'പൗരത്വ നിയമം ഇന്ത്യയിലെ മുസ്ലീങ്ങളെ ബാധിക്കില്ല': നിയമ ഭേദഗതിയെ പിന്തുണച്ച് രജനീകാന്ത്

By Web TeamFirst Published Feb 5, 2020, 11:38 AM IST
Highlights

പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതം. വിദ്യാർത്ഥികൾ മതനേതാക്കളുടേയും രാഷ്ട്രീയക്കാരുടേയും ഉപകരണമാകരുതെന്ന് രജനീകാന്ത്

ചെന്നൈ: പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് നടന്‍ രജനീകാന്ത്. പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു രജനീകാന്തിന്‍റെ പ്രതികരണം."വിദ്യാർത്ഥികൾ മതനേതാക്കളുടേയും രാഷ്ട്രീയക്കാരുടേയും ഉപകരണമാകരുത്. ദേശീയ പൗരത്വ രജിസ്റ്റർ രാജ്യത്തിന് അത്യന്താപേക്ഷിതമാണ്". ഇന്ത്യയിലെ മുസ്ലീങ്ങളെ നിയമം ബാധിക്കില്ലെന്നും മുസ്ലിം സമൂഹത്തെ തെറ്റിധരിപ്പിക്കുകയാണെന്നുമായിരുന്നു രജനീകാന്തിന്‍റെ പ്രതികരണം. രജനീകാന്തിനെ ബിജെപിയിലേക്ക് ക്ഷണിച്ച് മുതിർന്ന നേതാക്കൾ രംഗത്തെത്തിയത് പിന്നാലെയാണ്  പൗരത്വ നിയമത്തിന് അനുകൂല പ്രതികരണം നടത്തുന്നത്. 

അതേസമയം കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന്  രജനീകാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകള്‍ ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചിരുന്നു. രജനീകാന്തിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ആദായ നികുതി വകുപ്പിന്‍റ നടപടി. 2002 മുതലുള്ള നികുതി വെട്ടിപ്പ് കേസുകളാണ് ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചത്. ഒരു കോടി രൂപയില്‍ താഴെയുള്ള  കേസുകളില്‍ നടപടി വേണ്ടെന്ന കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി.

2002ല്‍ 61.12 ലക്ഷം രൂപയും, 2003ല്‍ 1.75 കോടിയും, 2004ല്‍ 33.93 ലക്ഷം രൂപയുമാണ് വരുമാനമായി രജനീകാന്ത് കാണിച്ചിരുന്നത്. എന്നാല്‍ ഏഷ്യയില്‍ തന്നെ ഏറ്റവും താരമൂല്യമുള്ള രജനീകാന്തിന്‍റെ വരുമാനത്തിന്‍റെ പത്തിലൊന്ന് പോലും രേഖയിലില്ലെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. പോയസ് ഗാര്‍ഡനിലെ വസതിയില്‍ നടത്തിയ റെയ്ഡിന് പിന്നാലെ, 67 ലക്ഷം രൂപയിലധികം പിഴ ചുമത്തി. കേസ് സ്‍റ്റേ ചെയ്ത് ട്രിബ്യൂണല്‍ ഉത്തരവിട്ടെങ്കിലും ഇത് ചോദ്യം ചെയ്ത് ആദായ നികുതി വകുപ്പ് മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഈ അപ്പീല്‍ ആദായ നികുതി വകുപ്പ് പിന്‍വലിച്ചു. ഇതിന് പിന്നാലെ  2007ലും 2012ലും ചുമത്തിയ  നികുതി വെട്ടിപ്പ് കേസുകളിലെ നടപടികള്‍ കൂടി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

click me!