
ദില്ലി: ഇന്ത്യൻ റെയിൽവേയുടെ മൊത്തത്തിലുള്ള കൃത്യ സമയം പാലിക്കൽ 80 ശതമാനമായി വർധിച്ചുവെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇത് പല യൂറോപ്യൻ രാജ്യങ്ങളേക്കാളും മികച്ചതാണെന്നും റെയിൽവേ മന്ത്രി രാജ്യസഭയെ അറിയിച്ചു. ചോദ്യോത്തര വേളയിൽ ഉപചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. സമീപ വർഷങ്ങളിൽ നടപ്പാക്കിയ മെച്ചപ്പെടുത്തിയ മെയിന്‍റനൻസ് രീതികളും വ്യവസ്ഥാപിതമായ ഓപ്പറേഷനൽ നവീകരണങ്ങളും ഈ നേട്ടത്തിന് സഹായകമായി.
'റെയിൽവേയുടെ മൊത്തത്തിലുള്ള കൃത്യ സമയം പാലിക്കൽ 80 ശതമാനത്തിൽ എത്തിയിട്ടുണ്ട്, ഇത് ശ്രദ്ധേയമായ നേട്ടമാണ്. 70 റെയിൽവേ ഡിവിഷനുകളിൽ കൃത്യനിഷ്ഠ 90 ശതമാനത്തിലധികമാണ്. പല യൂറോപ്യൻ രാജ്യങ്ങളേക്കാളും കൃത്യനിഷ്ഠയിൽ ഇന്ത്യൻ റെയിൽവേ മുന്നിലാണ്' അദ്ദേഹം സഭയിൽ പറഞ്ഞു. ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങളുള്ള ബല്ലിയ സ്റ്റേഷനിൽ നിന്ന് 82 ട്രെയിൻ സർവീസുകൾ ഓടിക്കുന്നുണ്ടെന്നും മന്ത്രി മറ്റൊരു ഉപചോദ്യത്തിന് മറുപടിയായി അറിയിച്ചു.
കൂടാതെ, ഉത്തർപ്രദേശിലെ റെയിൽവേ പദ്ധതികൾക്കായുള്ള ബജറ്റ് പ്രധാനമന്ത്രി വർദ്ധിപ്പിച്ചത് ചരിത്രപരമായ ഒരു നടപടിയാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. 2014ന് മുമ്പ് വെറും 100 കോടി രൂപ മാത്രമായിരുന്നു നീക്കിവെച്ചിരുന്നത്. എന്നാൽ ഇന്ന് ഇത് പല മടങ്ങ് വർദ്ധിച്ചിരിക്കുന്നു. റെയിൽവേ അണ്ടർ ബ്രിഡ്ജുകളെക്കുറിച്ചും ഓവർ ബ്രിഡ്ജുകളെക്കുറിച്ചുമുള്ള മറ്റൊരു ചോദ്യത്തിന് മറുപടിയായി, സുരക്ഷ ഒരു പ്രധാന ഘടകമായതിനാൽ ഇത്തരം പാലങ്ങളുടെ നിർമ്മാണത്തിൽ ശ്രദ്ധ ചെലുത്തിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുതിർന്ന വനിതകൾക്കും വയോധികർക്കും ലോവർ ബർത്ത് മുൻഗണന നൽകാനുള്ള തീരുമാനം ഇന്ത്യൻ റെയില്‍വേ എടുത്തിട്ടുണ്ട്. ടിക്കറ്റെടുക്കുമ്പോൾ ഓപ്ഷൻ നൽകിയിട്ടില്ലെങ്കിലും മുതിർന്ന വനിതകൾക്കും വയോധികർക്കും ലോവർ ബർത്ത് നൽകാനാണ് തീരുമാനം. സ്ലീപ്പർ ക്ലാസിൽ ഏഴുവരെ ബർത്തുകളും, തേഡ് എസിയിൽ അഞ്ചുവരെ ബർത്തുകളും, സെക്കൻഡ് എസിയിൽ നാല് വരെ ബർത്തുകളും മുൻഗണനാക്രമത്തിൽ നൽകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയെ രേഖാമൂലം അറിയിച്ചു.