
ദില്ലി: കോൺഗ്രസ് മുൻ അധ്യക്ഷനും വയനാട് എം പിയുമായ രാഹുൽ ഗാന്ധി പാർലമെന്‍റിലെ ശൈത്യകാല സമ്മേളനത്തിൽ പങ്കെടുക്കില്ല. കോൺഗ്രസ് നേതൃത്വം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭാരത് ജോഡോ യാത്ര നടക്കുന്നതിനാലാണ് രാഹുൽ ഗാന്ധിക്ക് ശീതകാല സമ്മേളനത്തിൽ പങ്കെടുക്കാനാകാത്തതെന്ന് കോൺഗ്രസ് മാധ്യമ വിഭാഗം തലവൻ ജയ്റാം രമേശ് അറിയിച്ചത്. രാഹുൽ ഗാന്ധി മാത്രമല്ല കെ സി വേണുഗോപാലും ദിഗ്‌വിജയ സിംഗും പാർലമെന്‍റിലെ ശൈത്യകാല സമ്മേളനത്തിൽ പങ്കെടുത്തേക്കില്ലെന്നും ജയ്റാം രമേശ് വ്യക്തമാക്കി. 3 എംപിമാരും കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള പദയാത്രയിൽ തുടർച്ചയായി നടക്കുന്നുണ്ടെന്നും വരാനിരിക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയാത്തതിനെ കുറിച്ച് ലോക്സഭ സ്പീക്കറെയും ചെയർമാനെയും അറിയിക്കുമെന്നും രമേശ് അറിയിച്ചു. പാർലമെന്‍റ് ശീതകാല സമ്മേളനം ഡിസംബർ ഏഴിന് ആരംഭിച്ച് മാസാവസാനത്തോടെയാണ് അവസാനിക്കുക.
ഭാരത് ജോഡോ യാത്ര അത്രമേൽ പ്രധാനപ്പെട്ടതാണെന്നും, ഓരോ സംസ്ഥാനങ്ങളിലും ജനങ്ങളുടെ പ്രശ്നം കേട്ട് മുന്നോട്ട് പോകുകയാണെന്നും കോൺഗ്രസ് മാധ്യമ വിഭാഗം തലവൻ ചൂണ്ടികാട്ടി. അതുകൊണ്ടുതന്നെ യാത്ര ഉപേക്ഷിക്കാനാകില്ലെന്നും ജയറാം രമേശ് വ്യക്തമാക്കി. 3,570 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന യാത്ര അതിന്‍റെ പകുതിയോളം പൂർത്തിയാക്കിയെന്നും വിവിധ സംസ്ഥാനങ്ങളിലായി 28 ജില്ലകൾ സഞ്ചരിച്ചെന്നും അദ്ദേഹം വിശദീകരിച്ചു. രാഹുലും ഭാരത് ജോഡോ യാത്ര സംഘവും ഇപ്പോൾ മഹാരാഷ്ട്രയിലാണ്. നവംബർ 21 ഓടെ യാത്ര മധ്യപ്രദേശിൽ പ്രവേശിക്കും. മഹാരാഷ്ട്രയിൽ യാത്ര വലിയ വിജയമാണെന്നും ജയ്റാം രമേശ് അവകാശപ്പെട്ടു. മഹാരാഷ്ട്രയിലെ ഭാരത് ജോഡോ യാത്രയിൽ എൻ സി പി നേതാക്കളായ സുപ്രിയ സുലെ, ജയന്ത് പാട്ടീൽ, ശിവസേനയുടെ ആദിത്യ താക്കറെ എന്നിവർ പങ്കെടുത്തതും അദ്ദേഹം ചൂണ്ടികാട്ടി. മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സഖ്യം അചഞ്ചലമാണെന്ന രാഷ്ട്രീയ സന്ദേശമാണ് ഇത് ചൂണ്ടികാട്ടുന്നതെന്നും ജയ്റാം രമേശ് അഭിപ്രായപ്പെട്ടു.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ അങ്ങനയങ്ങ് പങ്കെടുക്കാനാകില്ല! പുതിയ തീരുമാനമെടുത്ത് കോൺഗ്രസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam