കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ഏപ്രിലില്‍ തിരിച്ചെത്തും: റിപ്പോര്‍ട്ട്

By Web TeamFirst Published Feb 21, 2020, 2:21 PM IST
Highlights

കോണ്‍ഗ്രസ് പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് നേതാക്കളായ സന്ദീപ് ദീക്ഷിത്, ശശി തരൂര്‍ എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് അധ്യക്ഷനെ വര്‍ക്കിംഗ് കമ്മിറ്റി തീരുമാനിച്ചെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞത്.

ദില്ലി: കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷനായി രാഹുല്‍ ഗാന്ധി തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. ദേശീയമാധ്യമമായ ഫിനാന്‍ഷ്യല്‍ എക്സ്പ്രസാണ് രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവ് റിപ്പോര്‍ട്ട് ചെയ്തത്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. രാജ്യവ്യാപകമായി രാഹുല്‍ ഗാന്ധിക്കാണ് കോണ്‍ഗ്രസില്‍ സ്വീകാര്യതയെന്നും അദ്ദേഹത്തിനല്ലാതെ കോണ്‍ഗ്രസിനെ ഈ സാഹചര്യത്തില്‍ നയിക്കാന്‍ കഴിയില്ലെന്നുമാണ് വിലയിരുത്തല്‍. ഏപ്രിലില്‍ നടക്കുന്ന പ്ലീനറി യോഗത്തിന് ശേഷമായിരിക്കും രാഹുല്‍ ചുമതലയേല്‍ക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോണ്‍ഗ്രസ് പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് നേതാക്കളായ സന്ദീപ് ദീക്ഷിത്, ശശി തരൂര്‍ എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് അധ്യക്ഷനെ വര്‍ക്കിംഗ് കമ്മിറ്റി തീരുമാനിച്ചെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞത്. ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ പൊതുഅഭിപ്രായം പ്രകടനം നടത്തുന്നതിന് മുമ്പ് വര്‍ക്കിംഗ് കമ്മിറ്റിയുടെ പ്രമേയം വായിക്കണമെന്നും സുര്‍ജേവാല പറഞ്ഞു. ശശി തരൂരിനെയും സന്ദീപ് ദീക്ഷിതിനെയും ഉന്നംവെച്ചായിരുന്നു സുര്‍ജേവാലയുടെ പ്രസ്താവന.

എന്നാല്‍, രാഹുല്‍ഗാന്ധിയെ വീണ്ടും പ്രസിഡന്‍റായി തെരഞ്ഞെടുക്കുമെന്ന് ഔദ്യോഗികമായി കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടില്ല. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തിരിച്ചെത്തിയേക്കും എന്ന വാര്‍ത്ത കേരളത്തിൽ നിന്നുള്ള ദേശീയ നേതാക്കളും  നിഷേധിക്കുകയാണ്. 

ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷമാണ് രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി ഒഴിഞ്ഞത്. തോല്‍വിയുടെ ഉത്തരവാദിത്തമേറ്റെടുത്തായിരുന്നു രാഹുല്‍ ഗാന്ധി രാജിവെച്ചത്. രാഹുല്‍ ഗാന്ധിയെ തിരികെയെത്തിക്കാന്‍ സീനിയര്‍ നേതാക്കള്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. നെഹ്റു കുടുംബത്തില്‍ നിന്ന് പ്രസിഡന്‍റ് വേണ്ടെന്ന നിലപാടാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചത്.  നിലവില്‍ ഇടക്കാല പ്രസിഡന്‍റ് സോണിയാ ഗാന്ധിയാണ് പാര്‍ട്ടിയെ നയിക്കുന്നത്. നിലവില്‍ വയനാട് ലോക്സഭ എംപിയാണ് രാഹുല്‍ ഗാന്ധി.

 

click me!