
ദില്ലി: വയനാട്ടിൽ രാഹുലിന്റെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ കേരളത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം കടുപ്പിക്കുമ്പോൾ ദില്ലിയിൽ ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് വിഷയം ചർച്ച ചെയ്ത് യെച്ചൂരിയും രാഹുലും. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയുടെ നാമനിർദേശ പത്രികാ സമർപ്പണ ചടങ്ങാണ് നേതാക്കളെ ഒരുമിപ്പിച്ചത്. സംസാരത്തിനിടെ വയനാട്ടിൽ തന്റെ ഓഫീസിന് നേരെയുണ്ടായ ആക്രമണം രാഹുൽ യെച്ചൂരിയുടെ ശ്രദ്ധയിൽപ്പെടുത്തി. എന്തിനായിരുന്നു ഇങ്ങനെ ഒരു ആക്രമണമെന്ന് രാഹുൽ ചോദിച്ചു. ഉണ്ടാകാൻ പാടില്ലാത്തതായിരുന്നുവെന്നും സംഭവത്തിൽ നടപടി എടുത്തുവെന്നുമായിരുന്നു യെച്ചൂരിയുടെ മറുപടി. ഇക്കാര്യം താനറിഞ്ഞെന്ന് രാഹുലും പറഞ്ഞു. സംഭവത്തിൽ കേരളത്തിലെ നേതാക്കൾക്ക് അമർഷമുണ്ടെന്നും തനിക്ക് നിരവധി കോളുകൾ ലഭിച്ചതായും രാഹുൽ കൂട്ടിച്ചേർത്തു.
കേരളത്തിലെ സംഭവത്തിന്റെ പേരിൽ ദില്ലി എകെജി ഭവനിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത് എന്തിനായിരുന്നുവെന്ന് യെച്ചൂരി രാഹുലിനോട് ചോദിച്ചു. അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധം എന്തിനായിരുന്നു. മുഖ്യശത്രു ബിജെപിയാണെന്ന് കേരളത്തിലെ നേതാക്കളെ ഉപദേശിക്കണമെന്ന് യെച്ചൂരി രാഹുലിനോട് നിർദേശിച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പിലുൾപ്പെടെ ഇരു പാർട്ടികളും ഒരുമിച്ചാണ് വോട്ട് ചെയ്യുന്നത് എന്നതും യെച്ചൂരി ഓർമിപ്പിച്ചു. സൗഹൃദ സംഭാഷണം അര മണിക്കൂറോളം നീണ്ടു. ഓഫീസ് ആക്രമിച്ച വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് രാഹുൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
രാഹുൽഗാന്ധിയുടെ ഓഫിസ് ആക്രമണത്തിന് പിന്നാലെ സംസ്ഥാനത്ത് കലാപത്തിന് കോൺഗ്രസ് ശ്രമം-മുഖ്യമന്ത്രി
ഓഫീസ് ആക്രമണം ഉന്നയിച്ച് ഭരണപക്ഷത്തെ മുൾമുനയിലാക്കാൻ കോൺഗ്രസും പ്രതിരോധിക്കാൻ സിപിഎമ്മും സംസ്ഥാനത്ത് വാശിയോടെ പോരാടുമ്പോഴാണ് ഇരു പാർട്ടികളുടെയും നേതാക്കൾ സൗഹാർദ്ദപരമായി വിഷയം ചർച്ച ചെയ്തത് എന്നതും ശ്രദ്ധേയം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam