ത്രിശങ്കുവിൽ സച്ചിൻ പൈലറ്റ്, നിയമസഭാ കക്ഷി യോഗം ബഹിഷ്കരിച്ചു, കാത്തിരുന്ന് ബിജെപി

By Web TeamFirst Published Jul 14, 2020, 11:58 AM IST
Highlights

തന്‍റെ ഒപ്പമുള്ള 17 എംഎൽഎമാരുടെ വീഡിയോ പുറത്തുവിട്ടിരുന്നു സച്ചിൻ പൈലറ്റ് പരോക്ഷമായി കോൺഗ്രസ് നേതൃത്വത്തോട് വില പേശിയത്. പ്രിയങ്കാ ഗാന്ധിയും ചിദംബരവും വിളിച്ചിട്ടും സച്ചിൻ പൈലറ്റ് വഴങ്ങിയുമില്ല. 

ജയ്‍പൂർ: രാജസ്ഥാനിൽ കോൺഗ്രസ് വിളിച്ച രണ്ടാം നിയമകക്ഷി യോഗവും ബഹിഷ്കരിച്ച് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. തന്‍റെയൊപ്പം ഉള്ള 17 എംഎൽഎമാരുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താണ് സച്ചിൻ പൈലറ്റ് പരോക്ഷമായി കോൺഗ്രസ് നേതൃത്വത്തോട് വിലപേശുന്നത്. മുഖ്യമന്ത്രിപദം ലഭിക്കുക എന്നതിൽ കുറഞ്ഞൊരു വിട്ടുവീഴ്ചയ്ക്ക് സച്ചിൻ പൈലറ്റ് തയ്യാറല്ലെന്നാണ് സൂചന. പ്രിയങ്കാ ഗാന്ധിയും ചിദംബരവും വിളിച്ചിട്ടും സച്ചിൻ പൈലറ്റ് വഴങ്ങിയുമില്ല. അതേസമയം, സച്ചിൻ പൈലറ്റിൽ നിന്ന് വ്യക്തമായ സൂചന ലഭിക്കാത്തതുകൊണ്ട് തന്നെ രാജസ്ഥാനിൽ ഉടൻ വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെടില്ലെന്ന് വ്യക്തമാക്കുകയാണ് ബിജെപി. 

അതേസമയം, നിയമസഭാകക്ഷിയോഗത്തിൽ പങ്കെടുക്കാതിരുന്ന എംഎൽഎമാർക്ക് വിപ്പ് നോട്ടീസ് നൽകാനിരിക്കുകയാണ് കോൺഗ്രസ് എന്നാണ് സൂചന. 

സച്ചിൻ പൈലറ്റുമായി ഒരു സമവായത്തിന് വേണ്ടിയാണ് രണ്ടാമതും കോൺഗ്രസ് നിയമസഭാകക്ഷിയോഗം വിളിച്ച് ചേർത്തത്. അർദ്ധരാത്രിയും കോൺഗ്രസ് ഉന്നതനേതൃത്വം സച്ചിൻ പൈലറ്റുമായി സംസാരിക്കുകയായിരുന്നു. പ്രശ്നങ്ങൾ പാർട്ടിയ്ക്കുള്ളിൽ പറഞ്ഞുതീർക്കാൻ വേണ്ടിയായിരുന്നു ഈ ചർച്ചകളെല്ലാം. ബിജെപിയുമായും സച്ചിൻ പൈലറ്റ് സജീവമായി സംസാരിക്കുന്നുവെന്ന റിപ്പോർട്ടുകളും ചില ദേശീയമാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. എന്നാൽ അത്തരത്തിലൊരു ഉറപ്പ് സച്ചിൻ പൈലറ്റിൽ നിന്ന് ബിജെപിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സൂചന. അതിനാലാണ് വിശ്വാസവോട്ടെടുപ്പ് ഇപ്പോഴാവശ്യപ്പെടുന്നില്ല എന്ന് ബിജെപി പറയുന്നതും. 

200 അംഗ രാജസ്ഥാൻ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് വേണ്ട എണ്ണം 101 ആണ്. അത് ഇപ്പോഴും അശോക് ഗെലോട്ടിന്‍റെ പക്കലുണ്ട് എന്നാണ് സൂചന. 102 എംഎൽഎമാർ അശോക് ഗെലോട്ടിന്‍റെ ഒപ്പമുണ്ടെന്നാണ് വിവരം. ഇന്ന് നടക്കുന്ന നിയമസഭാ കക്ഷിയോഗത്തിലേക്ക് കോൺഗ്രസിന്‍റെ സഖ്യകക്ഷികളടക്കം 122 എംഎൽഎമാരെയും മുഖ്യമന്ത്രി ക്ഷണിച്ചിട്ടുണ്ട്. ഇതിൽ 107 കോൺഗ്രസ് എംഎൽഎമാരുണ്ട്. മറ്റുള്ളവരെല്ലാം സഖ്യകക്ഷികളാണ്. 13 സ്വതന്ത്രരുടെയും അഞ്ച് ചെറുപാർട്ടി എംഎൽഎമാരുടെയും പിന്തുണയിലാണ് കോൺഗ്രസ് സർക്കാർ രാജസ്ഥാനിൽ നിലനിൽക്കുന്നത്. 

സച്ചിൻ പൈലറ്റിനൊപ്പം 17 പേരെങ്കിലും പോയി എന്നാണ് കരുതപ്പെടുന്നത്. ഇപ്പോൾ കോൺഗ്രസ് പക്ഷത്ത് 90 കോൺഗ്രസ് എംഎൽഎമാരും ഏഴ് സ്വതന്ത്രരും ചെറുപാർട്ടികളിൽ നിന്നുളള അഞ്ച് എംഎൽഎമാരും ഉണ്ട്. അങ്ങനെ അശോക് ഗെലോട്ടിന്‍റെ ഒപ്പം 102 എംഎൽഎമാരാണ് ഇപ്പോഴുള്ളത്. 

സച്ചിൻ പൈലറ്റിനൊപ്പം രണ്ട് മന്ത്രിമാരും ഉണ്ടെന്നത് സർക്കാരിനെ ക്ഷീണിപ്പിക്കുന്നുണ്ട്. ഇന്നലെ രാജസ്ഥാൻ ടൂറിസം മന്ത്രി വിശ്വേന്ദ്ര സിംഗ് ''കുടുംബം'' എന്ന തലക്കെട്ടോടെയാണ് സമൂഹമാധ്യമങ്ങളിൽ സച്ചിൻ പൈലറ്റിനൊപ്പമുള്ള എംഎൽഎമാരുടെ വീഡിയോ പങ്കുവച്ചത്. 

അതിനിടെ, ഭാരതീയ ട്രൈബൽ പാർട്ടിയെന്ന ചെറുപാർട്ടി സ്വന്തം രണ്ട് എംഎൽഎമാരെ ഭരണകക്ഷിയിൽ നിന്ന് പിൻവലിച്ചു. സച്ചിൻ പൈലറ്റിനോ അശോക് ഗെലോട്ടിനോ പിന്തുണ നൽകരുത് എന്നാണ് പാർട്ടി നേതൃത്വം എംഎൽഎമാർക്ക് നൽകിയിരിക്കുന്ന നിർദേശം. അവശ്യഘട്ടത്തിൽ പക്ഷേ ഈ എംഎൽഎമാരും ഗെലോട്ടിനൊപ്പം നിൽക്കുമെന്നാണ് സൂചന.

click me!