പ്രക്ഷോഭകർ ക്രിമിനലുകളും ബലാത്സംഗം ചെയ്യുന്നവരുമാണെന്നും അവർ അഴിഞ്ഞാടുകയാണെന്നും യൂട്യൂബ് വീഡിയോയിലൂടെ മോഹൻദാസ് അധിക്ഷേപിച്ചിരുന്നു

തിരുവനന്തപുരം: നീറ്റ് വിവാദത്തിൽ ഡൽഹി ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ പങ്കെടുത്ത ജെൻസി പ്രക്ഷോഭകരെ അധിക്ഷേപിച്ച ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസിനെതിരെ സുരേഷ് ഗോപി എംപിയുടെ മകനും നടനുമായ മാധവ് സുരേഷ്. മൃഗങ്ങൾക്ക് പോലും ഇതിലും നല്ല സംസ്കാരം കാണിക്കാനാവുമെന്നാണ് മാധവ് സുരേഷ് ഇൻസ്റ്റഗ്രാമിൽ വിശദമാക്കുന്നത്. ഇയാളുടെ മനോനില മാത്രം പരിഗണിച്ച് ജയിലിൽ ആക്കണമെന്നും മാധവ് സുരേഷ് ആവശ്യപ്പെട്ടിട്ടുണ്ട്. ടി ജി മോഹൻദാസിന്റെ പരാമർശത്തിനെതിരെ പരാതികൾ ഉയർന്നതോടെ ആർഎസ്എസ് ടിജി മോഹൻദാസിന്റെ നിലപാട് തള്ളിയിരുന്നു. ടി ജി മോഹൻദാസ് പറഞ്ഞത് സംഘടനയുടെ നിലപാട് അല്ലെന്നായിരുന്നു ആർഎസ്എസ് വ്യക്തമാക്കിയത്.

YouTube video player

ഡല്‍ഹിയില്‍ സമരം നടത്തിയ വിദ്യാര്‍ഥികളെ വെടിവച്ചു കൊല്ലണമായിരുന്നു എന്നാണ് ആര്‍ എസ് എസ് സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസ് പറഞ്ഞത്. ജന്തര്‍ മന്തറില്‍ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കണമായിരുന്നു. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാന്‍ മൂന്ന് തവണ ആവശ്യപ്പെട്ടശേഷം വെടിവെയ്ക്കണം. കുറേ പേര്‍ മരിക്കും, കുറേ പേര്‍ക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം നാല് മണിക്കൂര്‍ കൊണ്ട് രംഗം ശാന്തമാകുമായിരുന്നു. ശവങ്ങള്‍ പെറുക്കി ആശുപത്രിയില്‍ എത്തിക്കണമെന്നായിരുന്നു ടി ജി മോഹന്‍ദാസ് പറഞ്ഞത്. ഒരു യൂട്യൂബ് ചാനലിലൂടെയായിരുന്നു ടി ജി മോഹന്‍ദാസിന്റെ പരാമര്‍ശം. പ്രക്ഷോഭകർ ക്രിമിനലുകളും ബലാത്സംഗം ചെയ്യുന്നവരുമാണെന്നും അവർ അഴിഞ്ഞാടുകയാണെന്നും യൂട്യൂബ് വീഡിയോയിലൂടെ മോഹൻദാസ് അധിക്ഷേപിച്ചിരുന്നു. കൂട്ടബലാത്സംഗം നടന്നാൽ അത് ആസ്വദിക്കുന്നവരാണ് സമരക്കാരെന്നും ടി ജി മോഹൻദാസ് പ്രതികരിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം