ദില്ലിയിലെ കർഷക പ്രതിഷേധത്തിൽ ട്രെയിൻ യാത്ര മുടങ്ങിയവർക്ക് പണം തിരിച്ചുനൽകുമെന്ന് ഇന്ത്യൻ റെയിൽവെ

By Web TeamFirst Published Jan 26, 2021, 7:37 PM IST
Highlights

ടിക്കറ്റ് ബുക്ക് ചെയ്തിട്ടും ട്രാക്ടർ റാലി കാരണം സ്റ്റേഷനിലെത്താൻ കഴിയാത്തവർക്ക് മുഴുവൻ തുകയും തിരിച്ച് ലഭിക്കാൻ അപേക്ഷിക്കാമെന്നാണ് ഇന്ത്യൻ റെയിൽവെ അറിയിച്ചത്...

ദില്ലി: ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുകയും എന്നാൽ ദില്ലിയിലെ കർഷക പ്രതിഷേധം കാരണം യാത്ര മുടങ്ങുകയും ചെയ്തവർക്ക് ടിക്കറ്റ് തുക തിരിച്ചുനൽകുമെന്ന് ഇന്ത്യൻ റെയിൽവെ. ട്രാക്ടർ റാലി കാരണം സ്റ്റേഷനിലെത്താൻ കഴിയാത്തവർക്ക് മുഴുവൻ തുകയും തിരിച്ച് ലഭിക്കാൻ അപേക്ഷിക്കാമെന്നാണ് ഇന്ത്യൻ റെയിൽവെ അറിയിച്ചത്. ന്യൂ ദില്ലി, ഓൾഡ് ദില്ലി, നിസാമുദ്ദീൻ, അനന്ദ് വിഹാർ, സഫ്ദർജം​ഗ്, സറായ് റോഹില്ല, എന്നീ സ്റ്റേഷനുകൾക്കാണ് ഇത് ബാധകം. കാർഷിക നിയമങ്ങൾക്കെതിരെ 40 കർഷക സംഘടനകളാണ് ദില്ലിയിലും അതിർത്തി പ്രദേശങ്ങളിലുമായി പ്രതിഷേധം സംഘടിപ്പിക്കുന്നത്.

അതേസമയം കർഷക പ്രക്ഷോഭം ശക്തമായി നടക്കുന്നതിനിടെ രാജ്യ തലസ്ഥാനത്ത് പല ഭാഗത്തും ഇന്റർനെറ്റ് വിച്ഛേദിച്ചു. ചെങ്കോട്ടയിൽ വീണ്ടും കടന്നുകയറിയ കർഷകർ ഏറ്റവും ഉയരത്തിലുള്ള മന്ദിരത്തിൽ കർഷക സംഘടനകളുടെയും മറ്റും കൊടികൾ സ്ഥാപിച്ചു. ദില്ലിയിൽ ഇന്ന് ഉച്ച മുതൽ 12 മണിക്കൂർ നേരത്തേക്കാണ് ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുന്നത്. 

വൈകീട്ട് അഞ്ച് മണി വരെയാണ് കർഷകർക്ക് റാലി നടത്താൻ അനുവാദം നൽകിയിരിക്കുന്നത്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാവിലെ സിംഗു അതിർത്തിയിലും തിക്രി അതിർത്തിയിലും ബാരിക്കേഡ് തകർത്ത് സമരക്കാർ പ്രതിഷേധവുമായി മുന്നോട്ട് പോവുകയായിരുന്നു. ഗാസിപ്പൂരിലും പിന്നീട് സംഘർഷം ഉണ്ടായി. ബാരിക്കേഡ് നീക്കി കർഷകർ മുന്നോട്ട് നീങ്ങിയപ്പോൾ പൊലീസ് തടഞ്ഞതാണ് കാരണം.

സിംഗു അതിർത്തിയിൽ നിന്നും തിക്രിയിൽ നിന്നും എത്തിയവരാണ് ചെങ്കോട്ടയിലേക്ക് പോയത്. ഗാസിപ്പൂരിൽ നിന്ന് വന്നവർ ഐടിഒയിലേക്കാണ് പോയത്. നോയിഡ അതിർത്തി വഴി കടക്കാനുള്ള കർഷകരുടെ നീക്കത്തിനെതിരെ പൊലീസ് ലാത്തിവീശി. സമരത്തിൽ അക്രമം നടത്തിയത് സാമൂഹ്യവിരുദ്ധരാണെന്ന് കർഷക സംഘടനകൾ കുറ്റപ്പെടുത്തി. 

click me!