ആരംഭിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായും ചിലയിടങ്ങളിൽ പങ്കെടുക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ സൗജന്യ വാക്‌സിനേഷൻ വിഷയമാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
നേരത്തെയും വിവാദ പരാമർശവുമായി നളിൻകുമാർ കട്ടീൽ രംഗത്തെത്തിയിരുന്നു. 18ാം നൂറ്റാണ്ടിലെ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന്റെ പിന്മുറക്കാരും ശ്രീരാമന്റെയും ഹനുമാന്റെയും ഭക്തരും തമ്മിലാണ് വരാൻ പോകുന്ന തെരഞ്ഞെടുപ്പെന്നായിരുന്നു നളിൻകുമാർ കട്ടീലിന്റെ പരാമർശം. രാമന്റെയും ഹനുമാന്റെയും മണ്ണിൽ ടിപ്പുവിനെ സ്നേഹിക്കുന്നവർ ജീവിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
രാമന്റെയും ഹനുമാന്റെയും ഭക്തരാണ്. ടിപ്പുവിന്റെ പിന്മുറക്കാരല്ല. ടിപ്പുവിന്റെ പിന്മുറക്കാരെ നമ്മൾ തിരിച്ചയക്കും. നിങ്ങൾ ഹനുമാനെ ആരാധിക്കുന്നവരാണോ അതോ ടിപ്പുവിനെ വാഴ്ത്തിപ്പാടുന്നവരാണോ. ടിപ്പുവിനെ സ്നേഹിക്കുന്നവർ ഹനുമാന്റെ മണ്ണിൽ ജീവിക്കരുത്. ശ്രീരാമ ഭജനുകൾ ആലപിക്കുന്നവരും ഹനുമാനെ ആരാധിക്കുവരുമാണ ഈ മണ്ണിൽ ജീവിക്കേണ്ടതെന്നുമായിരുന്നു കട്ടീലിന്റെ വിവാദ പരാമർശം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam