പുകവലിയും ഭിക്ഷാടനവും കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നിന്നൊഴിവാക്കാന്‍ റെയില്‍വേ ആലോചന

By Web TeamFirst Published Sep 7, 2020, 7:09 AM IST
Highlights

പിഴത്തുക വര്‍ധിപ്പിച്ച് മറ്റ് നടപടികള്‍ ഒഴിവാക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്.
 

ദില്ലി: പുകവലിയും ഭിക്ഷാടനവും കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നിന്നൊഴിവാക്കാന്‍ റെയില്‍വേ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇത് സംബന്ധിച്ച് ഇന്ത്യന്‍ റെയില്‍വേ സര്‍ക്കാറിന് മുന്നില്‍ നിര്‍ദേശം സമര്‍പ്പിച്ചു. നിലിവില്‍ പുകവലിക്കും ഭിക്ഷാടനത്തിനും പിഴയും ജയില്‍ ശിക്ഷയും അനുശാസിക്കുന്നുണ്ട്. പിഴത്തുക വര്‍ധിപ്പിച്ച് മറ്റ് നടപടികള്‍ ഒഴിവാക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്. ക്യാബിനറ്റ് സെക്രട്ടേറിയറ്റില്‍ നിന്നാണ് ഇത്തരമൊരു നിര്‍ദേശം വന്നതെന്നും ഉന്നത റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ മന്ത്രിമാരും വകുപ്പുകളും ഇതേ ആവശ്യത്തെ പിന്തുണച്ചിട്ടുണ്ട്. 

കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിലൂടെ പുകവലിയും ഭിക്ഷാടനവും റെയില്‍വേ നിയമപരമാക്കുന്നു എന്നര്‍ത്ഥമില്ല. ഇത്തരം പ്രവൃത്തികള്‍ തടയാന്‍ ആര്‍പിഎഫ് നിരീക്ഷണം ശക്തമാക്കും. റെയില്‍വേ സ്റ്റേഷനിലടക്കം പൊതു സ്ഥലങ്ങളിലെ പുകവലി മിക്ക സംസ്ഥാനങ്ങളും നിരോധിച്ചിട്ടുണ്ട്. റെയില്‍വേ നിയമം 144(2) പ്രകാരം ട്രെയിനിലോ സ്‌റ്റേഷനിലെ ഭിക്ഷാടനം നടത്തിയാല്‍ 2000 രൂപവരെ പിഴയും ഒരു വര്‍ഷം വരെ തടവുമാണ് പരമാവധി ശിക്ഷ. പുതിയ ഭേദഗതി പ്രകാരം ട്രെയിനിലെ സ്റ്റേഷനിലോ ഭിക്ഷാടനം നടത്താന്‍ അനുവദിക്കില്ല.

സെക്ഷന്‍ 167 പ്രകാരം പുകവലിക്കാരില്‍ നിന്ന് 100 രൂപ വരെ പിഴയീടാക്കം. പിഴത്തുകയില്‍ തീരുമാനമെടുക്കാനും കൂടുതല്‍ നടപടികള്‍ സ്വീകരിക്കാനും അധികൃതര്‍ക്ക് അവകാശമുണ്ട്. ഇതില്‍ മാറ്റം വരുത്തി പിഴത്തുക വര്‍ധിപ്പിക്കാനാണ് ആലോചന. പിഴത്തുക എത്രയാണെന്നതില്‍ തീരുമാനമായിട്ടില്ല. ജനങ്ങളില്‍ നിന്നുള്ള പ്രതികരണം തേടിയതിന് ശേഷം മാത്രമേ അന്തിമ നടപടിയെടുക്കൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

click me!