
ദില്ലി : വിദേശത്ത് വെച്ച് നടത്തിയ പരാമർശങ്ങളുടെ പേരിൽ ബിജെപി ഉയർത്തുന്ന ആരോപണങ്ങളോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് ജനാധിപത്യം ശക്തമാണെങ്കിൽ തന്നെ പാർലമെൻറിൽ സംസാരിക്കാൻ അനുവദിക്കണമെന്ന് രാഹുൽ ഗാന്ധി ഭരണപക്ഷത്തെ വെല്ലുവിളിച്ചു. ലണ്ടനിൽ നടത്തിയ പ്രസ്താവനയിൽ സഭയ്ക്കകത്ത് വിശദീകരണം നല്കാൻ തയ്യാറെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
നാല് കേന്ദ്രമന്ത്രിമാരാണ് തനിക്കെതിരെ ആരോപണമുന്നയിച്ചത്. വിഷയത്തിൽ പാർലമെന്റിൽ സംസാരിക്കാൻ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മന്ത്രിമാർക്ക് കിട്ടിയ അവസരം തനിക്കുമുണ്ടാകുമെന്നും കരുതുന്നതായും അദ്ദേഹം പറഞ്ഞു. വിശദീകരണം നൽകുകയെന്നത് തന്റെ അവകാശമാണ്. ഇനിയതല്ല താൻ നിശബ്ദനാക്കപ്പെടുമോയെന്നതും കണ്ടറിയേണ്ടി വരുമെന്നും രാഹുൽ ഗാന്ധി ദില്ലിയിൽ വിശദീകരിച്ചു.
അതേ സമയം, അദാനി വിഷയത്തിൽ ഇതുവരെയും മറുപടി നൽകാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനമാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. അദാനി വിഷയത്തിൽ മോദിക്ക് ഭയമാണെന്നും പ്രതിപക്ഷമുന്നയിച്ച ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാൻ മോദി തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രാഹുൽ ഗാന്ധി എംപി മാത്രമാണെന്നും സഭയിലെ മറ്റ് അംഗങ്ങൾക്ക് മുകളിലല്ലെന്നും കിരൺ റിജിജു മറുപടി നൽകി. രാഹുലിന് സ്വകാര്യ സ്വത്ത് പോലെ പാർലമെൻറിൽ പെരുമാറാൻ ആകില്ല. പാർലമെന്റിന് അകത്തും രാജ്യത്തിന് പുറത്തും രാഹുൽ നുണ പറഞ്ഞു. രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നും മന്ത്രി ആവർത്തിച്ചു.
അതേ സമയം, പാർലമെന്‍റ് സമ്മേളനത്തിന്‍റെ നാലാം ദിവസവും ഭരണപക്ഷ പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ തടസ്സപ്പെട്ടു. രാഹുലിന്‍റെ പരാമർശങ്ങള്‍ ഉയർത്തി ബിജെപിയും അദാനി വിഷയം ഉയര്‍ത്തി പ്രതിപക്ഷവും ലോക്സഭയിലും രാജ്യസഭയിലും ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് ഇരു സഭകളും രണ്ട് മണി വരെ നിര്‍ത്തിവെച്ചു. രാജ്യസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന്‍ ഉള്‍പ്പെടെയുള്ളവർ വാ മൂടിക്കെട്ടി പ്രതിഷേധിച്ചു. പാർലമെന്‍റ് ചേരുന്നതിന് മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളും പാർലമെന്‍റില്‍ യോഗം ചേർന്നിരുന്നു.
സഭ നടത്താൻ അനുവദിക്കണമെന്ന് ലോക്സഭ സ്പീക്കർ നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഭരണപക്ഷവും പ്രതിപക്ഷവും ബഹളം തുടർന്നതോടെ സഭ നിർത്തി വെക്കുകയായിരുന്നു. രാജ്യസഭയിലും സമാന സാഹചര്യം തുടർന്നതോടെ ഇരുസഭകളും രണ്ട് മണി വരെ നിർത്തിവച്ചു. എന്നാൽ ഇതിന് പിന്നാലെ പ്രതിപക്ഷ എംപിമാർ പാർലമെന്റിന് പുറത്ത് പ്രതിഷേധിച്ചു. പാർലമെന്റിന് പുറത്ത് മനുഷ്യ ചങ്ങല തീർത്താണ് പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചത്. അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിഷേധം. അദാനിയാണ് 'ഷോ' നടത്തുന്നതെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ആഞ്ഞടിച്ചു. പാർലമെൻറ് നടത്താൻ അനുവദിക്കാത്തത് ഭരണപക്ഷം എന്നും പവൻ ഖേര കുറ്റപ്പെടുത്തി. ഇന്ത്യയുടെ വിദേശ മന്ത്രി പറയുന്നു ചൈന വലിയ സാമ്പത്തിക ശക്തിയാണെന്ന്. ഇത് രാജ്യത്തെ അപമാനിക്കൽ അല്ലേയെന്നും പവൻ ഖേര ചേദിച്ചു.