കൊവിഡിന് എച്ച്ഐവി മരുന്ന് നല്‍കിയത് പരീക്ഷാടിസ്ഥാനത്തിലെന്ന് വിശദീകരണം

By Web TeamFirst Published Mar 16, 2020, 9:56 AM IST
Highlights

ഇറ്റലിയിൽനിന്നു ടൂറിസ്റ്റുകളായെത്തിയ അറുപത്തിയൊൻപതുകാരനും ഭാര്യയ്ക്കും സവായ് മാൻ സിങ് ആശുപത്രിയിലാണ് എച്ച്ഐവി ബാധിതർക്കു നൽകാറുള്ള ലോപിനാവിർ, റിറ്റോനാവിർ മരുന്നുകൾ ചേർത്തുനൽകിയത്. 

ദില്ലി:  ഇറ്റാലിയൻ വയോധിക ദമ്പതികൾക്ക് കൊവിഡ് ബാധയുണ്ടായപ്പോള്‍ ജയ്പുരിൽ എച്ച്ഐവി ചികിത്സയ്ക്കുള്ള മരുന്ന് നൽകിയത്  പരീക്ഷണാടിസ്ഥാനത്തിലെന്ന് ആരോഗ്യ മന്ത്രാലയം. രോഗികളുടെ പൂർണസമ്മതം വാങ്ങിയിരുന്നു പരീക്ഷണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) വ്യക്തമാക്കി. 

ദമ്പതികളിൽ ഭാര്യ ഒരാഴ്ച കൊണ്ടു കോവിഡ് മുക്തയായി, ഭർത്താവും സുഖപ്പെട്ടുവരുന്നു. എങ്കിലും കൂടുതൽ വ്യാപകമായി പരീക്ഷിച്ചു തെളിയിക്കപ്പെടുന്നതുവരെ ഫലപ്രാപ്തി ഉറപ്പു നൽകാനാവില്ലെന്ന് ഐസിഎംആറിലെ പകർച്ചവ്യാധി ചികിത്സാവിഭാഗം മേധാവി ഡോ. രാമൻ ആർ. ഗംഗാഖേദ്കർ വ്യക്തമാക്കി.

ഇറ്റലിയിൽനിന്നു ടൂറിസ്റ്റുകളായെത്തിയ അറുപത്തിയൊൻപതുകാരനും ഭാര്യയ്ക്കും സവായ് മാൻ സിങ് ആശുപത്രിയിലാണ് എച്ച്ഐവി ബാധിതർക്കു നൽകാറുള്ള ലോപിനാവിർ, റിറ്റോനാവിർ മരുന്നുകൾ ചേർത്തുനൽകിയത്. ഇതിനു പുറമെ മലമ്പനി, എച്ച്1എൻ1 എന്നിവയ്ക്കുള്ള മരുന്നുകളും ആന്റിബയോട്ടിക്കും നൽകി. ശ്വാസംമുട്ടലോടെ അതീവഗുരുതര നിലയിലായിരുന്നു ഭർത്താവ്. ഭാര്യയും ശ്വാസകോശ രോഗിയാണ്. പാർശ്വ ഫലങ്ങളുണ്ടായിട്ടില്ല.

ഇന്ത്യൻ ഡോക്ടർമാർ എച്ച്ഐവി ചികിത്സയിൽ പരിചയസമ്പന്നരാണെന്നു ഡോ. ഗംഗാഖേദ്കർ പറഞ്ഞു. ചൈനയിൽ 199 രോഗികളിൽ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഫലം വന്നാൽ ഈ ചികിത്സാമാർഗത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനാവും. 2 മരുന്നുകളും ഇന്ത്യയിൽ ആവശ്യത്തിനു സ്റ്റോക്കുണ്ടെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു.

 സാർസ്, മെർസ് രോഗങ്ങൾ പടർന്നപ്പോൾ‌ മൃഗങ്ങളിലും ഏതാനും രോഗികളിലും ഇതു വിജയകരമായി പരീക്ഷിച്ചതാണെന്ന് ഐസിഎംആർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ഡയറക്ടർ ഡോ. മനോജ് മുർഹേക്കറും വ്യക്തമാക്കി.

click me!