
ദില്ലി: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്‍റെ മോചനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമർശിച്ച് സുപ്രീംകോടതി (Supreme Court). പേരറിവാളന് ജയിലിൽ നല്ല നടപ്പായിരുന്നു. എന്നിട്ടും പേരറിവാളനോട് (Perarivalan) വിവേചനം കാണിക്കുന്നുവെന്ന് സുപ്രീംകോടതി വിമർശിച്ചു. പേരറിവാളനെ മോചിപ്പിക്കണമെന്ന മന്ത്രിസഭ ശുപാർശ രാഷ്ട്രപതിക്ക് അയക്കാൻ ഗവർണർക്ക് അധികാരമുണ്ടോയെന്നത് പരിശോധനയ്ക്ക് വിധേയമാക്കേണ്ട വിഷയമാണെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. കൃത്യമായി വാദം പറയാൻ കേന്ദ്ര സർക്കാർ തയാറാകുന്നില്ല. കോടതി നേരിട്ട് മോചന ഉത്തരവിടാമെന്നും ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കേസ് ചൊവ്വാഴ്ച്ച വീണ്ടും വാദം കേൾക്കും.
രാജീവ് ഗാന്ധി വധക്കേസിൽ 31 വർഷമായി ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ് പേരറിവാളൻ. 1991ലാണ് പേരറിവാളൻ അറസ്റ്റിലായത്. 1991 ജൂൺ 11 ന് ചെന്നൈയിലെ പെരിയാർ തിടലിൽ വച്ച് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർമാർ പേരറിവാളനെ അറസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് 20 വയസ് തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുകയായിരുന്നു. ചെയ്ത കുറ്റം, രാജ്യത്തെ പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന ചെയ്തു എന്നതാണ്. അറസ്റ്റിലാകുന്ന സമയത്ത് ആ പത്തൊമ്പതുകാരന്‍ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ഡിപ്ലോമ പൂർത്തിയാക്കിയതേ ഉണ്ടായിരുന്നൊള്ളൂ. പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ തമിഴ്നാട്ടിലെ ശ്രീപെരുംമ്പത്തൂരില്‍ വച്ച് വധിക്കാന്‍ ഗൂഢാലോചന നടത്തിയ ശിവരാസന് സ്‌ഫോടക വസ്തുവായി 9 വോൾട്ട് ബാറ്ററി നൽകിയെന്നതായിരുന്നു പേരറിവാളന് മേല്‍ ചുമത്തിയ കുറ്റം. അറസ്റ്റിന് പുറകെ പലരും പേരറിവാളിന്‍റെ നിരപരാധിത്വത്തെ കുറിച്ച് വാദിച്ചെങ്കിലും, വധിക്കപ്പെട്ടത് രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാണെന്നതിനാല്‍ കേസ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
Also Read: ഒടുവില്‍, ആ അമ്മയുടെ കണ്ണീരിന് അറുതി
26 വർഷത്തെ ജയിൽ വാസത്തിന് ശേഷം 2017 ജനുവരി 24നാണ് പേരറിവാളന് ആദ്യമായി പരോൾ അനുവദിച്ചത്. പിന്നീട് എട്ട് തവണ പേരറിവാളന് പരോൾ അനുവദിച്ചിരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് പേരറിവാളന്‍ അവസാനമായി പരോളിൽ ഇറങ്ങിയത്. ജയിൽ മോചനത്തിനായി ഗവർണർക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണ് പേരറിവാളൻ ഇപ്പോള്‍. രാജീവ് ഗാന്ധി വധക്കേസിൽ മൂന്ന് പതിറ്റാണ്ടിലേറെയായി ജയിലിൽ കഴിയുന്ന മൂന്ന് പ്രതികളേയും വിട്ടയക്കണമെന്നാണ് തമിഴ്നാട് സർക്കാരിന്‍റെ നിലപാട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam