'സംഘ പരിവാറിനെ പേടിച്ച് കോൺഗ്രസ് മുട്ടിലിഴയുന്നു', ലീഗ് ശ്രദ്ധിച്ചാൽ കൊള്ളാമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Jun 27, 2022, 1:42 PM IST
Highlights

സംഘപരിവാർ ഭീഷണിക്ക് മുന്നിൽ മുട്ട് വിറച്ച് കോൺഗ്രസ് മൌനം പാലിക്കുകയാണ്. ബിജെപിയെ ഭയന്ന് കോൺഗ്രസ് മുട്ടിലിയഴുന്ന കാഴ്ച ഗൌരവമായി കാണണമെന്നും പിണറായി വിജയൻ

തിരുവനന്തപുരം: സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദിനെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് കസ്റ്റഡിയിലെടുത്ത സംഭവത്തിലെ കോൺഗ്രസിന്റെ പ്രതികരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് യാതൊരു വിധ പ്രതിഷേധവും നടത്തിയില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അപലപിക്കാൻ പോലും കോൺഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല.

സംഘപരിവാർ വിരുദ്ധരെ ഭീഷണിപ്പെടുത്താനുള്ള ശ്രമമായാണ് അറസ്റ്റിനെ കാണേണ്ടത്. എതിരെ ശബ്ദമുയർത്തിയാൽ ഇതൊക്കെയാകും ഫലം എന്ന ഭീഷണിയാണ് അവർ ഉയർത്തുന്നത്. എന്നാൽ ഈ ഭീഷണിക്ക് മുന്നിൽ മുട്ട് വിറച്ച് കോൺഗ്രസ് മൌനം പാലിക്കുകയാണ്. ബിജെപിയെ ഭയന്ന് കോൺഗ്രസ് മുട്ടിലിയഴുന്ന കാഴ്ച ഗൌരവമായി കാണണമെന്നും പിണറായി വിജയൻ പറഞ്ഞു. ഇടതുപക്ഷത്തെ വിമർശിക്കാൻ വരുമ്പോൾ കോൺഗ്രസുകാർ ഇത് കൂടി മനസ്സിൽ വെക്കണം. ലീഗിനെപ്പോലെ കോൺഗ്രസിനൊപ്പം നിൽക്കുന്നവർ ശ്രദ്ധിച്ചാൽ കൊള്ളാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

Read More: കസ്റ്റഡിയിൽ പരിക്കേറ്റെന്ന് ടീസ്റ്റ സെതൽവാദ് ; വൈദ്യ പരിശോധനക്ക് ശേഷം ചോദ്യം ചെയ്യാൻ തീവ്രവാദ വിരുദ്ധ സ്ക്വാഡ്

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ടീസ്തയുടെ എൻജിഒ അടിസ്ഥാനരഹിതമായ വിവരങ്ങൾ പൊലീസിന് നൽകിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിന് മണിക്കൂറുകൾക്ക് ശേഷമാണ് ടീസ്തയെയും ആർബി ശ്രീകുമാറിനെയും  തേടി ഗുജറാത്ത് എടിഎസ് എത്തിയത്.  

സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദിനെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് ജൂൺ 25നാണ് മുംബൈയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെ ടീസ്തയുടെ മുംബൈയിലെ വീട്ടിൽ എത്തിയ സംഘം അവരെ സാന്താക്രൂസ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം അഹമ്മാദാബാദിലേക്ക് കൊണ്ടുപോയതായും എഎൻഐ റിപ്പോർട്ട് ചെയ്തു. കേസിനെ കുറിച്ചുള്ള വിവരങ്ങൾ കൈമാറിയില്ലെന്നും വീട്ടിൽ അതിക്രമിച്ച് കയറി  പിടിച്ചുകൊണ്ടുപോകുകയായിരുന്നുവെന്നുമാണ് ടീസ്തയുടെ അഭിഭാഷകൻ പ്രതികരിച്ചത്. 

Read More: തീസ്ത സെതല്‍വാദിനെതിരായ കേസ്; അന്വേഷണ നേതൃത്വം മലയാളി ഉദ്യോഗസ്ഥന്

ടീസ്തയുടെ അറസ്റ്റിനെ അപലപിച്ച് സിപിഎം രംഗത്തെത്തിയിരുന്നു. മനുഷ്യാവകാശങ്ങൾക്ക് വേണ്ടി എക്കാലവും നിലകൊണ്ട വ്യക്തിയാണ് ടീസ്ത സെതൽവാദെന്നും കള്ളകേസ് പിൻവലിച്ച് ടീസ്ത യെ വിട്ടയക്കണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിൽ പ്രതികരിക്കാനില്ലെന്നായിരുന്നു അറസ്റ്റിനെ കുറിച്ചുള്ള കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വിയുടെ പ്രതികരണം. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയ്ക്ക് കോണ്‍ഗ്രസിന് ബന്ധമില്ലാത്ത കേസ് ആയതിനാൽ പ്രതികരിക്കാന്‍ സാധിക്കില്ലെന്നാണ് അഭിഷേക് സിംഗ്വി പറഞ്ഞത്. 

click me!