
ജയ്പൂർ: ക്ലിനിക്കിൽ പല്ലുവേദന കാണിക്കാനെത്തിയ ബിസിനസുകാരൻ പത്രം വായിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. രാജസ്ഥാനിലെ ബാർമറിലാണ് ദാരുണ സംഭവം. ശനിയാഴ്ച രാവിലെ 10 മണിയോടെ 61 കാരനായ ദിലീപ് കുമാർ മദനി പല്ലുവേദനയെ തുടർന്നാണ് ക്ലിനിക്കിൽ ചികിത്സയ്ക്കായി എത്തിയത്. ഡോക്ടറെ കാണാൻ ഊഴം കാത്ത് പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെടുകയും പിന്നാലെ കുഴഞ്ഞുവീഴുകയും ചെയ്തു.
സംഭവത്തിന്റെ ദൃശ്യങ്ങളിൽ ഇതെല്ലാം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഉടൻ ക്ലിനിക്കിലെ ജീവനക്കാർ ഓടിയെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ക്ലിനിക്കിലെ സിസിടിവിയിൽ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഗുജറാത്തിലെ സൂറത്തിൽ താമസിക്കുന്ന മഅ്ദനി വസ്ത്രവ്യാപാരിയാണ്. നവംബർ നാലിന് ഒരു പരിപാടിയിൽ പങ്കെടുക്കാനാണ് ബാർമറിൽ എത്തിയത്.
നവംബർ അഞ്ചിന് പല്ലുവേദന അനുഭവപ്പെട്ട അദ്ദേഹം പരിശോധനയ്ക്കായി ക്ലിനിക്കിലെത്തുകയായിരുന്നു. മഅ്ദനിയെ നഹത ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. ദിലീപിന്റെ കുടുംബവുമായി സംസാരിക്കാതെ കൂടതലൊന്നും എനിക്ക് പറയാൻ കഴിയില്ലെന്ന് ക്ലിനിക് ഉടമ ഡോ. കപിൽ ജെയിൻ അറിയിച്ചു. അദ്ദേഹത്തിന് നേരത്തെ തന്നെ ഹൃദ്രോഗം ഉണ്ടോ എന്ന കാര്യമടക്കം കുടുംബത്തിന് മാത്രമെ അറിയൂ എന്നും അദ്ദേഹം പറഞ്ഞു.
Read more:യുപിയിൽ പൊലീസും ജനക്കൂട്ടവും ഏറ്റുമുട്ടി, സ്ത്രീകളടക്കമുള്ളവർക്ക് പൊലീസിന്റെ ക്രൂരമർദ്ദനം- വീഡിയോ
ദിലീപിന് രണ്ട് ആൺമക്കളും ഒരു മകളുമുണ്ട്. ഇവരാണ് അദ്ദേഹത്തിന്റെ ബിസിനസ് നടത്തിക്കൊണ്ടുപോകുന്നത്. ബർമറിലെ പാച്ച്പദ്രയിൽ കുടുംബ വേരുകളുള്ള ഇദ്ദേഹം ഇടയ്ക്കിടെ ഇവിടം സന്ദർശിക്കാറുണ്ട്. രാവിലെ വരെ ആരോഗ്യ പ്രശ്നങ്ങളൊന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നും, ഹൃദയാഘാതമാകാം മരണ കാരണമെന്നും സഹോദരൻ പ്രതികരിച്ചു. ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടർന്ന്, അവരെല്ലാം ബർമറിലേക്ക് വരുന്നുണ്ടെന്നും, സംസ്കാരം ശനിയാഴ്ച നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.