രാജസ്ഥാൻ പ്രതിസന്ധി: പരസ്യ പ്രസ്താവനകൾക്ക് വിലക്കേർപ്പെടുത്തി, അനിഷ്ട സംഭവങ്ങൾ ആവർത്തിക്കരുതെന്നും എഐസിസി

By Web TeamFirst Published Nov 30, 2022, 12:23 AM IST
Highlights

മുഖ്യമന്ത്രി അശോക് ഗലോട്ട്, സച്ചിൻ പൈലറ്റ് എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി കെ.സി വേണുഗോപാൽ എ ഐ സി സി നിലപാട് വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തിൽ അനിഷ്ട സംഭവങ്ങൾ ആവർത്തിക്കരുതെന്നും നേതാക്കൾക്ക് നിർദ്ദേശം നൽകി. 

ദില്ലി: കോൺഗ്രസ് പൊട്ടിത്തെറിയിൽ രാജസ്ഥാനിൽ നേതാക്കൾ പരസ്യ പ്രസ്താവനകൾ നടത്തുന്നത്  വിലക്കി എ ഐ സി സി. മുഖ്യമന്ത്രി അശോക് ഗലോട്ട്, സച്ചിൻ പൈലറ്റ് എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി കെ.സി വേണുഗോപാൽ എ ഐ സി സി നിലപാട് വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തിൽ അനിഷ്ട സംഭവങ്ങൾ ആവർത്തിക്കരുതെന്നും നേതാക്കൾക്ക് നിർദ്ദേശം നൽകി. അടുത്ത 4 മുതൽ 21 വരെയാണ് ഭാരത് ജോഡോ യാത്രയുടെ രാജസ്ഥാൻ പര്യടനം. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ യാത്ര തടയുമെന്ന് ഗുർ ജർ വിഭാഗമടക്കം മുന്നറിയിപ്പ് നൽകിയിരുന്നു.

രാജസ്ഥാന്‍ പ്രതിസന്ധിയില്‍ വെടിനിര്‍ത്തലിനുള്ള എഐസിസിയുടെ നിര്‍ദ്ദേശം  മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും അം​ഗീകരിച്ചിരുന്നു. രാഹുല്‍ ഗാന്ധി പറഞ്ഞത് പോലെ താനും സച്ചിന്‍ പൈലറ്റും പാര്‍ട്ടിയുടെ സ്വത്താണെന്ന് അശോക് ഗെലോട്ട് പറഞ്ഞു. ഭാരത് ജോഡോ യാത്ര വിജയമാക്കുമെന്നും അടുത്ത തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് കോണ്‍ഗ്രസിന് അനുകൂല അന്തരീക്ഷമാണെന്നും ഗെലോട്ട് അവകാശപ്പെട്ടു. യാത്രയെ പ്രവര്‍ത്തകര്‍ ആവേശത്തോടെ വരവേല്‍ക്കുമെന്ന് സച്ചിന്‍ പൈലറ്റും വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ രാജസ്ഥാനിലെത്തിയ കെ സി വേണുഗാപാല്‍ ഗെലോട്ടും സച്ചിന്‍ പൈലറ്റുമായി സംസാരിച്ചു. യാത്ര കഴിഞ്ഞാല്‍ പ്രശ്ന പരിഹാരമുണ്ടാകുമെന്ന് ഹൈക്കമാന്‍ഡ് സന്ദേശം ഇരുവരെയും അറിയിച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് മാധ്യമങ്ങളെ കാണുകയായിരുന്നു. 

ഡിസംബര്‍ ആദ്യവാരം രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സംസ്ഥാനത്തെത്തും. രാജസ്ഥാന്‍ കോണ്‍ഗ്രസിലെ  പൊട്ടിത്തെറിയില്‍ നടപടിയുണ്ടായേക്കുമെന്ന്  എഐസിസി സൂചന നൽകിയിട്ടുണ്ട്. നേതാക്കളല്ല പാര്‍ട്ടിയാണ് വലുതെന്നും സച്ചിന്‍ പൈലറ്റിനെതിരായ അശോക് ഗലോട്ടിന്‍റെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്നും പാര്‍ട്ടി വക്താവ് ജയറാം രമേശ് വ്യക്തമാക്കിയിരുന്നു. സച്ചിന്‍ പൈലറ്റ് വഞ്ചകനാണെന്നും ബിജെപിയില്‍ നിന്ന് സച്ചിനെ അനുകൂലിക്കുന്നവര്‍ പത്ത് കോടി രൂപ കൈപ്പറ്റിയെന്നുമുള്ള അശോക് ഗെലോട്ടിന്‍റെ ആരോപണത്തില്‍ കടുത്ത അമര്‍ഷത്തിലാണ് എഐസിസി നേതൃനിരയിലുള്ളവര്‍. ബിജെപിയുടെ പണം പറ്റി ഇപ്പോഴും ചിലര്‍  കോണ്‍ഗ്രസില്‍ തുടരുന്നുവെന്ന ഗെലോട്ടിന്‍റെ ആക്ഷേപത്തിന്‍റെ മുന  ചെന്ന് കൊള്ളുന്നത് പാര്‍ട്ടിക്ക് നേരെ തന്നെയാണ്. ഗെലോട്ടിന്‍റെ ആക്ഷേപം ബിജെപി കൂടി ഏറ്റെടുത്തതോടെ രാജസ്ഥാനില്‍ തൊലിപ്പുറത്തുള്ള ചികിത്സ മാത്രം പോരെന്ന നിലപാടിലാണ് നേതൃത്വം. പാര്‍ട്ടിയാണ് വലുതെന്നും മുഖം നോക്കാതെ നടപടിയെടുക്കേണ്ടി വരുമെന്ന് കൂടി എഐ സിസി വക്താവ് ജയറാം രമേശ് ഒരു ഇംഗ്ലിഷ് മാധ്യമത്തോട് പറഞ്ഞത് ഇതിന്‍റെ സൂചനയായി കാണാം.

Read Also: ബിജെപിക്കെതിരെ നിശബ്ധ തരംഗം ആഞ്ഞടിക്കും; കോൺഗ്രസ് അധികാരത്തിലെത്തും: ജിഗ്നേഷ് മേവാനി

click me!