
ദില്ലി: പാര്‍ട്ടിയുടെ താല്‍പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ രാഹുല്‍ ഗാന്ധി സന്നദ്ധത അറിയിച്ചെന്ന് കോണ്‍ഗ്രസ്. സോണിയാ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളെ വിളിച്ചു ചേര്‍ത്ത് നടത്തിയ യോഗത്തിന് ശേഷമാണ് കോണ്‍ഗ്രസിന്റെ പ്രസ്താവന. ഇതോടെ രാഹുല്‍ ഗാന്ധി തന്നെ പാര്‍ട്ടിയുടെ അധ്യക്ഷനായി തിരിച്ചെത്തുമെന്ന അഭ്യൂഹം ശക്തമായി. ജനുവരി ഒന്നിന് സ്ഥിരം അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്.
പാര്‍ട്ടിയുടെ ആഗ്രഹമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി യോഗത്തില്‍ പറഞ്ഞതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ ബന്‍സാല്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, പാര്‍ട്ടിയുടെ തലപ്പത്തേക്ക് ഇല്ലെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാള്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നാണ് രാഹുല്‍ ഗാന്ധി നേരത്തെ നിര്‍ദേശിച്ചിരുന്നുത്.
എന്നാല്‍, ശക്തമായ നേതൃത്വം ഇല്ലെങ്കില്‍ ഇനിയും തിരിച്ചടി ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് ഉന്നതതല യോഗത്തിലെ പൊതു വിലയിരുത്തല്‍. കോണ്‍ഗ്രസിലെ ഒരു നേതാവും രാഹുല്‍ ഗാന്ധിക്കെതിരല്ലെന്നും രാഹുല്‍ കോണ്‍ഗ്രസിനെ നയിക്കണമെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നതെന്നും നേതാക്കള്‍ യോഗത്തിന് ശേഷം പ്രതികരിച്ചു.
കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വി, ബിഹാര്‍ തെരഞ്ഞെടുപ്പ്, തെലുങ്കാനയിലുണ്ടായ തോല്‍വി, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടക്കം ഉന്നതതല യോഗത്തില്‍ ചര്‍ച്ചയായെന്നാണ് വിവരം.ഇതോടൊപ്പം രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരം, പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഒഴിവാക്കിയത് തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായതായും സൂചനയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam