
ദില്ലി: തണുപ്പുകാലത്ത് രാജ്യ തലസ്ഥാനം മുഴുവൻ വിഷപ്പുകയാണിപ്പോൾ ശ്വസിക്കുന്നത്. എന്നാൽ വർഷം മുഴുവൻ ശുദ്ധവായുവിന്റെ ആഡംബരം നിറഞ്ഞ ഒരു വീട് ദില്ലിയിലുണ്ട്. മുന്നൂറിന് മുകളിൽ വായു ഗുണനിലവാരം മോശമായ നഗരത്തിന് നടുവിലെ ഈ വീട്ടിൽ ശരാശരി വായു ഗുണനിലവാര സൂചിക (എ ക്യു ഐ) പതിനഞ്ചിൽ താഴെയാണ്. പഞ്ചാബിൽ നിന്ന് ദില്ലിയിലെത്തിയ പീറ്റർ സിംഗും നീനോ കൗറുമാണ് ഈ പച്ചയായ വീടിന്റെ ഉടമസ്ഥർ. 1989 ൽ നീനോ കൗറിന് ക്യാൻസർ സ്ഥിരീകരിച്ചതോടെയാണ് ഇവരുടെ ജീവിതം മാറിമറിഞ്ഞത്. ചികിത്സയുടെ ഭാഗമായി ജീവിതശൈലിയും മാറ്റി. മലിനീകരണത്തെ പടിക്ക് പുറത്ത് നിർത്തിയായിരുന്നു പിന്നീടുള്ള യാത്ര.
പുറത്തുനിന്നുള്ള വായുവിനെ അകത്ത് കടത്താതെ ഒരു കുമുളയ്ക്കുള്ളില്ലെന്നപോലെയാണ് ഇവരുടെ ജീവിതം. ഹോഡ്രോപോണിക്സ് കൃഷി രീതിയിലൂടെയാണ് ചെടികൾ നനയ്ക്കുന്നതെന്ന് നീനോ കൗർ വ്യക്തമാക്കി. മഴവെള്ള സംഭരണിയിലൂടെയാണ് വെള്ളം ഇതിനായി കണ്ടെത്തുന്നത്. വീട്ടിലെ വൈദ്യുതി പൂർണ്ണമായും സോളാറാണ്. മാലിന്യമില്ലെന്നും ഇവിടെയുള്ളതെന്തും വളമാണെന്നുമാണ് പീറ്റർ സിംഗ് പറയുന്നത്. സ്ഥലപരിമിതി എന്ന പതിവ് ന്യായീകരണം ഇവരെ തളർത്തിയില്ല. മുറ്റവും മേൽക്കൂരയും എന്തിന് ചുമര് വരെ തൈകൾക്ക് അടിത്തറയായി. പരീക്ഷിച്ച വിജയിച്ച ശീലങ്ങൾ തങ്ങളിൽ തന്നെ ഒതുക്കി നിർത്താതെ വരും തലമുറയ്ക്കായി പകർന്ന് നൽകുന്നുമുണ്ടിവർ.
അതേസമയം ദില്ലിയിൽ ഇന്നും വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിൽ തുടരുകയാണ്. രാജ്യ തലസ്ഥാനത്തെ ശരാശരി വായു ഗുണനിലവാര സൂചിക 300 ന് മുകളിൽ തന്നെയാണ്. 309 ആണ് ഇന്ന് രേഖപ്പെടുത്തിയ ശരാശരി എ ക്യു ഐ. മിക്കയിടത്തും എ ക്യു ഐ 300 ന് മുകളിലാണ്. അതേസമയം വായു മലിനികരണം കുറയ്ക്കാൻ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ് ദില്ലി സർക്കാർ. ദില്ലിക്ക് പുറത്ത് രജിസ്റ്റർ ചെയ്ത പഴയ ചരക്ക് വാഹനങ്ങൾക്ക് ദില്ലിയിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ബി എസ് 3 മുതൽ താഴേക്കുള്ള വാഹനങ്ങൾക്കാണ് വായുമലിനീകരണ മേൽനോട്ട സമിതി വിലക്ക് ഏർപ്പെടുത്തിയത്. ബി എസ് 6, സി എൻ ജി, എൽ എൻ ജി, ഇ വി ഒഴികെയുള്ള വാണിജ്യ ചരക്ക് വാഹനങ്ങൾക്ക് ദില്ലിയിലേക്ക് പ്രവേശനമില്ല. ബി എസ് 4 ചരക്ക് വാഹനങ്ങൾക്ക് അടുത്തവർഷം ഒക്ടോബർ 31 വരെ മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam