ജോഡോ യാത്ര എത്തും മുമ്പേ രാഹുലിന്റെ പോസ്റ്ററുകൾ കീറി; പിന്നിൽ ബിജെപിയെന്ന് കോൺ​ഗ്രസ്

By Web TeamFirst Published Sep 29, 2022, 7:06 PM IST
Highlights

നാല്പതിലധികം പോസ്റ്ററുകളാണ് കീറി‌യ നിലയിൽ കണ്ടെത്തിയത്. രാഹുലിന്റേതിന് പുറമേ മറ്റ് കോൺ​ഗ്രസ് നേതാക്കളുടെ ചിത്രങ്ങള‌ടങ്ങിയ പോസ്റ്ററുകളും വലിച്ചുകീറിയ നിലയിലാണ്. 

ബം​ഗളൂരു: രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര എത്തും മുമ്പേ കർണാടകയിൽ പരിപാടിയു‌ടെ പോസ്റ്ററുകൾ കീറിയ നിലയിൽ. ​ഗുണ്ടൽപേട്ട് പരിസരത്താണ് പോസ്റ്ററുകൾ വലിച്ചുകീറിയ നിലയിൽ കണ്ടത്. നാളെ‌യാണ് ഭാരത് ജോഡോ യാത്ര കർണാടകത്തിലെത്തുക. 

നാല്പതിലധികം പോസ്റ്ററുകളാണ് കീറി‌യ നിലയിൽ കണ്ടെത്തിയത്. രാഹുലിന്റേതിന് പുറമേ മറ്റ് കോൺ​ഗ്രസ് നേതാക്കളുടെ ചിത്രങ്ങള‌ടങ്ങിയ പോസ്റ്ററുകളും വലിച്ചുകീറിയ നിലയിലാണ്. ഇതിനു പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺ​ഗ്രസ് ആരോപിച്ചു. ​ഗുണ്ടൽ പേട്ടിൽ ഹൈവേ കടന്നുപോകുന്ന ഇടങ്ങളിലെ പോസ്റ്ററുകളാണ് കീറിയതായി കണ്ടെത്തിയത്. കർണാടകത്തിൽ ഭരണത്തിലുള്ളത് ബിജെപി ആയതുകൊണ്ടു തന്നെ ജോഡോ  യാത്ര കോൺ​ഗ്രസിന് നിർണായകമാണ്. 

അതേസമയം,  ഭാരത് ജോഡോ യാത്ര  കേരളത്തിലെ പര്യടനം പൂർത്തിയാക്കി തമിഴ്നാട്ടിൽ പ്രവേശിച്ചു. 19 ദിവസമായിരുന്നു കേരളത്തിലെ പര്യടനം. ഇന്ന് രാവിലെ 6.30 ന് നിലമ്പൂർ ചുങ്കത്തറയിൽ നിന്നും ആരംഭിച്ച യാത്ര വഴിക്കടവ് വഴിയാണ് ഗൂഡല്ലൂരിലേക്ക് പ്രവേശിച്ചത്. പാർട്ടി പുനരുജ്ജീവനം ലക്ഷ്യമിട്ടുള്ള യാത്ര തമിഴ്നാട്ടിൽ നിന്ന് എത്തിയപ്പോൾ പ്രതീക്ഷിച്ചതിലും വലിയ സ്വാധീനമുണ്ടാക്കാൻ സാധിച്ചു.  യാത്രയിലെ വൻ ജനപങ്കാളിത്തം പാർട്ടിയുടെ തിരിച്ചു വരവായി നേതൃത്വം വിശദീകരിക്കുന്നു. 

കന്യാകുമാരി മുതൽ കശ്മീർ വരെ പാർട്ടിയുടെ പ്രതീക്ഷയായ നേതാവ് നടക്കുമ്പോൾ രാജ്യമാകെ അതിന്റെ അലയൊലി ഉയർത്തനാണ് കോൺ​ഗ്രസ് ശ്രമിച്ചത്. ഈ മാസം ഏഴിന് വലിയ പ്രതീക്ഷകളോടെയാണ് കോൺ​ഗ്രസ് ജോഡോ യാത്രയ്ക്ക് തുടക്കം കുറിച്ചത്. പതിനൊന്നിന് യാത്ര കേരളത്തിൽ എത്തിയപ്പോൾ ആവേശം വാനോളമായി. പി ആർ വർക്ക്, കണ്ടെയ്നർ യാത്ര, പൊറോട്ട യാത്ര എന്നൊക്കെ എതിരാളികൾ ആക്ഷേപിച്ചപ്പോഴും യാത്രയിൽ വൻ ജനപങ്കാളിത്തമുണ്ടായിരുന്നു. കേരളത്തിൽ എത്തിയപ്പോൾ മുതൽ സിപിഎം പരിഹാസവും വിമര്‍ശനവും ഉയർത്തിയെങ്കിലും മുഖ്യ എതിരാളിയായി ബിജെപിയെ എടുത്ത് പറഞ്ഞായിരുന്നു രാഹുൽ മുന്നോട്ട് പോയത്. പാർട്ടിയെ ശക്തിപ്പെടുത്താൻ 483 കിലോമീറ്റര്‍ പിന്നിട്ട യാത്രാ സഹായിച്ചെന്നാണ് കോൺഗ്രസിന്റെ  വിലയിരുത്തൽ. 

Read Also: കോൺഗ്രസ് യാത്രയുടെ ജനപ്രീതിയിലും കല്ലുകടിയായി അധ്യക്ഷ തെരഞ്ഞെടുപ്പ്, രാഹുലിന്റെ ഭാരത് ജോഡോ യാത്ര തമിഴ്നാട്ടിൽ

click me!