
പട്ന: ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മത്സ്യത്തൊഴിലാളികൾക്കൊപ്പം മീൻ പിടിക്കാനിറങ്ങി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെഗുസരായ്‌യിലെ ഒരു കുളത്തിലാണ് രാഹുൽ അപ്രതീക്ഷിതമായി മീൻ പിടിത്തത്തിന് ഇറങ്ങിയത്. ഇന്ത്യാ സഖ്യത്തിലെ ഘടകകക്ഷിയായ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ നേതാവും മുന്‍ മന്ത്രിയുമായ മുകേഷ് സാഹ്നിക്കൊപ്പം പ്രചാരണ പരിപാടിക്കിടെയായിരുന്നു അപ്രതീക്ഷ സംഭവം. വണ്ടി നിർത്തി ചാടി ഇറങ്ങിയ രാഹുൽ മുകേഷ് സാഹ്നിക്കൊപ്പം ഒരു വഞ്ചിയില്‍ കുളത്തിന്റെ നടുവിലേക്ക് പോവുകയും, മീൻ പിടിക്കാനായി വല എറിയുകയുമായിരുന്നു.
രാഹുലിന്‍റെ മീൻ പിടിത്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പതിവ് വേഷമായ വെളുത്ത ടീഷര്‍ട്ടും കാര്‍ഗോ പാന്‍റ്സും ധരിച്ചായിരുന്നു രാഹുല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയത്. വാഹനത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്ത് പോകുന്നതിനിടെ കുളത്തിൽ മീൻ പിടിക്കുന്നവരെ കണ്ട് വാഹനം നിർത്തുകയായിരുന്നു. പിന്നാലെ സാഹ്നിക്കൊപ്പം വള്ളത്തിൽ മീൻ പിടിക്കാനായി ഇറങ്ങി. വലയെറിഞ്ഞ ശേഷം സാഹ്നിക്കൊപ്പം കുളത്തിലേക്ക് ചാടി. ഇതോടെ മത്സ്യത്തൊഴിലാളികളും കൂടെയുണ്ടായിരുന്നവരും രാഹുല്‍ ഗാന്ധി സിന്ദാബാദ് എന്ന മുദ്രാവാക്യം വിളികളുമായി അടുത്തെത്തി.
മത്സ്യത്തൊഴിലാളികൾക്കൊപ്പം ഏറെ നേരെ സമയം ചെലവിട്ട്, തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ അടക്കം ചർച്ച ചെയ്താണ് രാഹുൽ സംഭവസ്ഥലത്ത് നിന്നും മടങ്ങിയത്. വിഡിയോ ഇതിനോടകം കോൺഗ്രസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ വൈറലായിരിക്കുകയാണ്.