
ദില്ലി: നിയന്ത്രണങ്ങൾ തുടരുന്ന ജമ്മുകശ്മീരിലേക്ക് കേന്ദ്ര മന്ത്രിമാരുടെ അടുത്ത സംഘത്തെ അയക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് നടപടി തുടങ്ങി. സംഘം ജമ്മുകശ്മീരിലെ പത്ത് ജില്ലകളിൽ രണ്ട് ദിവസം തങ്ങി മന്ത്രിമാര്‍ ജനങ്ങളുമായി ആശയവിനിമയം നടത്തും. രണ്ടാം സന്ദര്‍ശനത്തിൽ 40 മന്ത്രിമാര്‍ പത്ത് ജില്ലകളിലായി നൂറിലധികം പരിപാടികളിൽ പങ്കെടുക്കും. ഗ്രാമങ്ങളിൽ താമസിച്ച് ജനങ്ങളുമായി സംസാരിച്ച് ആത്മവിശ്വാസം നൽകുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഏപ്രിൽ 3ന് ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ മന്ത്രിമാര്‍ പുറപ്പെടും. കേന്ദ്ര പദ്ധതികൾ ജനങ്ങളിലേക്ക് എത്തുന്നുണ്ടോ എന്ന് വിലയിരുത്തുക കൂടിയാണ് ലക്ഷ്യം. കഴിഞ്ഞമാസം 16ന് 37 കേന്ദ്ര മന്ത്രിമാര്‍ 12 ജില്ലകളിലായി 100 പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നു. ജമ്മുകശ്മീരിന്‍റെ വികസനത്തിനായി 210 പദ്ധതികളും അന്ന് പ്രഖ്യാപിച്ചു. നാഷണൽ കോണ്‍ഫറൻസ്, പിഡിപി എന്നീ പാര്‍ടികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജമ്മുകശ്മീരിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു.
ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്ത് ഉൾപ്പടെയുള്ള നേതാക്കളുടെ കരുതൽ തടങ്കലിൽ തുടരുകയും ചെയ്യുന്നു. അതിനിടെയാണ് മന്ത്രിമാരുടെ രണ്ടാം സംഘം ജമ്മുകശ്മീരിലേക്കെത്തുന്നത്. വിദേശ നയതന്ത്ര പ്രതിനിധികൾ രണ്ട് ഘട്ടങ്ങളിലായി കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. ജമ്മുകശ്മീര്‍ വിഭജനത്തിന്‍റെ ഒന്നാം വാര്‍ഷികത്തിൽ മാറ്റങ്ങൾ വിവരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തിറക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam