
ദില്ലി : ശശി തരൂരിനെ പ്രവര്‍ത്തക സമിതിയിലുള്‍പ്പെടുത്തുന്നതില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് നിര്‍ണ്ണായകമാകും. മത്സരിക്കുന്നില്ലെന്ന് തരൂര്‍ വ്യക്തമാക്കിയെങ്കിലും പ്രവര്‍ത്തക സമിതിയിലെടുക്കണോയെന്നതില്‍ ആശയക്കുഴപ്പം തുടരുകയാണ്. രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പോരിന്‍റെ തുടര്‍ച്ചയെന്നോണം പ്രവര്‍ത്തക സമിതിയിലേക്ക് അശോക് ഗലോട്ടിനൊപ്പം സച്ചിന്‍ പൈലറ്റും അവകാശവാദമുന്നയിച്ചു.
മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കിയെങ്കിലും പ്രവര്‍ത്തക സമിതിയിലേക്ക് പരിഗണിക്കപ്പെടുമെന്ന നേരിയ പ്രതീക്ഷ ശശി തരൂരിനുണ്ട്. പാര്‍ട്ടി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. പ്രവര്‍ത്തക സമിതിയിലേക്ക് കൂടി മത്സരിച്ചാല്‍ പാര്‍ട്ടിയെ സ്ഥിരമായി വെല്ലുവിളിക്കുന്നുവെന്ന പ്രതിച്ഛായയുണ്ടാക്കുമെന്ന് കണ്ടാണ് തരൂര്‍ പിന്‍വാങ്ങിയത്. തെരഞ്ഞടുപ്പില്‍ എത്രപേര്‍ പിന്തുണക്കുമെന്നതിലും വ്യക്തതയില്ല. എന്നാല്‍ തരൂരിനെ പ്രവര്‍ത്തക സമിതിയിലുള്‍പ്പെടുത്തുന്നതിനോട് നേതൃത്വത്തില്‍ ഇനിയും ഏകാഭിപ്രായമില്ല.
തരൂര്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാണെന്ന അഭിപ്രായം സോണിയ ഗാന്ധിയും ഖര്‍ഗെയും മുന്‍പോട്ട് വച്ചെങ്കിലും രാഹുല്‍ ഗാന്ധി മനസ് തുറന്നിട്ടില്ല. കേരളത്തിലേതടക്കം തരൂരിന്‍റെ നീക്കങ്ങളില്‍ പ്രതികൂല റിപ്പോര്ട്ടാണ് നേതൃത്വത്തിന്‍റെ മുന്‍പിലുള്ളത്.സംസ്ഥാന ഘടകവും ശക്തമായി എതിര്‍ക്കുന്നു. നേരത്തെ ഗ്രൂപ്പ് 23 ന്‍റെ ഭാഗമായിരുന്ന തരൂര്‍ പ്രവര്‍ത്തക സമിതിയിലെ എതിര്‍ ശബ്ദമായി മാറാനുള്ള സാധ്യതയെ കുറിച്ച് രാഹുലിനോടടുപ്പമുള്ള ചില നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നേതൃത്വത്തിന്‍റെ നീക്കത്തില്‍ തരൂരിനും വ്യക്തതയില്ല. കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തണോയെന്ന് അധികാരപ്പെട്ടവർ തീരുമാനിക്കട്ടെയെന്ന നിലപാടാണ് ശശി തരൂരിന്. ഇത് സംബന്ധിച്ച് പാർട്ടിയിൽ രണ്ട് അഭിപ്രായമുണ്ടെന്നും ശശി തരൂർ പറഞ്ഞു. ഇക്കാര്യം നേതൃത്വവുമായി സംസാരിച്ചിട്ടില്ല. താൻ മൽസരത്തിനില്ലെന്നും തരൂർ വ്യക്തമാക്കി.
അതേ സമയം രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പോര് പ്രവര്‍ത്തക സമിതിയിലേക്കും നീങ്ങുകയാണ്. മുഖ്യമന്ത്രി പദവിക്കൊപ്പം പ്രവര്‍ത്തകസമിതിയില്‍ അശോക് ഗലോട്ട് സ്ഥിരാംഗത്വം പ്രതീക്ഷിക്കുന്നു. സംസ്ഥാനത്ത് തഴയപ്പെട്ട തന്നെ പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം സച്ചിന്‍ പൈലറ്റും മുന്‍പോട്ട് വച്ചിട്ടുണ്ട്. തരൂരിനെ അനുകൂലിക്കുന്ന വിഭാഗം സച്ചിന്‍ർ പൈലറ്റിന് വേണ്ടിയും രംഗത്തുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam