
ഹൈദരാബാദ്: രഹസ്യ വിവരം ലഭിച്ച അടിസ്ഥാനത്തിൽ ഹൈദരാബാദിൽ ഡോക്ടറുടെ വാടകവീട്ടിൽ നടത്തിയ എക്സൈസ് മൂന്നുലക്ഷം രൂപ വിലമതിക്കുന്ന ആറ് തരം മയക്കുമരുന്നുകൾ കണ്ടെത്തി. മുഷിരാബാദിലുള്ള ഡോക്ടർ ജോൺ പോളിന്റെ വസതിയിൽ ആയിരുന്നു റെയ്ഡ്. ജോൺപോളിനെ തെലങ്കാന എക്സൈസ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൂട്ടാളികൾ എന്ന് സംശയിക്കുന്ന മൂന്നുപേർ ഒളിവിലാണ്.
സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ജോൺപോൾ, മയക്കുമരുന്ന് വാങ്ങിക്കാൻ പണം കണ്ടെത്തുന്നതിനാണ് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന ശൃംഖലയുടെ ഭാഗമായതെന്ന് എക്സൈസ് പറയുന്നു. സുഹൃത്തുക്കളായ പ്രമോദ്, സന്ദീപ്, ശരത് എന്നിവരുടെ സഹായത്തോടെയാണ് ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്.
ജോൺപോൾ താമസിച്ചിരുന്ന വാടക വീട് ഈ മയക്കുമരുന്ന് വിപണന സംഘത്തിന്റെ പ്രാഥമിക കേന്ദ്രമാണെന്ന് എക്സൈസ് അന്വേഷണത്തിൽ വ്യക്തമായി. ബംഗളൂരു, ദില്ലി എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് ഹൈദരാബാദിലെ ജോൺ പോളിന്റെ വീട്ടിൽ എത്തിച്ചിരുന്നത് പ്രമോദും സന്ദീപും ശരത്തും ചേർന്നാണ്. ഇവർക്ക് നേരിട്ട് പരിചയമുള്ള ആളുകൾക്കാണ് ഈ വീട്ടിൽ നിന്നും മയക്കുമരുന്ന് നൽകിയിരുന്നത്. ഇത്തരത്തിൽ വീട് ഉപയോഗിക്കുന്നതിന് പകരമായി ജോൺ പോളിന് മയക്കുമരുന്ന് സൗജന്യമായി ലഭിച്ചിരുന്നു എന്നും പോലീസിന് വ്യക്തമായിട്ടുണ്ട്.
ജോൺ പോളിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ മയക്കുമരുന്നുകളും അവയുടെ അളവുകളും എക്സൈസ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 26.95 ഗ്രാം ഒ ജി കുഷ് ആണ്. 15 എൽ എസ് ഡി സ്റ്റിക്കുകളും 6.2 ഗ്രാം എംഡിഎംഎയും 1.3 ഗ്രാം കൊക്കെയിനും 5.8 ഗ്രാം ഗമസ് എന്നിവയ്ക്ക് പുറമേ ഹാഷിഷ് ഷോയിലും ഇവിടെ നിന്നും ലഭിച്ചു. ഒളിവിൽ കഴിയുന്ന മൂന്നു പ്രതികളെയും ഉടൻ പിടികൂടും എന്നാണ് എക്സൈസ് വ്യക്തമാക്കുന്നത്.