രാജസ്ഥാൻ: കേന്ദ്രമന്ത്രി രാജിവെക്കണമെന്ന് കോൺഗ്രസ്സ്, ടെലിഫോൺ ചോർത്തിയത് സിബിഐ അന്വേഷിച്ചേക്കും

By Web TeamFirst Published Jul 19, 2020, 2:45 PM IST
Highlights

രാജസ്ഥാനിൽ സമവായം ഉണ്ടായാലും സച്ചിൻ പൈലറ്റിനെ മന്ത്രിസഭയിൽ തിരിച്ചുകൊണ്ടുവരാനാവില്ലെന്ന് സൂചിപ്പിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നിട്ടുണ്ട്. നിയമസഭ വിളിച്ച് വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പ് കോൺഗ്രസ് തുടങ്ങി

ജയ്‌പൂർ: രാജസ്ഥാനിൽ സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. മന്ത്രി രാജിവയ്ക്കണമെന്ന് അജയ് മാക്കൻ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം മന്ത്രിയെ പുറത്താക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും ഗജേന്ദ്ര ശെഖാവത്തിന് മന്ത്രിയായി തുടരാൻ അർഹതയില്ലെന്നും അജയ് മാക്കൻ പറഞ്ഞു.

സംസ്ഥാന സർക്കാറിനെ അട്ടിമറിക്കാൻ കൈക്കൂലി നൽകാൻ ശ്രമിച്ചെന്ന് ആരോപിച്ച് ഗജേന്ദ്ര സിംഗ് ഷെഖാവത്തിനെതിരെ അഴിമതി വിരുദ്ധ നിയമപ്രകാരവും കേസെടുത്തു. അതേസമയം കേന്ദ്രമന്ത്രിയുടെ അടക്കം ടെലിഫോൺ ചോർത്തിയ വിഷയത്തിൽ സിബിഐ അന്വേഷണത്തിന് കേന്ദ്രം ഉത്തരവിട്ടേക്കുമെന്നാണ് വിവരം. 

രാജസ്ഥാനിൽ സമവായം ഉണ്ടായാലും സച്ചിൻ പൈലറ്റിനെ മന്ത്രിസഭയിൽ തിരിച്ചുകൊണ്ടുവരാനാവില്ലെന്ന് സൂചിപ്പിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നിട്ടുണ്ട്. നിയമസഭ വിളിച്ച് വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പ് കോൺഗ്രസ് തുടങ്ങി. വിമത എംഎൽഎമാര അറസ്റ്റ് ചെയ്യാൻ രാജസ്ഥാൻ പോലീസ് സ്‌പീക്കറുടെ അനുമതി തേടി.

അശോക് ഗലോട്ട് ഇന്നലെ ഗവർണർക്ക് കൈമാറിയത് 102 എംഎൽഎമാരുടെ പട്ടികയാണ്. നേരിയ ഭൂരിപക്ഷമേ ഉള്ളൂ എന്ന് ഇതിൽ നിന്ന് വ്യക്തമാകും.. ഈ പട്ടികയിൽ സഖ്യകക്ഷിയായ ബിടിപിയുടെ അംഗങ്ങളും സ്വതന്ത്രരുമുണ്ട്. സർക്കാരിന്റെ സ്ഥിരതയ്ക്ക് സച്ചിൻ പൈലറ്റിന്റെ ഒപ്പമുള്ളവരെ കൂടി തിരിച്ചെത്തിക്കണം. 19 പേർ സച്ചിനൊപ്പം ഉറച്ചു നില്ക്കുകയാണ്.

സച്ചിൻ നൽകിയ ഹർജിയിൽ നാളെ രാജസ്ഥാൻ കോടതി സ്വീകരിക്കുന്ന നിലപാടനുസരിച്ച് നിയമസഭ വിളിച്ചു ചേർക്കും. പ്രിയങ്ക ഗാന്ധി, സച്ചിൻ പൈലറ്റുമായി സംസാരിക്കുന്നുണ്ട്. മുഖ്യമന്ത്രിയാക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് സച്ചിൻ അറിയിച്ചതായാണ് വിവരം. ഉപമുഖ്യമന്ത്രിസ്ഥാനം പോലും വീണ്ടും നല്കാൻ കഴിയില്ലെന്ന് കോൺഗ്രസ് പറയുന്നു. അശോക് ഗലോട്ടും വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ്. സച്ചിനൊപ്പമുള്ള എംഎൽഎമാരെ അറസ്റ്റ് ചെയ്യാൻ രാജസ്ഥാൻ പോലീസ് സ്‌പീക്കറുടെ അനുമതി തേടി. 

click me!