
ദില്ലി: രാജ്യത്തെ വൈദ്യുതി ക്ഷാമത്തില്‍ (Power shortage) കേന്ദ്ര സര്‍ക്കാരിനെ വിമർശിച്ച് കോൺഗ്രസ്. പ്രതിസന്ധി പരിഹരിക്കാൻ കഴിയാത്തതിൽ കേന്ദ്രം ആരെയാണ് പഴിചാരാൻ പോകുന്നതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. ഇതും നെഹ്റുവിൻ്റെ കുറ്റമാണോയെന്ന് രാഹുൽ ഗാന്ധി (Rahul Gandhi) ട്വിറ്ററില്‍ പരിഹസിച്ചു. കൽക്കരി, റെയിൽവേ, ഊർജ എന്നീ മന്ത്രാലയങ്ങളുടെ കഴിവില്ലായ്മയാണെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരവും വിമര്‍ശിച്ചു.
അതേസമയം, രാജ്യത്തെ കൽക്കരി പ്രതിസന്ധി ഊർജ്ജ മന്ത്രി ആർ കെ സിങ് വിലയിരുത്തി. ദില്ലി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഗുരുതര വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് മന്ത്രി സ്ഥിതി വിലയിരുത്തിയത്. ദില്ലി സർക്കാർ ആവശ്യപ്പെട്ടതിലും കൂടുതൽ കൽക്കരി വരും ദിവസങ്ങളിൽ നൽകുമെന്നും മന്ത്രി പറഞ്ഞു. താപവൈദ്യുത നിലയങ്ങളിൽ ആവശ്യത്തിന് കൽക്കരി ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഗുരുതര പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളിൽ ഇന്ന് കൂടുതൽ കൽക്കരികയെത്തും.
കൽക്കരി വാഗണുകളുടെ ഗതാഗതം സുഗമമാക്കുവാൻ 42 പാസഞ്ചർ ട്രെയിനുകൾ കൂടി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ഇതിനിടെ യുപി കൽക്കരിയുമായി പോയ കൽക്കരി വാഗൺ പാളം തെറ്റി. പതിനഞ്ച് വാഗണുകളിലായി 832 ടൺ കൽക്കരിയാണ് പാളം തെറ്റിയത്. പാളം തെറ്റിയ വാഗണുകളിൽ നിന്ന് കൽക്കരി നീക്കാൻ ശ്രമം തുടരുകയാണ്. അതിനിടെ, കൽക്കരി നീക്കത്തിന് കൂടൂതൽ വാഗണുകൾ സജ്ജമെന്ന് റെയിൽവേ അറിയിച്ചു. ഇന്ന് കൽക്കരി നീക്കത്തിന് 537 വാഗണുകൾ തയ്യാറാക്കും. ഇന്നലെ 1.7 മില്യൺ കൽക്കരി റെയിൽവേ വഴി വിവിധ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോയി. അടുത്ത പത്ത് ദിവസം ശരാശരി പ്രതിദിനം 1.5 മില്യൻ ടൺ കൽക്കരി നീക്കമുണ്ടാകും.
ഊർജ്ജ പ്രതിസന്ധി തുടരുന്നു
കൽക്കരി എത്തിച്ച് വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ ശ്രമം തുടുരുമ്പോളും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഊർജ്ജ പ്രതിസന്ധി തുടരുന്നു. കൽക്കരി നീക്കം സുഗമമാക്കാൻ 537 വാഗണുകൾ കൂടി റെയിൽവേ സജ്ജമാക്കി. പ്രതിസന്ധിയിൽ കേന്ദ്രത്തെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി.
