
ദില്ലി: പുതിയ ഐആർസിടിസി (IRCTC) വെബ്‌സൈറ്റ് ജൂലൈ 15-നകം പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ജയ്പൂരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിദ്യാർത്ഥികളുമായി നടത്തിയ ആശയവിനിമയത്തിനിടെയാണ് മന്ത്രി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. വിദ്യാർത്ഥികളുടെ പരാതിക്ക് പരിഹാരമായി മന്ത്രി തത്സമയം റെയിൽവേ ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് പുതിയ വെബ്‌സൈറ്റ് ഒരുക്കാൻ നിർദ്ദേശം നൽകുന്ന വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഒരു വിദ്യാർത്ഥി ഉന്നയിച്ച പരാതിയാണ് ഈ നീക്കത്തിന് കാരണമായത്. "സർ ദയവായി ഐആർസിടിസിയിലെ ക്യാപ്ച പ്രശ്നം പരിഹരിക്കണം" എന്ന് വിദ്യാർത്ഥി ആവശ്യപ്പെട്ട ഉടൻ തന്നെ മന്ത്രി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. വിദ്യാർത്ഥികൾ പുതിയ വെബ്‌സൈറ്റ് ആവശ്യപ്പെടുന്നുണ്ടെന്നും 30 ദിവസത്തിനകം ഇത് സജ്ജമാക്കാൻ സാധിക്കുമോയെന്നും മന്ത്രി ഉദ്യോഗസ്ഥനോട് ചോദിച്ചു. തുടർന്ന് ജൂലൈ 15-ഓടെ പുതിയ സൈറ്റ് വരുമെന്ന് മന്ത്രി ഉറപ്പുനൽകിയതോടെ കയ്യടിയോടെയാണ് വിദ്യാർത്ഥികൾ ഈ തീരുമാനത്തെ വരവേറ്റത്.
കൂടുതൽ ആളുകൾ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയങ്ങളിൽ, പ്രത്യേകിച്ച് തത്ക്കാൽ ടിക്കറ്റ് എടുക്കുമ്പോൾ ഐആർസിടിസി വെബ്‌സൈറ്റ് പ്രവർത്തനരഹിതമാകുന്നതും സാങ്കേതിക തകരാറുകൾ ഉണ്ടാകുന്നതും ദീർഘകാലമായി യാത്രക്കാർ ഉന്നയിക്കുന്ന പ്രധാന പരാതിയാണ്.തത്കാൽ ബുക്കിംഗ് സമയങ്ങളിൽ ഒടിപി ലഭിക്കാനുള്ള കാലതാമസം യാത്രക്കാരെ വലിയ രീതിയിൽ ബുദ്ധിമുട്ടിച്ചിരുന്നു. പുതിയ വെബ്‌സൈറ്റ് നിലവിൽ വരുന്നതോടെ ഈ പ്രശ്നങ്ങൾക്ക് വലിയൊരു പരിധിവരെ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2002-ൽ ഇന്ത്യൻ റെയിൽവേ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതിന് ശേഷം വലിയ മാറ്റങ്ങളാണ് ഈ രംഗത്തുണ്ടായത്. നിലവിൽ രാജ്യത്തെ ആകെ ട്രെയിൻ ടിക്കറ്റ് ബുക്കിംഗിന്റെ 88 ശതമാനവും റെയിൽവേ കൗണ്ടറുകൾക്ക് പകരം ഓൺലൈൻ വഴിയാണ് നടക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈ മുതൽ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചുള്ള വെരിഫിക്കേഷൻ നിർബന്ധമാക്കിയിരുന്നു. ഇതിന് പുറമെ ടിക്കറ്റ് ബുക്കിംഗിലെ ക്രമക്കേടുകൾ തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം മാത്രം 3.04 കോടി വ്യാജ/സംശയസ്പദമായ അക്കൗണ്ടുകൾ റദ്ദാക്കുകയും 2.94 കോടി അക്കൗണ്ടുകൾ താൽക്കാലികമായി സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ടിക്കറ്റ് ബുക്കിംഗിന് പുറമെ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കാൻ ഐആർസിടിസി വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തുകയാണ്. ഇതിനായി ബേസ് കിച്ചണുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത നിരീക്ഷണ സംവിധാനം നടപ്പിലാക്കും. രാജ്യത്തുടനീളമുള്ള റെയിൽവേയുടെ ഭക്ഷണശാലകളിൽ 24 മണിക്കൂറും കൃത്യമായ നിരീക്ഷണം ഉറപ്പാക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും. രാജ്യത്തെ 800-ലധികം ഐആർസിടിസി കിച്ചണുകളെ ബന്ധിപ്പിച്ച് 2,394 എഐ അധിഷ്ഠിത ക്യാമറകളാണ് ഇതിനായി സ്ഥാപിച്ചിട്ടുള്ളത്. ദില്ലിയിലെ സെൻട്രൽ വാർ റൂമിലിരുന്നാണ് ഈ ക്യാമറകൾ തത്സമയം നിരീക്ഷിക്കുന്നത്. ട്രെയിനുകളിൽ വിളമ്പുന്ന ഭക്ഷണത്തിന്റെ ശുചിത്വമില്ലായ്മയ്ക്ക് കാരണമായേക്കാവുന്ന ഒൻപത് തരത്തിലുള്ള അപാകതകൾ കണ്ടെത്താൻ ഈ എഐ സംവിധാനത്തിന് സാധിക്കും. പുതിയ ഡിജിറ്റൽ പരിഷ്കാരങ്ങളിലൂടെ യാത്രക്കാർക്ക് മികച്ച സേവനം നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യൻ റെയിൽവെ അറിയിച്ചു.
#WATCH | On students’ demand, Union Railway Minister announces new IRCTC website to be launched by 15th July pic.twitter.com/fjX6z6vyj1
— ANI (@ANI) June 11, 2026
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam