സേവാദൾ ജനറൽ സെക്രട്ടറി കൃഷ്ണകുമാർ പാണ്ഡെ കുഴഞ്ഞ് വീണ് മരിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് മഹാരാഷ്ട്ര പി സി സി അധ്യക്ഷൻ അശോക് ചവാൻ വ്യക്തമാക്കി

മുംബൈ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നവർക്ക് വൈദ്യ പരിശോധന നിർബന്ധമാക്കാൻ തീരുമാനം. പ്രായമായവർക്കും ശാരീരിക അവശതകൾ ഉള്ളവർക്കും ആണ് പ്രധാനമായും പരിശോധന നടത്തുക. ഇന്നലെ സേവാദൾ ജനറൽ സെക്രട്ടറി കൃഷ്ണകുമാർ പാണ്ഡെ കുഴഞ്ഞ് വീണ് മരിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് മഹാരാഷ്ട്ര പി സി സി അധ്യക്ഷൻ അശോക് ചവാൻ വ്യക്തമാക്കി. നേരത്തെയും പ്രവ‍ർത്തകർ കുഴഞ്ഞു വീണ സംഭവങ്ങൾ ഭാരത് ജോഡോ യാത്രയിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ആദ്യമായിട്ടാണ് മരണം സംഭവിച്ചത്.

ജോഡെ യാത്രയ്ക്കിടെ മുംബൈയിലായിരുന്നു സേവാദൾ ജനറൽ സെക്രട്ടറി കൃഷ്ണകുമാർ പാണ്ഡെ കുഴഞ്ഞുവീണത്. യാത്രയില്‍ പങ്കെടുക്കുകയായിരുന്ന കൃഷ്ണകുമാര്‍ പാണ്ഡെ മാര്‍ച്ചിനിടെ കുഴഞ്ഞ വീണ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുതിർന്ന നേതാക്കളായ ദിഗ്‌വിജയ് സിങ്ങിനും ജയറാം രമേശിനുമൊപ്പം കോൺ​ഗ്രസ് പതാകയുമായി നടക്കുന്നതിനിടെ ഇദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. നാഗ്പൂരില്‍ ആര്‍ എസ് എസിനെ നേരിട്ട പ്രധാന കോൺ​ഗ്രസ് നേതാവായിരുന്നു കൃഷ്ണകുമാർ പാണ്ഡെയെന്നും അദ്ദേഹത്തിന്റെ വിയോഗം ഏറെ ദുഃഖകരമാണെന്നും ജയറാം രമേശ് പറഞ്ഞു. കൃഷ്ണകുമാര്‍ പാണ്ഡെയുടെ മരണത്തില്‍ ജാഥാ ക്യാപ്റ്റൻ രാഹുല്‍ ഗാന്ധിയും അനുശോചിച്ചു. കൃഷ്ണകുമാർ പാണ്ഡെയയുടെ മരണം കോണ്‍ഗ്രസിനാകെ സങ്കടകരമാണെന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിൽ പ്രവേശിച്ചത്.

ഹിമാചൽ ഇഞ്ചോടിഞ്ച്, ബിജെപിക്ക് നേരിയ മുൻതൂക്കം, കോൺഗ്രസ് കുതിക്കും, ആപ്പ് ചലനമുണ്ടാക്കില്ല, എബിപി-സീ സർവെ ഫലം

അതിനിടെ കോൺ​ഗ്രസിന് ആശ്വാസമായി ഭാരത് ജോഡോ യാത്രയുടെയടക്കം ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ച സിവിൽ കോടതി ഉത്തരവ് കർണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. പകർപ്പവകാശ പരാതി ഉയർന്ന വീഡിയോകൾ പിൻവലിച്ചത് കണക്കിലെടുത്താണ് ഹൈക്കോടതി ഉത്തരവ്. രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോ‍ഡോ യാത്രയുടെ വീഡിയോ ദൃശ്യങ്ങൾക്കൊപ്പം കെ ജി എഫ് 2 സിനിമയിലെ ​ഗാനം അനുമതിയില്ലാതെ ഉപയോ​ഗിച്ചതിനെ തുടർന്നാണ് കോൺ​ഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കാന്‍ സിവിൽ കോടതി ഉത്തരവിട്ടത്. പകർപ്പ് അവകാശ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബം​ഗളൂരു സിറ്റി സിവിൽ കോടതിയുടെ ഉത്തരവ്. കോൺ​ഗ്രസിന്‍റെയും ഭാരത് ജോ‍ഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾ തത്ക്കാലത്തേക്ക് മരവിപ്പിക്കാനായിരുന്നു കോടതി നിർദ്ദേശം. ഇതാണ് കർണാടക ഹൈക്കോടതി റദ്ദാക്കിയത്.