സംസ്ഥാനങ്ങളിലെ വൈദ്യുതി പ്രതിസന്ധി കണക്ക് ഇങ്ങനെ
ജമ്മു കശ്മീർ
ആവശ്യമുള്ള വൈദ്യുതി- 6100 MW
നിലവിൽ ലഭിക്കുന്നത്- 5000MW
പഞ്ചാബ്
ആവശ്യമുള്ള വൈദ്യുതി-8500 MW
നിലവിൽ ലഭിക്കുന്നത്- 5680MW
ഹരിയാന
ആവശ്യമുള്ള വൈദ്യുതി-9047 MW
നിലവിൽ ലഭിക്കുന്നത്- 7596MW
രാജസ്ഥാൻ
ആവശ്യമുള്ള വൈദ്യുതി-13000MW
നിലവിൽ ലഭിക്കുന്നത്- 12000MW
ഉത്തർപ്രദേശ്
ആവശ്യമുള്ള വൈദ്യുതി-22000MW
നിലവിൽ ലഭിക്കുന്നത്- 19500MW
ബീഹാർ
ആവശ്യമുള്ള വൈദ്യുതി6100MW
നിലവിൽ ലഭിക്കുന്നത്- 5000MW
ജാർഖണ്ഡ്
ആവശ്യമുള്ള വൈദ്യുതി-2600MW
നിലവിൽ ലഭിക്കുന്നത്- 2300MW
മധ്യപ്രദേശ്
ആവശ്യമുള്ള വൈദ്യുതി-12181MW
നിലവിൽ ലഭിക്കുന്നത്- 11000MW
തുടരുന്ന കൽക്കരി ക്ഷാമം എട്ടിലധികം ഉത്തരേന്ത്യസംസ്ഥാനങ്ങളിൽ ലോഡ്ഷെട്ടിംഗ്, രണ്ടാഴ്ചയായി തുടരുന്ന പ്രതിസന്ധിയിൽ മാറ്റമില്ലാതെ രാജ്യം. ഊർജ്ജ നിലയങ്ങളിലേക്ക് കൽക്കരി കൂടുതൽ എത്തിച്ച് ഉൽപാദനം കൂട്ടാനുള്ള നടപടികൾ ഊർജ്ജിതമാക്കുകയാണ് കേന്ദ്രം. ഇന്നലെ മാത്രം 2.7 ജിഗാ വാട്ടാണ് രാജ്യത്തെ പ്രതിദിന ഉപഭോഗം. ഈ മാസം 215 ജിഗാ വാട്ട് വരെ ഉപഭോഗം എത്താമെന്നാണ് റിപ്പോർട്ട്. കൽക്കരി വാഗണുകളുടെ ഗതാഗതം വേഗത്തിലാക്കാൻ യാത്ര ട്രെയിനുകൾക്കുള്ള നിയന്ത്രണം ഈ മാസം 25 വരെ തുടരും. ഇന്നലെ 517 വാഗണുകൾ വഴി 1.7 മില്യൺ ടൺ കൽക്കരി വിവിധ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോയി. വാഗണുകളുടെ എണ്ണം 537യായി ഉയർത്തിയെന്ന് റെയിൽവേ വ്യക്തമാക്കി.
പത്ത് ദിവസത്തിനുള്ളിൽ പ്രതിദിനം ശരാശരി 1.5 മില്യൻ കൽക്കരി എത്തിക്കാനാണ് റെയിൽവേയുടെ ശ്രമം. പ്രതിദിനം 1.85 ലക്ഷം ടൺ കൽക്കരിനൽകുമെന്ന് സെൻട്രൽ കോൾഫീൾഡ് ലിമിറ്റഡ് വ്യക്തമാക്കി. ഇത് 2.20 ലക്ഷം ടണാക്കി ഉയർത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രതിസന്ധി ഇനിയും പൂർണ്ണമായി പരിഹരിക്കാനായിട്ടില്ല. രാജസ്ഥാനിൽ വ്യവസായിക മേഖലയിലേക്കുള്ള വൈദ്യുതി വിഹിതത്തിൽ നിയന്ത്രണം വരുത്തി. ഉത്തർപ്രദേശിൽ ഗ്രാമീണമേഖലയിൽ ഒന്പത് മണിക്കുറാണ് ലോഡ്ഷെട്ടിംഗ്. ഇതിനിടെ കൽക്കരി നീക്കത്തിന് യാത്ര ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് ഛത്തീസ്ഗഡ്. ഉത്തർപ്രദേശ്, ഒഢീഷ മധ്യപ്രദേശ്, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ യാത്രക്കാർക്ക് തിരിച്ചടിയായി.